കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം വ്യാഴാഴ്‌ച മുതൽ വിതരണം ചെയ്യും. സാമൂഹ്യസുരക്ഷാ–- ക്ഷേമ പെൻഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കാണ് സഹായം. റേഷൻ കാർഡുള്ള 14,78,236 കുടുംബങ്ങൾക്ക് ലഭിക്കും. റേഷൻ കാർഡ് ഇല്ലാത്തവർ പദ്ധതി പരിധിയിൽ വരില്ല.ഗുണഭോക്താക്കളുടെ പട്ടിക ബുധനാഴ്ച റേഷൻ കടകളിൽ പ്രസിദ്ധീകരിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. തദ്ദേശഭരണ സ്ഥാപനങ്ങളിലും ലഭിക്കും.
അർഹരായവർക്ക് സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി പണം കൈമാറും. ചൊവ്വാഴ്‌ച ധനകാര്യവകുപ്പ് നൽകിയ പത്രപരസ്യത്തിൽ ചേർത്തിട്ടുള്ള സത്യപ്രസ്‌താവന പൂരിപ്പിച്ച് ഒപ്പിട്ട് ബാങ്ക് ജീവനക്കാരനെ ഏൽപ്പിക്കണം. പണം എത്തിക്കുന്ന ചെലവ് സർക്കാർ വഹിക്കും. ഗുണഭോക്താവ് തുക നൽകേണ്ടതില്ല.
ഇനി ഇത്തരം സഹായം അനുവദിച്ചാൽ തുക വിതരണത്തിന് ഈ അക്കൗണ്ട് നമ്പറാകും ഉപയോഗിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു.ബിപിഎൽ, അന്ത്യോദയ റേഷൻ കാർഡുടമകളുടെ പട്ടികയും സാമൂഹ്യസുരക്ഷാ /ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയും ആധാർ നമ്പർ അടിസ്ഥാനത്തിൽ ഒത്തുനോക്കിയാണ് പെൻഷൻ വാങ്ങാത്തവരെ കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് പദ്ധതിക്ക് തുക കണ്ടെത്തിയത്. കേന്ദ്ര സഹായമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..