22 December Sunday

ദുരന്തബാധിതർക്ക്‌ പുഴുവരിച്ച ഭക്ഷ്യസാധനം ; വിജിലൻസ്‌ അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


കൽപ്പറ്റ
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ മേപ്പാടി പഞ്ചായത്ത്‌ പുഴുവരിച്ച അരി വിതരണംചെയ്‌ത സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ്‌ അന്വേഷണം തുടങ്ങി. വയനാട്‌ വിജിലൻസ്‌ ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം തിങ്കളാഴ്‌ച മേപ്പാടി പഞ്ചായത്ത്‌ ഓഫീസിലും ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിച്ച   ഇ എം എസ്‌ ഹാളിലും പരിശോധന നടത്തി. പഞ്ചായത്ത്‌, റവന്യു ഉദ്യോഗസ്ഥരിൽനിന്ന്‌ വിവരം ആരാഞ്ഞു.

കിറ്റ്‌ വിതരണത്തിൽ പഞ്ചായത്ത്‌ രണ്ടുമാസത്തെ കാലതാമസം വരുത്തിയതായാണ്‌ അന്വേഷകസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ബംഗളൂരു ആസ്ഥാനമായുള്ള സംഘടന സെപ്‌തംബർ രണ്ടിന്‌ നൽകിയ കിറ്റ്‌ കഴിഞ്ഞ നാല്‌, ആറ്‌ തീയതികളിലാണ്‌ വിതരണം ചെയ്‌തത്‌. ഇതിലെ ഭക്ഷ്യസാധനങ്ങൾ പുഴുവരിച്ച നിലയിലായിരുന്നു. കിറ്റിലെ സോയാബീൻ കഴിച്ച മൂന്നു കുട്ടികൾക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്‌. ഗോഡൗൺ പരിശോധിച്ചപ്പോൾ പഴകിയതുൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെത്തി. 

സർക്കാർ നൽകിയ 361 ചാക്ക്‌ അരി പൊട്ടിക്കാതെയുണ്ട്‌. 2025 ജൂൺവരെ ഇതിന്‌ ഉപയോഗ കാലാവധിയുണ്ട്‌. ബംഗളൂരു ആസ്ഥാനമായുള്ള സംഘടന 570 കിറ്റാണ്‌ നൽകിയത്‌. ഇതിൽ ബാക്കിവന്ന 66 കിറ്റ്‌ നാലിനും 153 എണ്ണം ഏഴിനും വിതരണംചെയ്‌തു. 56 എണ്ണം ബാക്കിയുണ്ട്‌. വോട്ടെടുപ്പിനുശേഷം പഞ്ചായത്ത്‌, റവന്യു ജീവനക്കാരുൾപ്പെടെയുള്ളവരുടെ മൊഴിയെടുത്ത്‌ വിശദമായ അന്വേഷണം നടത്തുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

യഥാസമയം കിറ്റ്‌ നൽകാനായില്ലെന്ന്‌ 
മേപ്പാടി പഞ്ചായത്ത്‌
ദുരന്തബാധിതർക്ക്‌ നൽകാനായി ലഭിച്ച ഭക്ഷ്യവസ്തുക്കൾ യഥാസമയം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെന്ന കുറ്റസമ്മതവുമായി മേപ്പാടി പഞ്ചായത്ത്‌ അധികൃതർ. ഓണത്തിനുമുമ്പ്‌ ലഭിച്ച കിറ്റുകളാണ്‌ കഴിഞ്ഞദിവസം വിതരണം ചെയ്തതെന്ന്‌ പഞ്ചായത്ത്‌ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തിന് വീഴ്ച പറ്റിയില്ലെന്ന പത്രക്കുറിപ്പുമായി ആരംഭിച്ച വാർത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങൾക്കൊടുവിലാണ് അധികൃതർക്ക്‌ സത്യം വെളിപ്പെടുത്തേണ്ടിവന്നത്‌. പഞ്ചായത്ത്‌ അംഗങ്ങൾക്ക് ഭക്ഷ്യസാധന വിതരണത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പഴകിയിട്ടുണ്ടോയെന്ന്‌ പരിശോധിച്ച ശേഷമല്ല കിറ്റ്‌ നൽകിയതെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബാബു ഉൾപ്പെടെയുള്ള യുഡിഎഫ്‌ ഭരണസമിതി അംഗങ്ങൾ പറഞ്ഞു. കിറ്റ്‌ വിതരണത്തിൽ പഞ്ചായത്തിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്നാണ്‌ ടി സിദ്ദിഖ്‌ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞിരുന്നത്‌.

കിറ്റ്‌ വിതരണം പഞ്ചായത്ത്‌ വൈകിച്ചത്‌ ആസൂത്രിതമാണെന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ ആരോപിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഭരണസമിതി പൂർണ പരാജയമാണെന്നും ഇവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top