പുത്തന്‍കുരിശ്
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മൂന്നുദിവസത്തെ മലങ്കര സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ചൊവ്വ രാവിലെ 9.50ന് കൊച്ചി വിമാനത്താവളത്തില്‍നിന്ന് ദുബായ്‌വഴി ലെബനനിലേക്ക് തിരിച്ചു. ബാവായോടൊപ്പം ക്ലീമിസ് ഡാനിയേല്‍ മെത്രാപോലീത്ത, ജോസഫ് ബാലി മെത്രാപോലീത്ത എന്നിവരുമുണ്ട്. കാതോലിക്ക ബാവായുടെ 40–--ാം ഓര്‍മദിനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെയാണ് പാത്രിയർക്കീസ് ബാവാ എത്തിയത്. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിക്കുകയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
സിറിയയിലെ പ്രത്യേക സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയ്‌ക്കൊപ്പം ഉണ്ടാകണം എന്ന ആഗ്രഹത്താലാണ് തുടര്‍ന്നുള്ള മഞ്ഞനിക്കര ദയറായിലെ പരിപാടികളും റദ്ദാക്കി ബാവാ മടങ്ങിയത്. മലങ്കര മെത്രാപോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, മെത്രാപോലീത്തമാരായ മാത്യൂസ് മാർ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, കുര്യാക്കോസ് മാർ ദിയസ്‌ക്കോറോസ്, ഗീവര്‍ഗീസ് മാർ അത്തനാസിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ അഫ്രേം, ഐസക് മാർ ഒസ്താത്തിയോസ്, കുര്യാക്കോസ് മാർ ക്ലീമീസ്, ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, മാര്‍ക്കോസ് മോര്‍ ക്രിസ്റ്റോഫോറസ് എന്നിവരും വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജേക്കബ് സി മാത്യു എന്നിവരും ബാവായെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..