17 September Tuesday

ആഴം ഭയമില്ല, സ്‌കൂബ ടീം സജ്ജം

ശ്രീരാജ്‌ ഓണക്കൂർUpdated: Tuesday Aug 13, 2024


കൊച്ചി
ജലാശയങ്ങളിലെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ അഗ്നി രക്ഷാസേന ജില്ലാ സ്‌കൂബ ടീം സജ്ജം. ഗാന്ധിനഗർ അഗ്നി രക്ഷാനിലയത്തിൽ 10 പേരും കോതമംഗലത്ത്‌ അഞ്ചുപേരും പരിശീലനം പൂർത്തിയാക്കി. അണക്കെട്ടുകളിലും ചതുപ്പുനിറഞ്ഞ ജലാശയങ്ങളിലും രക്ഷാപ്രവർത്തനം നടത്താനുള്ള പരിശീലനം ഇവർക്ക്‌ ലഭിച്ചു.ഉയരമുള്ള സ്ഥലങ്ങളിലെ കൂടുതൽ തണുപ്പുള്ള വെള്ളം നിറഞ്ഞ അണക്കെട്ടുകളിൽ രക്ഷാപ്രവർത്തനം നടത്താനുള്ള പരിശീലനം പൂർത്തിയാക്കാനുണ്ട്‌. ഇടുക്കിയിലെ അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന്‌ കോതമംഗലം അഗ്നി രക്ഷാനിലയത്തിലെ സ്‌കൂബ ടീം അംഗങ്ങൾ പങ്കാളികളാകുമെന്ന്‌ ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ പറഞ്ഞു.

വെള്ളത്തിനടിയിൽ സംസാരിക്കാം
വെള്ളത്തിനടിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സ്‌കൂബാ ടീം അംഗത്തിന്‌ നിർദേശം നൽകാൻ സഹായിക്കുന്ന അത്യന്താധുനിക ആശയവിനിമയ സംവിധാനവും സേനയ്‌ക്കുണ്ട്‌. ഒരുവർഷംമുമ്പാണ് ഈ സംവിധാനം സേനയുടെ ഭാഗമായത്‌. വെള്ളിത്തിലിറങ്ങുന്നയാൾക്ക്‌ കരയിൽ നിൽക്കുന്ന സേനാംഗത്തിന്റെ നിർദേശങ്ങൾ ഹെഡ്‌ഫോണിലൂടെ കേൾക്കാം. ഓക്‌സിജൻ മാസ്‌കിനോടുചേർന്നുള്ള മൈക്കിലൂടെ സംസാരിക്കാം. കരയിൽവച്ചിരിക്കുന്ന റിസീവറിനെ മൈക്കും ഹെഡ്‌ഫോണുമായി ബന്ധിപ്പിക്കുന്നത്‌ കേബിൾ വഴിയാണ്‌. അമ്പത്‌ മീറ്റർവരെ ആഴത്തിൽ ഇത്തരത്തിൽ ആശയവിനിമയം നടത്താനുള്ള സംവിധാനമാണ്‌ സേനയ്‌ക്കുള്ളത്‌.

ജലാശയങ്ങളിൽ തിരച്ചിൽ നടത്താൻ ജില്ലയിൽ 10 ഡിങ്കികൾ സജ്ജമാണ്‌. ഓരോന്നിലും ആറുപേർക്ക്‌ കയറാം. ആഴംകൂടിയ ജലാശയങ്ങളിൽ തിരച്ചിൽ നടത്താൻ സഹായിക്കുന്ന രണ്ട്‌ ജലരക്ഷക്‌ ബോട്ടുകളും സേനയ്‌ക്ക്‌ സ്വന്തം. ബോട്ടിൽ നാലുപേർക്ക്‌ സഞ്ചരിക്കാം. നിലവിൽ ആലുവ, ക്ലബ് റോഡ്‌ അഗ്നി രക്ഷാനിലയങ്ങളിലാണ്‌ ബോട്ടുകളുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top