22 December Sunday

വാട്‌സാപ്പിൽ ലോട്ടറി വിൽപ്പന ; ഏജന്റിനെതിരെ 
കേസെടുക്കാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024


കൊച്ചി
സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാന ഭാഗ്യക്കുറി വിറ്റ ഏജന്റിനെതിരെ കേസെടുക്കാനും തെളിവുകൾ കൈമാറാനും ജില്ലാ ലോട്ടറി ഓഫീസ്‌ അധികൃതർ പൊലീസിനോട്‌ ആവശ്യപ്പെട്ടു. കേസ്‌ രജിസ്‌റ്റർ ചെയ്‌താൽ ഇയാളുടെ ഏജൻസി സസ്‌പെൻഡ്‌ ചെയ്യുമെന്ന്‌ ജില്ലാ ലോട്ടറി ഓഫീസ്‌ അധികൃതർ അറിയിച്ചു. മൂവാറ്റുപുഴ സ്വദേശിയായ അംഗീകൃത ലോട്ടറി ഏജന്റ്‌ വാട്‌സാപ്, ഫെയ്‌സ്‌ബുക്ക്‌ എന്നിവയിലൂടെ ലോട്ടറി കച്ചവടം നടത്തിയതിന്‌ തെളിവുണ്ടെന്ന്‌ മൂവാറ്റുപുഴ പൊലീസ്‌ കഴിഞ്ഞയാഴ്‌ച ലോട്ടറിവകുപ്പിന്‌ റിപ്പോർട്ട്‌ നൽകിയിരുന്നു.

സമൂഹമാധ്യമങ്ങൾവഴി ലോട്ടറി വിൽക്കാൻ അനുമതിയില്ലെന്ന്‌ ഭാഗ്യക്കുറിവകുപ്പ്‌ ഇറക്കിയ സർക്കുലർ അവഗണിച്ചാണ്‌ ‘ഓൺലൈൻ കച്ചവടം’. സാധാരണ ലോട്ടറിത്തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്‌. സമൂഹമാധ്യമ ഗ്രൂപ്പുകൾവഴി ഒരേ ടിക്കറ്റാണ്‌ ഇവർ പലർക്കും വിൽക്കുന്നത്‌. ബമ്പർ ഒഴിവാക്കി ദിവസവും നറുക്കെടുക്കുന്ന ടിക്കറ്റുകളാണ്‌ കൂടുതലും വിൽക്കുക. വാങ്ങുന്നയാൾക്ക്‌ പണം അടയ്‌ക്കേണ്ട ക്യു ആർ കോഡ്‌ വാട്‌സാപ്പിലോ ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിലോ അയച്ചുകൊടുക്കും. പണം അടച്ചാൽ ടിക്കറ്റ്‌ മാറ്റിവച്ചിട്ടുണ്ടെന്ന്‌ അറിയിച്ച്‌ ചിത്രവും അയച്ചുകൊടുക്കും. ചിത്രത്തിൽ അവസാന നാല്‌ നമ്പറുകൾ പ്രത്യേകം വലുതാക്കി എഴുതിയിട്ടുണ്ടാകും. കൂടുതൽ വാങ്ങുന്നവർക്ക്‌ മൊത്തവിലയിലും നൽകും.

മൂവാറ്റുപുഴ സ്വദേശിയായ അംഗീകൃത ലോട്ടറി സമൂഹമാധ്യമങ്ങൾവഴി ലോട്ടറി കച്ചവടം നടത്തുന്നതായി ഭാഗ്യക്കുറിവകുപ്പിന്‌ ലഭിച്ച പരാതിയിലാണ്‌ അന്വേഷണം ആരംഭിച്ചത്‌. എറണാകുളം റൂറൽ എസ്‌പി വൈഭവ്‌ സക്‌സേന മൂവാറ്റുപുഴ ഡിവൈഎസ്‌പിയെ അന്വേഷണത്തിന്‌ ചുമതലപ്പെടുത്തി.  സമ്മാനം അടിച്ചില്ലെങ്കിൽ ഒരേ ടിക്കറ്റ്‌ പലർക്കും വിറ്റവകയിൽ വൻ തുകയാണ്‌ തട്ടിപ്പുസംഘത്തിന്റെ കൈയിലെത്തുന്നത്‌. അംഗീകൃത ഏജന്റ്‌ ഉൾപ്പെടുന്ന തട്ടിപ്പുസംഘം, സമ്മാനം ലഭിക്കുന്ന തുക ടിക്കറ്റ്‌ വാങ്ങിയയാൾക്ക്‌ പേമെന്റ്‌ ആപ് വഴി അയച്ചുകൊടുക്കും. ടിക്കറ്റ്‌ നാലുപേർക്ക്‌ വിറ്റിട്ടുണ്ടെങ്കിൽ അവർക്കെല്ലാം സമ്മാനത്തുക അയച്ചുകൊടുക്കും. എന്നാൽ, ഏജന്റല്ലാതെ ലോട്ടറി വാങ്ങി തട്ടിപ്പ്‌ നടത്തുന്ന സംഘങ്ങൾ, സമ്മാനം അടിച്ചാൽ സമൂഹമാധ്യമ ഗ്രൂപ്പ്‌ പൂട്ടി മുങ്ങുകയാണ്‌ പതിവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top