13 November Wednesday

യുവാവിനെ കെട്ടിയിട്ട് മർദിച്ചു; 4 പേർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024


പുനലൂർ
തെന്മലയിൽ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ മർദിച്ച കേസിൽ നാലുപേർ പിടിയിൽ. ഇടമൺ സുബിഭവനിൽ സുജിത്‌, മൊട്ട രാജീവ് എന്നറിയപ്പെടുന്ന പുല്ലുകാട്ടിൽ വീട്ടിൽ രാജീവ് രാജൻ, കനാൽ പുറമ്പോക്കു വീട്ടിൽ അരുൺ, കല്ലുപറമ്പിൽ വീട്ടിൽ സിബിൻ സിയ എന്നിവരെയാണ്‌ പൊലീസ്‌ പിടികൂടിയത്‌. മറ്റൊരു പ്രതി വലിയവിള വീട്ടിൽ വിജിൽ ഒളിവിലാണ്‌.

ഇടമൺ ആനൂരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഇടമൺ സ്വദേശിയായ നിഷാദിനെയാണ് സുഹൃത്തിന്റെ വീട്ടിൽനിന്നും വിളിച്ചിറക്കി നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ദൃശ്യങ്ങൾ പ്രതികൾ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. കമ്പിവടിയും വടിവാളും ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ സാരമായി പരിക്കേറ്റ നിഷാദിനെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് തെന്മല പൊലീസ് നിഷാദിന്റെ മൊഴിരേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. കൊലപാതക ശ്രമം, ഐടി നിയമം, സംഘടിത ആൾക്കൂട്ട ആക്രമണം തുടങ്ങിയ വകുപ്പുകൾ ചേർത്താണ്‌ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികൾക്കെതിരെ തെന്മല പൊലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലുമായി നിരവധി ക്രിമിനൽ കേസുകളുണ്ട്‌. കാപ്പാ ലിസ്റ്റിലും ഗുണ്ടാ ലിസ്റ്റിലും ഉൾപ്പെട്ട പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഒളിവിലുള്ള പ്രതിക്കായി പൊലീസ്‌ ആന്വേഷണം ഊർജിതമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top