പറവൂർ
ലോകത്തിലെ വിവിധ മേഖലകളിലെ യുവ പ്രഗല്‌ഭരെ കണ്ടെത്തുന്നതിനായി മോസ്കോയിൽ സംഘടിപ്പിച്ച ഇന്ത്യ -റഷ്യ ഇന്റർനാഷണൽ സിമ്പോസിയത്തിൽ ചുവർചിത്രകലയുടെ സാധ്യതകൾ വരച്ചുകാട്ടി പറവൂർ സ്വദേശി മാധവ് എസ് തുരുത്തിൽ. റഷ്യൻ സാംസ്‌കാരികവകുപ്പ് നവംബർ നാലുമുതൽ ആറുവരെ ‘ഇൻവന്റിങ് ദ ഫ്യൂച്ചർ' എന്ന പേരിൽ സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് മാധവ് പങ്കാളിയായത്. 110 രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ കാഴ്ചക്കാരായി 3000 പേരുമുണ്ടായി.
മുംബൈയിലെ ജെജെ സ്‌കൂൾ ഓഫ് ആർട്‌സിലെ എംഎഫ്എ വിദ്യാർഥിയാണ് മാധവ്. ഇന്ത്യയിൽനിന്ന് ചിത്രകാരന്മാരെ തെരഞ്ഞെടുത്തപ്പോൾ ഒന്നാംസ്ഥാനം നേടിയാണ് സിമ്പോസിയത്തിൽ പങ്കാളിയായത്. സംസ്‌കൃത സർവകലാശാലയിലെ ചുവർചിത്രകലാവിഭാഗം മേധാവി ഡോ. സാജു തുരുത്തിലിന്റെയും ഐസിഡിഎസ് സൂപ്പർവൈസർ ഡോ. സീനയുടെയും മകനാണ്.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽനിന്ന് കേരളീയ ചുവർചിത്രകലയിൽ ബിഎഫ്എ പൂർത്തിയാക്കിയശേഷമാണ് മുംബൈയിൽ എംഎഫ്എയ്‌ക്ക് ചേർന്നത്. കേരളത്തിലെ ചുവർചിത്രകലയ്ക്ക് വലിയ സ്വീകാര്യതയാണ് സിമ്പോസിയത്തിൽ ലഭിച്ചതെന്നും പ്രകൃതിവർണങ്ങൾ ഉപയോഗിച്ചുള്ള ചിത്രരചന കലാവിദ്യാർഥികളും ഗവേഷകരും കൗതുകപൂർവമാണ് കണ്ടതെന്നും മാധവ് പറഞ്ഞു. സിമ്പോസിയത്തിൽ പങ്കെടുത്ത ലോകത്തിലെ ഒമ്പത് യുവചിത്രകാരന്മാരുടെ രചനകൾ മോസ്കോയിൽ മൂന്നുമാസത്തോളം പ്രദർശിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..