വിമാന യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടയിൽ തങ്ങൾ ചൂഷണത്തിന് വിധേയമാവുന്നതായി കഴിഞ്ഞ മാസം എംപിമാർ പാർലമെന്റിൽ ഒരു പരാതി ഉന്നയിക്കയുണ്ടായി. ടിക്കറ്റ് ബുക്കിങ് പ്രക്രിയ പൂർത്തിയാക്കുമ്പോൾ തുടക്കത്തിൽ കാണിച്ചതിനെക്കാൾ മൂന്നിരട്ടി നിരക്ക് ഈടാക്കുന്നു എന്നായിരുന്നു പരാതി.
വ്യോമയാന മന്ത്രി ടി ഡി പിയിലെ രാം മോഹൻ നായിഡു കിഞ്ചരപു മുൻപാകെ ഡി എം കെയിലെ ദയാനിധിമാരനാണ് ആദ്യം പരാതി ഉന്നയിച്ചത്. മറ്റ് എം പിമാരിൽ നിന്നും ഇതേ പരാതി ലഭിക്കയുണ്ടായി എന്ന് സ്പീക്കർ ഓം ബിർലയും സഭയിൽ സമ്മതിച്ചു.
പതിവ് പോലെ, ഇക്കാര്യം അന്വേഷിക്കാം എന്ന് പാർലമെന്റിൽ പറഞ്ഞ മന്ത്രി നിരക്ക് കൊള്ളയുടെ കാര്യത്തിൽ കൈമലർത്തുകയാണ് ചെയ്തത്. വ്യോമയാന നിയമങ്ങൾ പ്രകാരം വിമാന ടിക്കറ്റ് നിരക്കിൽ ഇടപെടാൻ കഴിയില്ല എന്ന് ഈ നിയമം പാസാക്കിയ സഭയ്ക്ക് മുന്നിൽ തന്നെ അദ്ദേഹം തുറന്നു പറഞ്ഞു.
2023 ൽ കേരള ഹൈക്കോടതി മുൻപാകെ ഗൾഫ് മേഖലയിലേക്ക് വിമാന കമ്പനികൾ നടത്തുന്ന ടിക്കറ്റ് നിരക്ക് ചൂഷണം സംബന്ധിച്ച പരാതി വന്നപ്പോഴും ഇതേ വിശദീകരണമാണ് സർക്കാർ നൽകിയത്. 1994 മാർച്ചിലെ എയർ കോർപ്പറേഷൻ ആക്ട് മുൻ നിർത്തിയാണ് ടിക്കറ്റ് നിരക്ക് തട്ടിപ്പിലെ എല്ലാ പരാതികളെയും നേരിടുന്നത് പതിവ്.
ആഗോള തലത്തിലുള്ള ഘടകങ്ങളാണ് ടിക്കറ്റ് നിരക്കിനെ നിർണ്ണയിക്കുന്നത് എന്നാണ് വാദം. മത്സരാധിഷ്ഠിതമായി നിരക്ക് നിശ്ചയിക്കപ്പടുമ്പോൾ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയും എന്നും അവകാശപ്പെടുന്നു.
എയർലൈനുകൾ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ ചില റൂട്ടുകളിൽ കടുത്ത നഷ്ടം നേരിടുന്നു. ഇത് വിമാന കമ്പനികൾക്ക് തിരികെ കണ്ടെത്തേണ്ടതുണ്ട്. ഇതര റൂട്ടുകളിൽ ഈ നഷ്ടം നികത്തുന്ന സംവിധാനമാണ് പകരം കൈക്കൊള്ളുന്നത്. ഗൾഫ് റൂട്ടിലെ യാത്രികരാണ് ഇതിന്റെ ഫലമായിഏറ്റവും അധികം ചൂഷണത്തിന് വഴിപ്പെടേണ്ടി വരുന്നത്. തൊഴിൽ തേടി വിദേശങ്ങളിലേക്ക് പോകേണ്ടി വരുന്നവർ ഇരകളാവുന്നു. ഷെഞ്ചൻ രാജ്യങ്ങളിലേക്കുള്ളതിനെക്കാൾ നിരക്ക് വർധന ഈ റൂട്ടിൽ നിലനിൽക്കുന്നു.
