12 October Saturday

വിശാലകൊച്ചിക്കായി 
വിശാലമായ മാർക്കറ്റ് ; കലൂർ മാർക്കറ്റ്‌ ഉദ്‌ഘാടനം 18ന്‌ മന്ത്രി എം ബി രാജേഷ്‌

സ്വന്തം ലേഖികUpdated: Saturday Oct 12, 2024


കൊച്ചി
അത്യാധുനിക കൊച്ചിക്കായി വൃത്തിയുള്ള മാർക്കറ്റ്‌ ഒരുക്കി ജിസിഡിഎ. പുതുക്കിപ്പണിത കലൂർ മാർക്കറ്റ്‌ 18ന്‌ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും.

കലൂർ മണപ്പാട്ടിപ്പറമ്പിനടുത്ത് 40,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടുനില കെട്ടിടം 5.87 കോടി രൂപ ചെലവഴിച്ച്‌ സിഎസ്എംഎല്ലിന്റെ സഹകരണത്തോടെയാണ്‌ നവീകരിച്ചത്‌. ഇറച്ചി, മീൻ, പഴം, പച്ചക്കറി, പലചരക്ക്‌ വിഭാഗങ്ങൾക്കായി പ്രത്യേകം ഇടങ്ങൾ താഴെനിലയിൽ ഒരുക്കിയിട്ടുണ്ട്. കോഴി, ആട്, മാട്, പോർക്ക് എന്നിവയ്‌ക്കായി പ്രത്യേക സ്‌റ്റാളുകൾ ഉണ്ടാകും. 6000 ചതുരശ്ര അടി വിസ്തീർണമാണ് ഓരോ വിഭാഗത്തിനുമായിട്ടുള്ളത്. 18 കടമുറികളും ഓപ്പൺ സ്റ്റാൾ ഏരിയയും ഓരോ വിഭാഗത്തിലും ഉണ്ടാകും.

മാർക്കറ്റിന്റെ നടുത്തളത്തിൽനിന്നും പുറത്തുനിന്നും പ്രവേശനമുണ്ടാകും. ഒന്നാംനിലയിൽ 2000 ചതുരശ്ര അടിയിൽ വിശാലമായ സൂപ്പർമാർക്കറ്റ് സൗകര്യവും ഓപ്പൺ റസ്റ്റോറന്റ് സൗകര്യവും ഉണ്ട്‌. മുൻവശത്തും ഉൾവശത്തുമായി 84 കടമുറികളും പ്രവർത്തനസജ്ജമായി. ലിഫ്റ്റും കോണിപ്പടികളും ഉണ്ട്‌. 1.3 ഏക്കർ ഭൂമിയിൽ 60 കാറുകൾ പാർക്ക് ചെയ്യാം. കൂടുതൽ പാർക്കിങ്ങിന്‌ മണപ്പാട്ടിപ്പറമ്പിൽ സൗകര്യം ഒരുക്കും. ബാനർജി റോഡ്, കലൂർ മെട്രോസ്റ്റേഷൻ, മണപ്പാട്ടിപ്പറമ്പ്, ശാസ്ത ടെമ്പിൾ റോഡ് എന്നിവിടങ്ങളിൽനിന്നെല്ലാം പ്രവേശിക്കാം. മഴവെള്ളസംഭരണി, അഗ്നിശമന സജ്ജീകരണങ്ങൾ, സർവീസ് ലിഫ്റ്റ്, ഫയർ ഫൈറ്റിങ്‌ ടാങ്ക്, ശുചിമുറി സൗകര്യം, ഇലക്ട്രിക്കൽ റൂം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഉണ്ട്‌.

ഉറവിടത്തിൽത്തന്നെ മാലിന്യസംസ്കരണം സാധ്യമാകുന്ന സംവിധാനവും ഒരുങ്ങുന്നു. മാർക്കറ്റിൽനിന്നുള്ള മലിനജലവും രക്തവും കൊഴുപ്പും അടങ്ങിയ മലിനജലം സംസ്കരിക്കുന്നതിന്‌ ദിവസം 250 ലിറ്റർ ശേഷിയുള്ള ഇടിപി (ഇഫ്ലുവെന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌) സംവിധാനമാണ് തയ്യാറാക്കുന്നത്. ഖരമാലിന്യസംസ്കരണ സംവിധാനവും തയ്യാറാക്കുന്നുണ്ട്. പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതുവരെ ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യം നീക്കാനാണ് ഉദ്ദേശിക്കുന്നത്.

ദേശാഭിമാനി ജങ്ഷനുസമീപത്തെ പഴയ മാർക്കറ്റിന്റെ പരിമിതസാഹചര്യങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ അവിടത്തെ വ്യാപാരികളെ ജിസിഡിഎ കലൂർ മാർക്കറ്റിലേക്ക് മാറ്റുന്നതിന് ആവശ്യമായ സൗകര്യങ്ങൾകൂടി ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top