22 December Sunday

അഡീ. സെക്രട്ടറിക്കെതിരെ ആരോപണം ; കാസർകോട്‌ ജില്ലാ നിയമ ഓഫീസർക്ക്‌ സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024


കാസർകോട്
പൊതുഭരണ വകുപ്പ്‌ അഡീഷണൽ സെക്രട്ടറിക്കെതിരെ വ്യാജആരോപണം ഉന്നയിച്ച കാസർകോട്‌ ജില്ലാ നിയമ ഓഫീസർ ആകാശ് രവിയെ സസ്പെൻഡുചെയ്തു. നിയമവകുപ്പ്‌ മുൻ ഡെപ്യൂട്ടി സെക്രട്ടറിയും കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റുമാണ്‌ ഇദ്ദേഹം.

എംപ്ലോയീസ്‌ സംഘിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ ആകാശ്‌ അപകീർത്തി നോട്ടീസ് ഇറക്കിയിരുന്നു. ഇതന്വേഷിക്കാൻ പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ജി ഹരികുമാറിനെ സർക്കാർ നിയോഗിച്ചു. അഡീഷണൽ സെക്രട്ടറിയുടെ തെളിവെടുപ്പും കഴിഞ്ഞു. പണം തന്നാൽ അച്ചടക്ക നടപടിയിൽനിന്നും ഒഴിവാക്കാമെന്ന്‌ തെളിവെടുപ്പിനുശേഷം ഹരികുമാർ വാഗ്‌ദാനം ചെയ്തുവെന്ന്‌ ആകാശ്‌ രവി ആരോപണം ഉന്നയിച്ചു. ഇത്‌ കളവാണെന്നും ഹരികുമാറിനെ കളങ്കപ്പെടുത്താനാണ്‌ ആരോപണമെന്നും കണ്ടെത്തിയാണ്‌ സസ്പെൻഡുചെയ്തത്‌.

മുഖ്യമന്ത്രിക്കെതിരെ നോട്ടീസ്‌ ഇറക്കിയതിന്‌ അച്ചടക്ക നടപടിയുടെ ഭാഗമായി ആകാശിനെ സെക്രട്ടറിയറ്റിൽനിന്ന്‌ പാലക്കാട്ടേക്ക്‌ സ്ഥലംമാറ്റിയിരുന്നു. പാലക്കാട്ട്‌ ജില്ലാ നിയമ ഓഫീസറായിരിക്കെ  തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ (എൽആർ) എന്നിവരുമായി ചേർന്ന്‌ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതായും കൈക്കൂലി വാങ്ങുന്നതായും പരാതി ഉയർന്നിരുന്നു. തുടർന്ന്‌ കലക്ടർ വിജിലൻസ്‌ അന്വേഷണത്തിന്‌ ശുപാർശ ചെയ്താണ്‌ ഇദ്ദേഹത്തെ കാസർകോടിന്‌ സ്ഥലംമാറ്റിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top