പാലക്കാട്
കോൺഗ്രസിന്റെ കള്ളപ്പണവും ബിജെപിയുടെ കുഴൽപ്പണവും ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകാതിരിക്കാൻ ഇരുപാർടികളും തമ്മിലുണ്ടാക്കിയ ‘കരുതൽ’ പരസ്പരമുള്ള ഡീലിന് തെളിവ്. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ ശ്രദ്ധ പാലക്കാട്ടേക്ക് ആകുമെന്നും വിഷയം സജീവമായാൽ തിരിച്ചടിയാകുമെന്നും ഇരുവരും ഭയക്കുന്നു. അതുകൊണ്ട് തുടർചർച്ചകളും പ്രതികരണവും പരമാവധി ഒഴിവാക്കുകയാണ് ഇരുകൂട്ടരും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെ സുധാകരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും കെ സുരേന്ദ്രൻ, വി മുരളീധരൻ തുടങ്ങിയ ബിജെപി നേതാക്കളും പാലക്കാടെത്തുന്നുണ്ടെങ്കിലും പരസ്പരം കുറ്റപ്പെടുത്തുന്ന പരാമർശം നടത്താതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.
പാലക്കാട്ടെ ഹോട്ടലിൽ കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന് സംശയിക്കുന്ന ദിവസം ബിജെപി നേതാക്കൾ ബഹളത്തിന് തയ്യാറായിവന്നെങ്കിലും അതിവേഗം പിന്മാറി. ‘ആ ട്രോളി വലിക്കാൻ ഞങ്ങൾ ഇല്ല’ എന്നാണ് വി മുരളീധരൻ കഴിഞ്ഞദിവസം പ്രതികരിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഇതേ നിലപാട് ആവർത്തിച്ചു.
കെ സുരേന്ദ്രൻ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് ഉപതെരഞ്ഞെടുപ്പിനിടെ വീണ്ടും സജീവമായെങ്കിലും കോൺഗ്രസ് ഏറ്റുപിടിച്ചില്ല. കുഴൽപ്പണത്തിൽനിന്ന് നാലുകോടി രൂപ ഷാഫി പറമ്പിലിന് കൈമാറിയെന്ന് കോൺഗ്രസുകാർ തന്നോടുപറഞ്ഞായി കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചതോടെയാണ് അവർ നിശബ്ദരായത്. ഇരുകൂട്ടർക്കും പരസ്‌പരം ഒളിച്ചുവയ്‌ക്കാൻ ഉള്ളതുകൊണ്ടാണ് വിവാദവിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..