19 December Thursday

ജൈവവൈവിധ്യ സംരക്ഷണം ; ഹ്രസ്വ, ദീർഘകാല പദ്ധതികൾക്ക്‌ 
രൂപം നൽകണം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

മികച്ച സംരക്ഷക കർഷകയ്ക്കുള്ള അവാർഡ് നേടിയ വിതുര സ്വദേശി പരപ്പിക്ക് പുരസ്‌കാരം സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷങ്ങൾ ചോദിച്ചറിയുന്നു.


തിരുവനന്തപുരം
ജൈവവൈവിധ്യം സംരക്ഷിക്കാൻ ഹ്രസ്വ, ദീർഘകാല പദ്ധതികൾക്ക്‌ രൂപം നൽകാൻ തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൈവവൈവിധ്യ സംരക്ഷണ കർമപദ്ധതി ഗൗരവത്തോടെ നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ പൂർണ പിന്തുണയുണ്ടാകണം. അഞ്ചുമുതൽ പത്തു വർഷംവരെയുള്ള കാലയളവിൽ ഹ്രസ്വ, ദീർഘകാല പദ്ധതികൾ നടപ്പാക്കണം. ഇത്‌ സമയബന്ധിതമായി പൂർത്തിയാക്കാനായാൽ 2050നകം നെറ്റ്‌ സീറോ കാർബൺ ബഹിർഗമന സംസ്ഥാനമായി കേരളം മാറും. 2030നകം ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമെന്ന ബഹുമതി സ്വന്തമാക്കാനും സാധിക്കും. ജൈവ വൈവിധ്യ സംരക്ഷണം സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയുംമാത്രം ഉത്തരവാദിത്വമല്ല. ഇതിന്‌ ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടാകണം. യുവാക്കളെയും വിദ്യാർഥികളെയും ഇക്കാര്യത്തിൽ ബോധവാന്മാരാക്കണം.

രാജ്യത്തിന്റെ ജൈവസമ്പത്തിന്റെ 25 ശതമാനത്തിലേറെ കേരളത്തിലാണ്‌. പരിസ്ഥിതി ജൈവവൈവിധ്യം മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾക്കാണ്‌ സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്‌. ജൈവവൈവിധ്യ സംരക്ഷണത്തിൽ ആളുകളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകേണ്ടതുണ്ട്‌. ഭൂമിയുടെയും പ്രകൃതിയുടെയും സംരക്ഷകരാണെന്ന ചിന്തയോടെ പ്രവർത്തിച്ചാൽ കാര്യങ്ങൾ മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനായി. ജൈവവൈവിധ്യ ബോർഡ്‌ ചെയർമാൻ ഡോ. എൻ അനിൽകുമാർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്‌ എം സി ദത്തൻ, പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി രത്തൻ യു ഖേൽക്കർ, പ്രമോദ്‌ ജി കൃഷ്‌ണൻ, എ സാബു, ഡോ. വി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top