14 November Thursday

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

ന്യൂഡല്‍ഹി> നടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിൽ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ്  ജാമ്യാപേക്ഷ പരിഗണിക്കുക.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ യുവനടി  പീഡന പരാതിയുമായി രംഗത്ത് വന്നത്. ഇതിന് മുന്നേയും യുവനടി സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ഇത് പ്രകാരം പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 ബലാത്സംഗം, 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.

പരാതിക്കാരി ബലാത്സംഗം മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും പരാതി അടിസ്ഥാനമില്ലാത്തതുമാണ് എന്ന് ഹര്‍ജിക്കാരനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍ പിള്ള വാദിച്ചു. 2012ലാണ് സംഭവം നടന്നുവെന്ന് പറയുന്നത്. സൂക്ഷമമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയർത്തിയതെന്നാണ് സിദ്ദീഖ് അവകാശപ്പെട്ടത്.

അതേസമയം, പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി നാരായണന്‍ കോടതിയിൽ വാദിച്ചു. സിനിമയുടെ സ്ക്രീനിം​ഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്കറ്റ് ഹോട്ടലിൽ എത്തിയതിന്റേയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ സിദ്ദീഖിന് എതിരായിരുന്നു. മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top