വൈക്കം
സമത്വസമൂഹം സ്ഥാപിക്കുകയെന്ന ആശയത്തിൽ തമിഴ്നാടും കേരളവും ഒന്നാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. സമത്വവും സാമൂഹ്യനീതിയും എല്ലാവർക്കും വേണമെന്നാണ് തമിഴ്നാടിന്റെ കാഴ്ചപ്പാട്. ഭരണപാടവമുള്ള മുഖ്യമന്ത്രിയായ പിണറായി വിജയനും ഇതേ ആശയത്തെ പിന്തുടരുന്നു. അതിനാലാണ് വൈക്കത്ത് ഇത്തരമൊരു സ്‌മാരകമൊരുക്കാൻ തങ്ങൾക്ക് കഴിഞ്ഞത്. ആ സഹകരണം തുടരുകതന്നെ ചെയ്യും. തന്തൈ പെരിയാർ സ്‌മാരകവും ഗ്രന്ഥശാലയും നാടിനു സമർപ്പിക്കുന്നതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സ്‌റ്റാലിൻ.
ഇന്ത്യയിലെ പല സാമൂഹ്യപോരാട്ടങ്ങളുടെയും നാന്ദികുറിച്ച സമരമായിരുന്നു വൈക്കം സത്യഗ്രഹം. വൈക്കം ഒറ്റപ്പെട്ട വിജയമല്ല, പിന്നീടുള്ള വിജയങ്ങളുടെ തുടക്കമായിരുന്നു. എല്ലാ മേഖലകളിലും തുടർച്ചയായ വിജയങ്ങൾ നേടാൻ നമ്മളൊന്നിച്ച് ഉറച്ചുനിൽക്കണം. എന്തുതടസങ്ങൾ വന്നാലും നമ്മൾ അവയെ തകർക്കും. എന്തുവിലകൊടുത്തും സമത്വസമൂഹം സ്ഥാപിക്കും.
കേരളം വിദ്യാഭ്യാസത്തിലും രാഷ്ട്രീയസാമൂഹിക അവബോധത്തിലും മുന്നിലുള്ള സംസ്ഥാനമാണ്. ഇങ്ങനെയുള്ള മണ്ണിൽ സാമൂഹിക, രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ അടയാളമായി വൈക്കം സ്‌മാരകം നിലകൊള്ളും. സ്‌മാരക നിർമാണത്തെ പിന്തുണച്ച കേരള സർക്കാരിനും ഉദ്യോഗസ്ഥർക്കും നന്ദിപറയുന്നു–- സ്‌റ്റാലിൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..