22 December Sunday

പ്ലസ്‌വൺ ; ജില്ലയിൽ പ്രവേശനം 
നേടിയത്‌ 32,232 പേർ

എസ്‌ ശ്രീലക്ഷ്‌മിUpdated: Monday Aug 12, 2024


കൊച്ചി
പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ജില്ലയിൽ പ്ലസ്‌വൺ പ്രവേശനം നേടിയത്‌ 32,232 പേർ. അൺഎയ്‌ഡഡ്‌ സ്കൂളുകളിലേതുകൂടി ചേർത്തുള്ള കണക്കാണിത്‌. മെറിറ്റ്‌, സ്പോർട്‌സ്‌ ക്വോട്ട സീറ്റുകളിലായി 22,970 പേർ പ്രവേശനം നേടി. കമ്യൂണിറ്റി ക്വോട്ടയിൽ 2564 പേരും മാനേജ്‌മെന്റ്‌ ക്വോട്ടയിൽ- 3656 ഉം അൺ എയ്‌ഡഡിൽ- 3042 പേരും പ്രവേശനം നേടി.

പ്രവേശന നടപടി തുടങ്ങിയതിന്റെ ആദ്യഘട്ടത്തിൽ വർധിപ്പിച്ച സീറ്റുകൾ ഉൾപ്പെടെ ആകെ 37,900 സീറ്റുകളാണ്‌ ജില്ലയിലുണ്ടായിരുന്നത്‌. മറ്റു ജില്ലകളിലേക്കടക്കമുള്ള ബാച്ച്‌ ഷിഫ്‌റ്റിങ്ങിന്റെ ഭാഗമായി അവസാനഘട്ടം ആകെ സീറ്റുകളുടെ എണ്ണത്തിൽ നേരിയ വ്യത്യാസമുണ്ടാകാറുണ്ട്‌. അതനുസരിച്ച്‌ നാലായിരത്തോളം സീറ്റുകൾ ജില്ലയിൽ ഒഴിവുണ്ടായേക്കും.

ജില്ലയിൽ പ്ലസ്‌വൺ പ്രവേശനത്തിനായി ലഭിച്ചത്‌ 38,375 അപേക്ഷകളാണ്‌. ഇതിൽ 4684 എണ്ണം ജില്ലയ്‌ക്ക്‌ പുറത്തുനിന്നുള്ളതായിരുന്നു. തുടർന്ന്‌ മൂന്ന്‌ പ്രധാന അലോട്ട്‌മെന്റുകളിലും സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലും സ്‌പോട്ട്‌ അഡ്‌മിഷനിലുമായാണ്‌ മുപ്പത്തിരണ്ടായിരത്തിലധികം വിദ്യാർഥികൾ പ്രവേശനം നേടിയത്‌. വിഎച്ച്‌എസ്‌ഇ, പോളിടെക്‌നിക്‌, ഐടിഐ കോഴ്‌സുകളിൽ ചേരുന്നവരും പ്ലസ്‌വണ്ണിന്‌ അപേക്ഷിക്കാറുണ്ട്‌. അതിനാൽ അപേക്ഷകരുടെ എണ്ണം കൂടുമെങ്കിലും പ്രവേശനം നേടുന്നവരുടെ എണ്ണം കുറയും. മാത്രമല്ല,  ട്രാൻസ്‌ഫർ അലോട്ട്‌മെന്റ്‌വഴി വിദ്യാർഥികൾക്ക്‌ സ്കൂളും വിഷയവും ജില്ലയും മാറാനും അവസരം നൽകിയിരുന്നു. 209 സ്കൂളുകളിലായി സയൻസ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ വിഷയങ്ങളിലായി 651 പ്ലസ്‌വൺ ബാച്ചുകളാണുള്ളത്‌. പ്രവേശന നടപടികൾ സുഗമമായി നടന്നതായും ഇഷ്ടവിഷയങ്ങൾതന്നെ വിദ്യാർഥികൾക്ക്‌ തെരഞ്ഞെടുക്കാനായെന്നും ഹയർ സെക്കൻഡറി ജില്ലാ കോ–-ഓർഡിനേറ്റർ എ ശങ്കരനാരായണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top