കൊച്ചി
മുപ്പത്തൊമ്പത് കിലോ കഞ്ചാവുമായി ബംഗാളുകാർ എക്‌സൈസ് പിടിയിൽ. സമിൻ ഷെയ്ക്ക്, മിഥുൻ, സജീബ് മണ്ഡൽ, ഹബീബുൽ റഹ്മാൻ എന്നിവരെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനുസമീപമുള്ള ടാക്സി സ്റ്റാൻഡിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
പുതുവത്സരാഘോഷം ലക്ഷ്യമിട്ട് എത്തിച്ചതായിരുന്നു കഞ്ചാവ്. ഒഡിഷയിൽനിന്ന് കുറഞ്ഞവിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രോളി ബാഗുകളിലാക്കി ട്രെയിൻ മാർഗം കേരളത്തിൽ കൊണ്ടുവരും. മൊത്തമായി കച്ചവടം നടത്തി അടുത്തദിവസംതന്നെ നാട്ടിലേക്ക് മടങ്ങുന്നതാണ് രീതി. മൂന്നു ട്രോളിബാഗുകളിൽ ഓരോകിലോ വീതമുള്ള 12 പാക്കറ്റുകളുണ്ടായിരുന്നു. കഞ്ചാവിന്റെ രൂക്ഷഗന്ധം പുറത്തറിയാതിരിക്കാൻ സെല്ലോടേപ്പുകൾ ഉപയോഗിച്ച് ചുറ്റിക്കെട്ടിയാണ് ബാഗുകളിൽ അടുക്കിവച്ചിരുന്നത്.
പൊതുവിപണിയിൽ 35 ലക്ഷം വില വരും. പിടിയിലായവർ ലഹരിക്കച്ചവടം തൊഴിലാക്കിയവരാണ്. എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവുമാണ് പ്രതികളെ പിടികൂടിയത്. മലയാളികൾക്ക് ഇവരുടെ ഇടപാടിൽ പങ്കുള്ളതായി വിവരം ലഭിച്ചെന്നും അന്വേഷണം പുരോഗമിക്കുന്നതായും ഇൻസ്പെക്ടർ പി ശ്രീരാജ് പറഞ്ഞു. ഒരാഴ്ചമുമ്പ് സമാനരീതിയിൽ ഏഴ് കിലോ കഞ്ചാവ് അങ്കമാലി അത്താണിയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന അസംകാരെ പിടികൂടിയിരുന്നു.
അറിയിക്കാം ഈ നമ്പറിൽ
മയക്കുമരുന്ന് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ 94000 69550 എന്ന നമ്പറിൽ അറിയിക്കാം. വിവരം നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്നും എക്‌സൈസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..