22 November Friday

നദികളിൽ നീരൊഴുക്ക്‌
 കുറയുന്നതായി റിപ്പോർട്ട്‌

സ്വന്തം ലേഖികUpdated: Saturday Oct 12, 2024


കോഴിക്കോട്‌
ഭൂരിപക്ഷ നദികളിലും നീരൊഴുക്ക്‌ കുറയുന്നതായി റിപ്പോർട്ട്‌. ‘മഴയും പുഴകളും: കേരളത്തിലെ  ജലലഭ്യതയുടെ വിലയിരുത്തൽ’ സമഗ്ര പഠന റിപ്പോർട്ടിലാണ്‌ കണ്ടെത്തൽ. 2023ലെ  മഴയുടെ ലഭ്യത, ഉപരിതല ജലം, ഭൂഗർഭ ജലം എന്നിവ കഴിഞ്ഞ 38 വർഷത്തെ  കണക്കുമായി താരതമ്യംചെയ്‌ത്‌  ജലവിഭവ വികസന വിനിയോഗ കേന്ദ്രമാണ്‌  റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. കാലാവസ്ഥാ വ്യതിയാനം മൂലം  മഴലഭ്യതയിലെ താളക്രമവും  നദീതട്ടിലുണ്ടായ മാറ്റങ്ങളുമാണ്‌ നീരൊഴുക്കിലെ കുറവിന്‌ കാരണം.

മഴക്കാലത്തുണ്ടാകുന്ന വലിയ രീതിയിൽ ഒഴുക്ക്‌ (ഹൈ ഫ്ലോ), മറ്റു സമയങ്ങളിലെ  സാധാരണ രീതിയിലുള്ള ഒഴുക്ക്‌ (ലോ ഫ്ലോ) എന്നിങ്ങനെയാണ്‌ നീരൊഴുക്കിന്റെ അളവ്‌ നിശ്‌ചയിച്ചത്‌. അച്ചൻ കോവിൽ, കല്ലട, കുറ്റ്യാടി, പയസ്വനി, വളപട്ടണം, വാമനപുരം എന്നിവ ഒഴികെയുള്ള പുഴകളിലെല്ലാം ഉയർന്ന നീരൊഴുക്കിൽ കഴിഞ്ഞ വർഷം നല്ല കുറവുണ്ടായി. പെരിയാറിലും ചാലിയാറിലുമാണ്‌ ഏറ്റവും കുറവ്‌. പെരിയാറിൽ സെക്കൻഡിൽ  159.60 ക്യുബിക്‌ മീറ്റർ  ജലത്തിന്റെ കുറവാണുള്ളത്‌. പുഴകളിൽ 90 ശതമാനവുമുണ്ടാകുന്ന സാധാരണ ഒഴുക്കിലും കുറവുണ്ടായി. 

ഭാരതപ്പുഴ, കബനി, കുറ്റ്യാടി, മൂവാറ്റുപുഴ, പയസ്വിനി, പെരിയാർ, വളപട്ടണം എന്നിവിടങ്ങളിലാണ്‌ സാധാരണ ഒഴുക്കിൽ കുറവുണ്ടായത്‌. മൂവാറ്റുപുഴയിലാണ്‌ കൂടുതൽ കുറവ്‌ (സെക്കൻഡിൽ 24.80 ക്യുബിക്‌  മീറ്റർ  ജലം).  ഈ നദീതടങ്ങളിൽ വരൾച്ചാ സാധ്യതയേറെയാണ്‌.
നീരൊഴുക്കിലെ മാറ്റങ്ങൾ പരിഗണിക്കുമ്പോൾ ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പാക്കാനുള്ള നയങ്ങളും സമീപനങ്ങളും നടപ്പാക്കണമെന്ന്‌ റിപ്പോർട്ട്‌ ശുപാർശ ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മഴക്കാലത്ത്‌ പ്രളയവും വേനലിൽ കടുത്ത വരൾച്ചയും നേരിടുന്ന സാഹചര്യത്തിൽ  ജലസ്രോതസ്സുകളുടെ പരിപാലനം വെല്ലുവിളി  നിറഞ്ഞതാണെന്ന്‌ റിപ്പോർട്ടിലുണ്ട്‌. ജല സംരക്ഷണം, തുല്യ വിതരണം,  സുസ്ഥിരത എന്നീ ലക്ഷ്യത്തിൽ  സമഗ്ര കാഴ്‌ചപ്പാടോടെയുള്ള നയങ്ങൾ  നടപ്പാക്കണമെന്നും ശുപാർശ ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top