23 December Monday

വരുന്നു, കൂടുതൽ
മെട്രോ ഫീഡറുകൾ

സ്വന്തം ലേഖികUpdated: Saturday Oct 12, 2024


കൊച്ചി
കൊച്ചി മെട്രോയുടെ ഇലക്‌ട്രിക്‌ എസി ഫീഡർ ബസുകൾ നഗരത്തിൽ എത്തിത്തുടങ്ങി. ഈ മാസം അവസാനത്തോടെ ഇവ വിവിധ റൂട്ടുകളിൽ ഓടിത്തുടങ്ങും. കൊച്ചി മെട്രോ ആകെ 32 ബസിനാണ്‌ ഈ വർഷം ഐഷർ കമ്പനിക്ക്‌ ഓർഡർ നൽകിയത്‌. ആദ്യഘട്ടത്തിൽ എത്തുന്ന 15 ബസുകളിൽ അഞ്ചെണ്ണമാണ്‌ കഴിഞ്ഞദിവസം ട്രെയിലറിൽ കൊച്ചിയിൽ എത്തിയത്‌.

ഇവയുടെ പോസ്റ്റ് ഡെലിവറി പരിശോധനയും (പിഡിഐ) രജിസ്ട്രേഷൻ നടപടികളും നടക്കുകയാണെന്ന്‌ മെട്രോ അധികൃതർ അറിയിച്ചു. ബാക്കി 10 എണ്ണം ഇൻഡോറിൽനിന്ന്‌ പുറപ്പെട്ടു. 32 സീറ്റുള്ള ഓരോ എസി ബസുകൾക്കും 90 ലക്ഷം രൂപയാണ്‌ വില. ബസുകൾക്ക്‌ രണ്ടുവർഷത്തെ വാറന്റിയും ബാറ്ററികൾക്ക് അഞ്ചുവർഷത്തെ വാറന്റിയുമുണ്ട്‌. ഒമ്പത് മീറ്റർ മാത്രം നീളമുള്ള ബസുകൾ ഗതാഗതത്തിരക്ക്‌ കൂടുതലുള്ള സമയങ്ങളിലും സർവീസിന് ഫലപ്രദമാണ്.

കൂടുതൽ ആവശ്യകതയുള്ള ആലുവ ടെർമിനൽ സ്റ്റേഷൻമുതൽ അന്താരാഷ്ട്ര വിമാനത്താവളംവരെയുള്ള സർവീസുകൾക്കായിരിക്കും ആദ്യ പരിഗണന. ആലുവമുതൽ- തൃപ്പൂണിത്തുറവരെയുള്ള മെട്രോ ഇടനാഴിയിലെ ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളിൽനിന്നാകും ഫീഡർ ബസുകൾ വിന്യസിക്കുക. ജീവനക്കാരെ തെരഞ്ഞെടുക്കുന്നത് ഓപ്പൺ ടെൻഡറിലൂടെയാണ്‌. സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ടിക്കറ്റ്‌ നിരക്കുകൾ തീരുമാനിക്കും. മുട്ടം ഡിപ്പോയിൽ ഉൾപ്പെടെ റീചാർജിങ്‌ പോയിന്റുകൾ സ്ഥാപിക്കാനുള്ള ജോലികളും പുരോഗമിക്കുന്നു. മുട്ടം യാർഡിൽ 15 ബസ്‌ ഒരേസമയം റീചാർജ് ചെയ്യാൻ സൗകര്യം ഉണ്ടാകും. വൈറ്റില, കലൂർ, ആലുവ മെട്രോ സ്റ്റേഷനുകളിൽ ഓപ്പർച്യുണിറ്റി ചാർജിങ്‌ (ചെറിയ ഇടവേളകളിൽ റീചാർജ് ചെയ്യൽ) സംവിധാനം ഉണ്ടാകും. ഒറ്റച്ചാർജിൽ 160 കിലോമീറ്ററാണ് ബസുകളുടെ പ്രതീക്ഷിക്കുന്ന യാത്രാദൂരം. നിലവിൽ രാവിലെ 6.30 മുതൽ ആലുവ മെട്രോ സ്റ്റേഷൻ–- കൊച്ചി വിമാനത്താവളം റൂട്ടിലും തിരിച്ചും മെട്രോ ഫീഡ‍ർ ബസുകൾ സർവീസ് നടത്തുന്നുണ്ട്. കൂടാതെ കളമശേരി മെട്രോ സ്റ്റേഷനിൽനിന്ന് എറണാകുളം മെഡിക്കൽ കോളേജിലേക്കും കാക്കനാട് ഇൻഫോപാർക്കിലേക്കും ഫീഡർ സർവീസ് ഉണ്ട്. രാവിലെയും വൈകിട്ടുമാണ് ഇൻഫോപാർക്ക്‌ സർവീസ്.

രാവിലെ ഒമ്പതുമുതൽ നാലുവരെ മെഡിക്കൽ കോളേജിലേക്കും സർവീസ് ഉണ്ട്. കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽനിന്ന്‌ കളമശേരിയിലേക്കും ഫീഡർ ബസ് സർവീസ് നടത്തുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top