എയർ കോർപ്പറേഷൻ ആക്ട് വിമാന കമ്പനികൾക്ക് ഇതിനുള്ള സംരക്ഷണം നൽകുന്നു എന്ന് വിശദീകരിക്കുക മാത്രമാണ് പരാതി പരിഹരിക്കേണ്ടവർ ചെയ്തുവരുന്നത്.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് കീഴിൽ താരിഫ് മോണിറ്ററിങ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ആഭ്യന്തര സർവ്വീസ് മാത്രമാണ് അവർ പരിഗണിക്കുന്നത്. അവിടെയും പാർലമെന്റ് അംഗങ്ങൾക്ക് വരെ പരാതിപ്പെടേണ്ട സാഹചര്യമാണ്. വ്യോമയാന ഗതാഗത രംഗം വൻ കോർപ്പറേറ്റുകൾ ഇടപെടുന്ന ലോകത്തിൽ ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന മേഖലയാണ്.
നിരക്ക് വർധവിലെ യുക്തിയില്ലാത്ത ചൂഷണം ചർച്ചയാവേണ്ടതുണ്ട്. എന്നാൽ ഇതിന് ബന്ധപ്പെട്ടവർ തന്നെ നിയമ തടസ്സം ചൂണ്ടി കാണിച്ച് മാറുകയാണ് എന്നാണ് യാത്രക്കാരുടെ പരാതി. യാത്രക്കാർ സംഘടിതരല്ല എന്നത് നിയമ നടപടികൾക്കും തുടർച്ച തേടുന്നതിൽ പരാജയപ്പെടാൻ കാരണമാവുന്നു.
ഇപ്പോൾ നിരക്ക് നിർണ്ണയിക്കുന്നത് എങ്ങനെയാണ് എന്നറിയണം
ടിക്കറ്റ് നിരക്ക് പ്രാഥമികമായി തീരുമാനിക്കുന്നതിന് എല്ലാ വിമാന കമ്പനികള്‍ക്കും ചില മാനദണ്ഡങ്ങളുണ്ട്. ചില അടിസ്ഥാന കാര്യങ്ങള്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിന് പരിഗണിക്കുന്നു. ഒരു അടിസ്ഥാന ടിക്കറ്റ് നിരക്ക് വിവിധ ലക്ഷ്യങ്ങളിലേക്ക് വിമാനക്കമ്പനികള്‍ മുന്‍കൂട്ടി തന്നെ തയാറാക്കിയിരിക്കും. ഇന്ധന ചാര്‍ജ്, സര്‍ചാര്‍ജ് ,വിവിധ നികുതികളും എയര്‍പോര്‍ട്ട് ഫീസും, ടിക്കറ്റ് ഇഷ്യൂ ചെയ്യാനുള്ള സേവന ഫീസും, ലോഞ്ച് ഉപയോഗിക്കുന്നതു വരെയും ഉള്‍പ്പെടുന്നതാണ് ഒരു വിമാന ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക്. ഇക്കണോമി ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ക്ലാസ്, ഭക്ഷണം, അധിക ലഗേജിനുള്ള പണം എന്നിവ പരിഗണിച്ചും ടിക്കറ്റുകളെ വിവിധ വില നിലവാരത്തിലായി വേര്‍തിരിക്കും.
ഒരു റൂട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് നിശ്ചയിക്കുമ്പോള്‍ വേറെയും വേർതിരിവുകൾ ഉണ്ട്. ആവശ്യക്കാരുടെ ഏകദേശ എണ്ണവുമായി താരതമ്യപ്പെടുത്തി വിവിധ ക്വാട്ടകളില്‍ വ്യത്യസ്ത നിരക്കിലാക്കി അവ മാറ്റും. നെടുംബാശ്ശേരിയിൽ നിരക്ക് താഴ്ന്നിരിക്കുമ്പോൾ കരിപ്പൂരിൽ സ്ഥിരം ഉയർന്നിരിക്കുന്നത് ശ്രദ്ധിക്കുക.
