21 December Saturday

വായന മരുന്നായി, ഫലപ്രദം 
ഈ ‘പുസ്തക ചികിത്സ’ ; വേണം കൂടുതൽ പുസ്തകങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


കൊച്ചി
എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇപ്പോൾ മടുപ്പിക്കുന്ന കാത്തിരിപ്പുകളില്ല. കൂട്ടുകൂടാൻ പുസ്‌തകങ്ങളുണ്ട്‌. വേദനയിൽ വായനയും മരുന്നാകുകയാണ്‌ പുതുതായി ആരംഭിച്ച ബുക്‌ സ്റ്റാൻഡർ: ലൈബ്രറി ആൻഡ്‌ റീഡിങ് കോർണർ. പബ്ലിക്‌ ലൈബ്രറിയുമായി ചേർന്ന്‌ ഈ മാസം ഒന്നിനാണ്‌ ട്രോമാ കെയർ ബ്ലോക്കിൽ ലൈബ്രറി ആൻഡ്‌ റീഡിങ് കോർണർ തുടങ്ങിയത്‌. ചികിത്സയ്‌ക്കെത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും പുസ്തകവായനയ്‌ക്ക്‌ ഇടമൊരുക്കുകയായിരുന്നു ലക്ഷ്യം. വലിയ സ്വീകാര്യതയാണ്‌ റീഡിങ് കോർണറിന്‌ ലഭിക്കുന്നത്‌. പുതിയ "പുസ്തക ചികിത്സ' ഫലപ്രദമാണെന്ന്‌ അവിടെയെത്തുന്നവരും സാക്ഷ്യപ്പെടുത്തുന്നു. ‘‘ആശുപത്രിയിൽ പലപ്പോഴും രോഗികൾക്കൊപ്പമെത്തുന്ന കൂട്ടിരിപ്പുകാർ മൊബൈലിൽ നോക്കുകയോ വെറുതെയിരിക്കുകയോ ആണ്‌ പതിവ്‌. റീഡിങ് കോർണർ വന്നതോടെ പുസ്തകങ്ങളും ആനുകാലികങ്ങളുമെല്ലാം വായിക്കാം. സമയം വെറുതേ പോകുന്നുവെന്ന തോന്നലില്ല.’’–- കോട്ടയം സ്വദേശി എ കെ വർഗീസ്‌ പറയുന്നു. 428 പുസ്തകങ്ങളാണ്‌ ആദ്യഘട്ടം ഉണ്ടായിരുന്നത്‌. ലളിതമായ വായനയ്ക്ക് സഹായകമാകുന്ന ചെറിയ പുസ്തകങ്ങളാണ് അധികവും. ആനുകാലികങ്ങളുമുണ്ട്‌. സമീപത്തെ രജിസ്റ്ററിൽ സ്വയം രേഖപ്പെടുത്തി എടുക്കുകയും തിരിച്ചുവയ്ക്കുകയും ചെയ്യാം. പുസ്തകങ്ങൾ അണുവിമുക്തമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌.

 സാന്ത്വനമാകും വായന
ജനറൽ ആശുപത്രിയുടെ സാന്ത്വനപരിചരണ വിഭാഗത്തിലുള്ളവർക്ക്‌ പുസ്തകങ്ങളെത്തിക്കുന്ന പുതിയ പദ്ധതി സെപ്‌തംബർ 13 മുതൽ ആരംഭിക്കും.
വീടുകളിൽ എത്തി പരിചരിക്കുന്ന പാലിയേറ്റീവ്‌ കെയർ യൂണിറ്റിലുള്ളവരുടെ കൈവശം പുസ്തകങ്ങൾ കൊടുത്തുവിടും. സാന്ത്വന പരിചരണത്തിലുള്ളവരുടെ വാട്‌സാപ് ഗ്രൂപ്പ്‌ വഴി പുസ്തകങ്ങളുടെ ലിസ്റ്റ്‌ പങ്കുവയ്‌ക്കും. അവരുടെ ആവശ്യമനുസരിച്ചാകും എത്തിക്കുക. എഴുപതോളം പുസ്തകങ്ങൾ ഇതിനായി ശേഖരിച്ചിട്ടുണ്ട്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top