22 December Sunday

വഖഫ് ഭൂമി ; 2013ലെ നിയമഭേദഗതിക്ക് മുന്‍കാലപ്രാബല്യമില്ലെന്ന് ഹൈക്കോടതി

സ്വന്തം ലേഖികUpdated: Tuesday Nov 12, 2024


കൊച്ചി
വഖഫ് ഭൂമി അനുമതിയില്ലാതെ കൈവശംവയ്‌ക്കുന്നത് കുറ്റകരമാകുന്ന 2013ലെ വഖഫ് നിയമഭേദഗതിക്ക് മുൻകാലപ്രാബല്യമില്ലെന്ന് ഹൈക്കോടതി. കോഴിക്കോട് മേരിക്കുന്ന് പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് മജിസ്ട്രേട്ട്‌ കോടതി സ്വീകരിച്ച നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണന്റെ ഉത്തരവ്.  നിയമഭേദഗതിക്കുമുമ്പ് കൈവശംവച്ച ഭൂമിയുടെ പേരിൽ ക്രിമിനൽ നടപടി സാധ്യമല്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് കെ സുധാകരൻ, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ കെ പ്രേമ എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.

വഖഫ് ബോർഡിന്റെ പരാതിയിലാണ്‌ 2017ൽ 2013ലെ വഖഫ് നിയമഭേദഗതി 52എ  പ്രകാരം പോസ്റ്റൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുത്തത്. 1999ൽ തുടങ്ങിയ പോസ്റ്റ് ഓഫീസ്, വഖഫ് ഭൂമി കെെയേറി അനധികൃതമായി പ്രവർത്തിക്കുകയാണെന്നാണ് പരാതി. പോസ്റ്റ് ഓഫീസ് തുടങ്ങിയതും നിയമഭേദഗതി വന്ന കാലവും തമ്മിലെ അന്തരവും സമാന കേസിൽ സുപ്രീംകോടതി 2023ൽ പുറപ്പെടുവിച്ച വിധിയും പരിഗണിച്ചാണ്‌  വിധി.

ജെഡിടി ഇസ്ലാം ഓർഫനേജ് കമ്മിറ്റിയിൽനിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് വ്യക്തി നിർമിച്ച കെട്ടിടത്തിലാണ് 1999 മുതൽ പോസ്റ്റ് ഓഫീസുള്ളത്. എന്നാൽ, ഇവിടെ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുകയാണെന്നും തന്റെതന്നെ മറ്റൊരു കെട്ടിടത്തിലേക്ക്‌ ഓഫീസ് മാറ്റണമെന്നും ലീസ് കാലയളവിൽത്തന്നെ ഉടമസ്ഥൻ ആവശ്യപ്പെട്ടതനുസരിച്ച്‌ ഓഫീസ് അവിടേക്കുമാറ്റി. 2003 മാർച്ചുമുതൽ അഞ്ചുവർഷത്തേക്കായിരുന്നു കരാർ. 2004 സെപ്തംബർ 30 വരെ കരാർ  പുതുക്കി. 2014 മുതൽ വാടക വാങ്ങാതെ, കെട്ടിടം ഒഴിയണമെന്ന്‌ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

ഇതിൽ വഖഫ് ട്രൈബ്യൂണൽ സ്ഥലം ഉടമയ്‌ക്ക്‌ അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്റ്റ് ഓഫീസ് അധികൃതരുടെ അപ്പീലിൽ വിധി റദ്ദാക്കി. തുടർന്ന് ഉദ്യോഗസ്ഥർ ഭൂമി കൈയേറിയെന്ന് വഖഫ് ബോർഡ് സിഇഒ നോട്ടീസ് നൽകിയതോടെ കേസ് വീണ്ടും ട്രൈബ്യൂണലിലെത്തി. 45 ദിവസത്തിനകം കെട്ടിടം ഒഴിയാനും വിധിയായി. എന്നാൽ, ഓഫീസ് അവിടെ തുടർന്നു. ഇതിനെതിരെ വഖഫ് ബോർഡ് മജിസ്‌ട്രേട്ട്‌ കോടതിയിൽ നൽകിയ കേസിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top