തിരുവനന്തപുരം
സംരംഭങ്ങൾ, ചെറുകിട, ഇടത്തരം വ്യവസായ മേഖല എന്നിവയിൽ ഇടപെട്ട് തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തിക വളർച്ചയുടെ എൻജിനാക്കി മാറ്റുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംരംഭകസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം കാട്ടാക്കടയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയിൽ സഹകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നല്ല നിലയിൽ മുന്നോട്ടുവന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശികമായുള്ള സംരംഭങ്ങൾ, തൊഴിലവസരങ്ങൾ, വരുമാന വർധന തുടങ്ങിയവയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.അധികാര വികേന്ദ്രീകരണത്തിന് സമാനമായി വ്യവസായ മേഖലയിൽ കേരളം രാജ്യത്തിന് നൽകുന്ന പുതിയ മാതൃകയാണ് സംരംഭകസഭയെന്ന് അധ്യക്ഷനായ മന്ത്രി പി രാജീവ് പറഞ്ഞു. ഇത് ഒരു ജനകീയ മുന്നേറ്റമാണെന്നും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ചെറുകിട സംരംഭങ്ങൾക്ക് സംരംഭകസഭ വളരെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ഐ ബി സതീഷ് എംഎൽഎ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറൽ കെ പത്മകുമാർ, വ്യവസായ വാണിജ്യ ഡയറക്ടർ മീർ മുഹമ്മദ് അലി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ് ശ്രീകല, പങ്കജകസ്തൂരി എംഡി ജെ ഹരീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.
സംരംഭകവർഷം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് തദ്ദേശസ്ഥാപനതലത്തിൽ സംരംഭകസഭകൾ സംഘടിപ്പിക്കുന്നത്. തദ്ദേശതലത്തിലുള്ള സംരംഭകരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദേശിക്കാനും സംരംഭകത്വ പ്രോത്സാഹനപദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്താനും സംരംഭകസഭ ഉപയോഗിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..