23 December Monday

195 കായികതാരങ്ങൾക്കുകൂടി ജോലി; നിയമന‘റെക്കോഡിട്ട്‌’ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020


തിരുവനന്തപുരം
സ്‌പോർട്‌സ്‌ ക്വോട്ട നിയമനത്തിൽ വീണ്ടും ചരിത്രം കുറിക്കാൻ എൽഡിഎഫ്‌ സർക്കാർ. 195 കായികതാരങ്ങൾക്ക്‌ ജോലിക്കുള്ള ഉത്തരവ്‌ കൈമാറിയാണ്‌ സർക്കാർ റെക്കോഡിടുന്നത്‌. ഇത്രയുംപേർക്ക്‌ ഒന്നിച്ച്‌ നിയമനം നൽകുന്നത്‌ ഇതാദ്യം.

20 ന്‌ പകൽ മൂന്നിന്‌ സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ്‌ കൈമാറും.  2010-–-14 കാലയളവിൽ മുടങ്ങിക്കിടന്ന സ്പോർട്സ് ക്വോട്ട റാങ്ക്പട്ടികയിലെ താരങ്ങളെ പുതുതായി സൃഷ്ടിച്ച 195 തസ്തികകളിലേക്കാണ്‌ എടുക്കുന്നത്‌. യോഗ്യതയ്‌ക്ക്‌ അനുസരിച്ചായിരിക്കും  നിയമനം.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന നിയമനമാണിത്. വർഷം 50 പേരെയാണ് സ്പോട്സ് ക്വോട്ടയിൽ എടുക്കേണ്ടത്‌. 2010 മുതൽ 2014 വരെ കാലയളവ്‌ പ്രകാരം 250 പേർക്ക് ജോലി നൽകണം. ഹോക്കി താരം പി ആർ ശ്രീജേഷിനെ പ്രത്യേക പരിഗണനയിൽ നേരത്തെ നിയമിച്ചിരുന്നു. മറ്റൊരു തസ്തികയിലെ നിയമനം ഹൈക്കോടതിയുടെ പരിഗണനയിലും. ഒരു താരം  തന്നെ ഒന്നിലധികം വർഷങ്ങളിലെ പട്ടികയിലുണ്ട്. ഈ സാഹചര്യത്തിൽ 195 പേർ മാത്രമാണ് അഞ്ചുവർഷത്തെ റാങ്ക് പട്ടികയിൽ ഉള്ളത്.

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ ജോലിയില്ലാതിരുന്ന 11 താരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽഡി ക്ലാർക്ക് സൂപ്പർ ന്യൂമററി തസ്തികയിൽ കഴിഞ്ഞ ദിവസം പ്രവേശിച്ചിരുന്നു. പൊലീസിൽ 58 കായികതാരങ്ങൾക്കും മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി. 195 പേർക്കുകൂടി നിയമന ഉത്തരവ്‌ നൽകുന്നതോടെ എൽഡിഎഫ്‌ സർക്കാർ ജോലി നൽകിയ താരങ്ങളുടെ എണ്ണം 440 ആകും. 245 നിയമനമെന്ന സ്വന്തം റെക്കോഡാണ്‌ വഴിമാറുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top