കോഴിക്കോട്
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി ‘ന്യൂജൻ ’ആണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദം. എന്നാൽ വ്യാജ കാർഡിൽ തുടങ്ങി ട്രോളിബാഗും കള്ളപ്പണവും വ്യാജ സ്‌പിരിറ്റുമെല്ലാമായി പുത്തൻ ക്രൈം വെബ് സീരിസിലെ നായകനെയാണ് സ്ഥാനാർഥിയുടെ പ്രകടനം ഓർമിപ്പിക്കുന്നത്. വോട്ടെടുപ്പ് അടുക്കുന്തോറും കൂടുതൽ ‘ഐറ്റ’ങ്ങൾ വരുമെന്നുറപ്പ്. തെരഞ്ഞെടുപ്പിൽ എതിരാളികളോട് കാട്ടേണ്ട മിനിമം മര്യാദപോലും ലംഘിക്കുന്ന ഈ പ്രചാരണത്തെക്കുറിച്ച് യുഡിഎഫ് നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടത്. ഇടതുപക്ഷത്തിന്റെ സമൂഹ മാധ്യമപേജ് കൈയേറി പ്രചാരണം നടത്തുന്നതിലൂടെ രാഹുലും കോൺഗ്രസും മുന്നോട്ടുവയ്‌ക്കുന്ന ‘ജനാധിപത്യശൈലി’ വോട്ടർമാർക്ക് തിരിച്ചറിയാം.
പ്രസിഡന്റാകാൻ വ്യാജകാർഡ്, പാലക്കാട്ട്
അതുക്കുംമേലെ
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ രാഹുൽ വന്നവഴി മറന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രകടനങ്ങളെല്ലാം. വ്യാജതിരിച്ചറിയൽ കാർഡ് സൃഷ്‌ടിച്ച് സംഘടനാ നേതൃത്വം പിടിച്ചെടുത്ത ചരിത്രമാണ് രാഹുലിനുള്ളത്. കൃത്രിമ കാർഡുണ്ടാക്കാൻ സഹായിയായി കേസിൽപ്പെട്ടയാളുടെ അകമ്പടിയിലാണ് പാലക്കാട്ടെ പ്രചാരണവും. ഒപ്പം ധീരജ് കൊലക്കേസിലെ പ്രതിയുമുണ്ട്.
അർധരാത്രിയിലെ ലൈവ് അഥവാ ‘കുടപിടിക്കൽ’
സ്ഥാനാർഥി കോഴിക്കോട്ടുപോയി അർധരാത്രി നടത്തിയ ലൈവ് ‘ചിലർ അർധരാത്രി കുടപിടിക്കുമെന്ന’ ചൊല്ല് ഓർമിപ്പിക്കുന്നതായി. 600 മീറ്റർ യാത്രചെയ്യാൻ മൂന്നു കാറിൽ കയറിയ സ്ഥാനാർഥിയുടെ വിശ്വാസ്യതയടക്കം തകർന്നിരിക്കുകയാണ്. എതിർസ്ഥാനാർഥി ഡോ. പി സരിനോട് മിണ്ടാൻ തയ്യാറാകാതെ മുഖംതിരിച്ച വെറുപ്പും പകയും കൈകൊടുക്കാൻ മടിച്ച വിദ്വേഷസ്വഭാവവും പാലക്കാട്ടെ വോട്ടർമാർ കണ്ടു.
പയറ്റുന്നത് ‘വടകര
തന്ത്രങ്ങൾ’
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ പയറ്റിയ തന്ത്രങ്ങളാണ് രാഹുലും സംഘവും പാലക്കാട്ടും ഇറക്കുന്നത്. അത് നെറികെട്ട പ്രചാരണമെന്ന് നീതിപീഠമടക്കം വിധിയെഴുതിയതാണ്. എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരായ അശ്ലീലപരാമർശത്തിന് കുറ്റ്യാടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മെബിൻ തോമസിനെ നാദാപുരം കോടതി ശിക്ഷിക്കയുംചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..