22 December Sunday

തദ്ദേശ വകുപ്പിൽ പ്രത്യേക ഡിസൈന്‍ വിഭാഗം : എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


തിരുവനന്തപുരം
തദ്ദേശ വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന എൻജിനീയർമാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഡിസൈൻ വിഭാഗം രൂപീകരിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വൻകിട പ്രവൃത്തികളുടെ ഡിസൈൻ നിലവിൽ തയ്യാറാക്കുന്നത് എൻജിനിയറിങ് കോളജുകൾ മുഖേനയാണ്. വൻതുകയാണ്‌ ഫീസിനത്തിൽ നൽകേണ്ടിവരുന്നത്‌. ഇത് പരിഗണിച്ചാണ് നടപടി. തദ്ദേശസ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ക്വാളിറ്റി മോണിറ്ററിങ് ലാബുകൾ സ്ഥാപിക്കും. തദ്ദേശവകുപ്പിലെ ഓവർസിയർമാരുടെ നിയമനം ജില്ലാ അടിസ്ഥാനത്തിൽ നടത്താൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പെർഫോമൻസ് ഓഡിറ്റ് സംവിധാനം അവസാനിപ്പിച്ചതിനാൽ പ്രസ്തുത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ളവരെ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക ഇല്ലാതിരുന്ന ഗ്രാമപഞ്ചായത്തുകളിലേക്ക് പുനർവിന്യസിപ്പിച്ചു. സീനിയർ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികയിലുള്ളവരെ പുനർവിന്യസിക്കുന്ന നടപടി പുരോഗമിക്കുകയാണ്‌. കൂടാതെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അധിക ജീവനക്കാരെയും തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കും. ജീവനക്കാർക്കുള്ള പരിശീലനം സമയബന്ധിതമായി നടത്തും. കില കൂടാതെ ഐഎംജിയുടെ സഹായവും തേടുമെന്നും മന്ത്രി അറിയിച്ചു.

സ്ഥലത്തിന്റെ അളവ് പ്രശ്നമല്ല; പെര്‍മിറ്റ് നിലനില്‍ക്കും
വസ്‌തുവിന്റെ അളവിൽ ഏതെങ്കിലും കാരണത്താൽ വ്യത്യാസം വന്നാലും അനുവദിച്ച പെർമിറ്റ് റദ്ദാക്കുന്ന നടപടിയിൽ കെട്ടിട നിർമ്മാണച്ചട്ട പ്രകാരം മാറ്റം വരുത്തും. മറ്റ്‌ ചട്ടലംഘനങ്ങളില്ലെങ്കിൽ ഭൂമിയിൽ കുറവോ കൂടുതലോ വന്ന ശേഷവും പെർമിറ്റ് നിലനിൽക്കുന്ന രീതിയിലാണ്‌ മാറ്റം കൊണ്ടുവരുന്നത്‌. കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാലാവധി നിലവിൽ അഞ്ച് വർഷമാണ്. പ്രവർത്തിയുടെ ആവശ്യമനുസരിച്ച് 15 വർഷംവരെ നീട്ടാൻ സൗകര്യം ഒരുക്കും. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും വികസന പെർമിറ്റ് എടുക്കാതെ വസ്‌തു മുറിച്ച്‌ വിൽക്കുന്നുണ്ട്. ഇത് വാങ്ങുന്നവർക്ക്‌ നിർമാണ പെർമിറ്റ് നിഷേധിക്കാനിടയാക്കും. ഈ സാഹചര്യം ഒഴിവാക്കും.

നിലവിൽ കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രിബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്ത് മാത്രമാണുള്ളത്. പൊതുജനങ്ങൾക്ക് സഹായകരമായ നിലയിൽ ജില്ലാതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംവിധാനം ഏർപ്പെടുത്തുന്നത്‌ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top