28 December Saturday

വെടിയുണ്ട കാണാതായ സംഭവം : യുഡിഎഫ്‌ പൂഴ്‌ത്തി; എൽഡിഎഫ്‌ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020


സ്വന്തം ലേഖകൻ
സിഎജി റിപ്പോർട്ടിൽ  പരാമർശിക്കുന്ന  വെടിയുണ്ടകൾ കൂടുതലും  കാണാതായത്‌ 2015ൽ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌. ഇതേ കുറിച്ചുള്ള അന്വേഷണം ഒതുക്കിയത്‌ രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ്‌. പൊലീസ്‌ അക്കാദമിയിലേക്ക്‌ കൊണ്ടുപോയതിൽ 200 വെടിയുണ്ട കാണാതായ സംഭവം കേസെടുത്ത്‌ അന്വേഷിക്കണമെന്ന ബറ്റാലിയൻ ഡിഐജിയുടെ ശുപാർശയാണ്‌ അന്ന്‌ ആഭ്യന്തരവകുപ്പ്‌ പൂഴ്‌ത്തിയത്‌. ടി പി സെൻകുമാറായിരുന്നു അന്ന്‌ പൊലീസ്‌ മേധാവി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷമാണ്‌ വെടിയുണ്ട കാണാതായ സംഭവത്തിൽ കേസെടുത്തതും അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറിയതും.

1994 മുതൽ 2018വരെയുള്ള  കാലയളവിൽ ലഭിച്ച വെടിയുണ്ടകളെക്കുറിച്ചാണ്‌ അന്വേഷണം. ഇത്‌ രണ്ട്‌ മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട്‌ നൽകും. 
തൃശൂർ പൊലീസ്‌ അക്കാദമിയിൽ  ട്രെയിനികൾക്ക്‌  വെടിവയ്‌പ്‌ പരിശീലനത്തിനാണ്‌ എസ്‌എപിയിൽനിന്ന്‌ വെടിയുണ്ട  കൊണ്ടുപോയത്‌. രഹസ്യവിവരത്തെ തുടർന്ന്‌ ഒരു ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ്‌  200 വെടിയുണ്ടകളുടെ കുറവ്‌ കണ്ടെത്തിയത്‌. സാധരണ നിലയ്‌ക്ക്‌ ഉപയോഗിച്ച വെടിയുണ്ടയുടെ എണ്ണം രേഖാമൂലം  കൈമാറണം. തിരയടക്കമുള്ള അവശിഷ്‌ടവും ശേഖരിക്കും. ഈ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ചശേഷമാണ്‌ കുറവ്‌ കണ്ടെത്തിയത്‌.

ഉദ്യോഗസ്ഥൻ  ബറ്റാലിയൻ മേധാവിക്ക്‌ റിപ്പോർട്ട്‌ നൽകി.  അന്വേഷണത്തിന്‌ ബറ്റാലിയൻ ഡിഐജിയെ ചുമതലപ്പെടുത്തി. അദ്ദേഹവും വെടിയുണ്ടകളുടെ സ്‌റ്റോക്കിൽ കുറവ്‌ കണ്ടെത്തി.  ഇതോടെയാണ്‌ വിശദമായ അന്വേഷണത്തിനും നടപടിക്കും ബറ്റാലിയൻ മേധാവി ആഭ്യന്തരവകുപ്പിന്‌ റിപ്പോർട്ട്‌ നൽകിയത്‌.  യുഡിഎഫ്‌ സർക്കാർ പൂഴ്‌ത്തിയ സംഭവം പുറത്തെടുത്തത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. 2017ൽ പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. ഇവരുടെ റിപ്പോർട്ടിനെ തുടർന്ന്‌ എസ്‌എപി കമാൻഡന്റ്‌ പേരൂർക്കട പൊലീസിൽ പരാതി നൽകി. വിവിധ സമയങ്ങളിൽ വെടിയുണ്ടകളുടെ ചുമതലയുണ്ടായിരുന്ന 11 പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയും അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറുകയും ചെയ്‌തു. ക്രൈംബ്രാഞ്ച്‌ തിരുവനന്തപുരം യൂണിറ്റ്‌ ഡിവൈഎസ്‌പി അനിൽകുമാറാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top