ചങ്ങനാശേരി> റെയിൽവേ ബൈപാസിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫ്ലൈ ഓവർ നിർമാണം ഉടൻ ആരംഭിക്കണമെന്ന് സിപിഐ എം ചങ്ങനാശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വാടകക്കാരായ കച്ചവടക്കാർക്ക് വാടകയുടെ 18 ശതമാനം ജിഎസ്ടി ചുമത്തിയ കേന്ദ്ര ജിഎസ്ടി കൗൺസിലിന്റെ നടപടി പിൻവലിക്കണം. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ തുക കേരള ബാങ്ക് വഴി നൽകണം. ജൽജീവൻ മിഷന്റെ ഭാഗമായി പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ പുനർനിർമിക്കണം.
ജൽജീവൻ മിഷൻ കുറിച്ചി പഞ്ചായത്തിൽ നിർമിക്കാൻ നിശ്ചയിച്ച ഓവർ ഹെഡ് ടാങ്കിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചങ്ങനാശേരി –- കവിയൂർ റോഡിന്റെ നിർമാണം പൂർത്തീകരിക്കുക, ആലപ്പുഴയിൽനിന്ന് ചങ്ങനാശേരി മല്ലപ്പള്ളി വഴി ശബരിമലയെ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ നിർമിക്കുക, ചങ്ങനാശേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
കോടിയേരി ബാലകൃഷ്ണൻ നഗറിൽ(വലിയകുളം) നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനം പൊതുചർച്ചയോടെയാണ് ആരംഭിച്ചത്. ചർച്ചക്ക് സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവനും ജില്ലാ സെക്രട്ടറി എ വി റസലും മറുപടി പറഞ്ഞു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് ഏരിയ സെക്രട്ടറി കെ സി ജോസഫും മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്ണൻ, കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ കമ്മിറ്റിയംഗം ഡോ. പി കെ പത്മകുമാർ എന്നിവർ സംസാരിച്ചു. അഡ്വ. ജോസഫ് ഫിലിപ്പ് നന്ദി പറഞ്ഞു.
പൊതുസമ്മേളനം നാളെ
സിപിഐ എം ചങ്ങനാശേരി ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് ചുവപ്പ് സേനാ മാർച്ചും ബഹുജനറാലിയും ചൊവ്വാഴ്ച നടക്കും. വൈകിട്ട് 4.30ന് ചെത്തിപ്പുഴയിൽ ആരംഭിക്കുന്ന മാർച്ചും റാലിയും പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറിൽ(വലിയകുളം) എത്തിച്ചേരും. തുടർന്ന് ചേരുന്ന സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
കെ ഡി സുഗതൻ ചങ്ങനാശേരി ഏരിയ സെക്രട്ടറി
കെ ഡി സുഗതനെ സിപിഐ എം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഏരിയ കമ്മിറ്റിയംഗങ്ങൾ: പി എ നിസാർ, അഡ്വ. ജോസഫ് ഫിലിപ്പ്, വി കെ സുനിൽകുമാർ, എ എം തമ്പി, കെ ഡി മോഹനൻ, ടി പി അജികുമാർ, അഡ്വ. പി എ നസീർ, അനിത സാബു, സി സനൽകുമാർ, പി ആർ അനിൽകുമാർ, മണിയമ്മ രാജപ്പൻ, പി എ ബിൻസൺ, എം എൻ മുരളീധരൻ നായർ, സുജാത സുശീലൻ, ജയിംസ് വർഗീസ്, അഡ്വ. ജസ്റ്റിൻ ജോസഫ്, എം കെ ഉണ്ണികൃഷ്ണൻ, ബിജു തോമസ്, പ്രൊഫ. ടോമിച്ചൻ ജോസഫ്, എൻ രാജു. 30 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..