23 December Monday

ഗോപാലകൃഷ്‌ണനും പ്രശാന്തിനുമെതിരെ നടപടിക്ക്‌ ശുപാർശ , ചീഫ്‌ സെക്രട്ടറി മുഖ്യമന്ത്രിക്ക്‌ റിപ്പോർട്ട്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024


തിരുവനന്തപുരം
ചട്ടവിരുദ്ധപ്രവർത്തനം നടത്തിയ വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനും നടപടിക്ക്‌ ശുപാർശ. ഹിന്ദു ഐഎഎസ്‌ ഓഫീസർമാരുടെ വാട്ട്‌സാപ്‌ ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ്‌ ഗോപാലകൃഷ്‌ണൻ നേരിടുന്നത്‌. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ പ്രശാന്ത് വ്യക്തിപരമായ പരാമർശം നടത്തിയത്  കടുത്ത ചട്ടലംഘനമാണെന്നും ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയന്‌ നൽകിയ റിപ്പോർട്ടിലുണ്ട്‌. ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. തന്റെ വാട്ട്‌സാപ്‌ ഹാക്ക്‌ ചെയ്‌താണ്‌ ഹിന്ദു ഗ്രൂപ്പുണ്ടാക്കിയതെന്നാണ്‌ ഗോപാലകൃഷ്‌ണൻ നേരത്തെ വിശദീകരിച്ചത്‌. ഫോൺ ഹാക്ക്‌ ചെയ്‌തിട്ടില്ലെന്ന്‌ മെറ്റ കമ്പനി റിപ്പോർട്ട്‌ നൽകി. ഫോറൻസിക്‌ പരിശോധനയിലും ഇത്‌ കണ്ടെത്താനായിട്ടില്ല.

രാഷ്ട്രീയ താൽപര്യത്തോടെയുള്ള പരാമർശമാണ്‌ കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്‌ നടത്തുന്നത്‌. രമേശ്‌ ചെന്നിത്തലയുടെ മുൻ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നു പ്രശാന്ത്‌. പിന്നീട്‌ അധികാരത്തിലെത്തിയ എൽഡിഎഫ്‌ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പല ഇടപെടലും പ്രശാന്ത്‌ നടത്തി. അഡീഷണൽ ചീഫ്‌ സെക്രട്ടറിക്കെതിരെ പ്രശാന്ത്‌ ഇപ്പോൾ നടത്തുന്നത്‌ ഏകപക്ഷീയമായ പരസ്യ വിമർശനമാണ്‌. ഇതിനെ ഐഎഎസ്‌ തലപ്പത്തെ ചേരിപ്പോര്‌ എന്ന രീതിയിലാണ്‌ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്‌. ഇത്‌ പ്രതിപക്ഷ, മാധ്യമ ഗൂഡാലോചനയുടെ ഭാഗമാണെന്നും വിലയിരുത്തലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top