എന്താണ് ബക്കറ്റ് പ്രൈസിങ്ങ്
ഇത്തരത്തിൽ മൂന്നോ നാലോ ക്വാട്ടകളാക്കിയാണ് ടിക്കറ്റുകള്‍ ലഭ്യമാക്കുക. ഓരോ ക്വാട്ട മാറുന്നതിനുസരിച്ച് ടിക്കറ്റ് നിരക്കും വര്‍ധിച്ചു കൊണ്ടിരിക്കും. ഇതിനെ ' ബക്കറ്റ് പ്രൈസ് ' എന്നാണ് സാധാരണ പറയുക. അതായത് ഒരു വിമാനത്തിലെ ആകെയുള്ള സീറ്റി്‌ന്റെ ഒരു നിശ്ചിത ശതമാനം ( ഇരുപതോ മുപ്പതോ ഒക്കെ ആകും ) സീറ്റുകളായിരിക്കും എറ്റവും അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ നല്‍കുക. അത് കഴിഞ്ഞാല്‍ അടുത്ത ശതമാനം ടിക്കറ്റുകള്‍ കുറച്ച് കൂടി അധികം നിരക്കിലേക്ക് മാറ്റും. അതും കഴിഞ്ഞാല്‍ മറ്റൊരു ശതമാനം ടിക്കറ്റും അതിനേക്കാള്‍ കൂടുതല്‍ നിരക്കിലേക്ക് മാറും. ഇങ്ങനെ മൂന്നും നാലും ബക്കറ്റുകളായാണ് ടിക്കറ്റ് നിരക്ക് ചെയ്യുക.
അത്യാവശ്യക്കാർക്കായി കഴുത്തറുപ്പൻ ലേലം
ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച്, വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് നല്‍കാനായി കുറച്ച് ടിക്കറ്റുകള്‍ മാറ്റിവെയ്ക്കും. അവസാന നിമിഷ വില്‍പ്പനയക്ക് വേണ്ടി (ലാസ്റ്റ് മിനുട്ട് സെയില്‍) മാറ്റി വെയ്ക്കുന്ന ഈ ടിക്കറ്റുകളുടെ ചാര്‍ജ് ഏറ്റവും ഉയര്‍ന്നതായിരിക്കും. ഈ ടിക്കറ്റുകള്‍ അവസാന നിമിഷം യാത്രക്കാർ ഇല്ലെങ്കിൽ കുറഞ്ഞ നിരക്കില്‍ കൌണ്ടർ സെയിൽ നടത്തുന്ന രീതിയുമുണ്ട്.
ഓരോ ക്വാട്ടയും മാറുമ്പോൾ നിരക്ക് കൂടും
ടിക്കറ്റ് ഇഷ്യു ചെയ്യുമ്പോൾ ഓരോ ക്വാട്ടയും തീരുന്നതനുസരിച്ച് അടുത്ത ക്വാട്ടയിലേക്ക് മാറിക്കൊണ്ടിരിക്കും. ഓരോ റൂട്ടിലും വിവിധ ദിവസങ്ങളിലായി ഏകദേശം എത്രത്തോളം യാത്രക്കാര്‍ ഉണ്ടാകുമെന്ന് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ കണക്കാക്കിയിരിക്കും. ഈ റൂട്ടില്‍ മുന്‍കാലങ്ങളില്‍ സ്ഥിരമായുള്ള ടിക്കറ്റ് വില്‍പ്പനയുടെ എണ്ണം, അവധിക്കാലമോ, അല്ലെങ്കില്‍ ടൂറിസ്റ്റുകളുടെ സീസണ്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡാറ്റ (അല്‍ഗൊരിതം) വിമാനക്കമ്പനികള്‍ സെറ്റു ചെയ്തു വെച്ചിരിക്കും. ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ ഇത് ഏറ്റവും പ്രധാന ഘടകമാണ്. ഓരോ വിമാനക്കമ്പനികളും ടിക്കറ്റുകളുടെ ക്വാട്ടയും നിരക്കും നിശ്ചയിക്കുന്നതിലും അല്‍ഗൊരിതം കണക്കാക്കുന്നതിലുമൊക്കെ ഇപ്പോൾ ഏ ഐ സംവിധാനങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്.
അതുകൊണ്ടാണ് ഒരേ റൂട്ടില്‍ വിവിധ വിമാന കമ്പനികള്‍ക്ക് വിവിധ ടിക്കറ്റ് നിരക്കുകള്‍ വരുന്നത്. മാത്രമല്ല നിർമ്മിത ബുദ്ധി സംവിധാനങ്ങൾക്ക് അതിനെ പഠിപ്പിച്ച അൽഗൊരിതം അല്ലാതെ മാനുഷികത പ്രതിബദ്ധതയുടെ പ്രശ്നം ഇല്ല.
സൂക്ഷിച്ച് കൈകാര്യം ചെയ്താൽ ആപ്പുകൾ സഹായകമാവും
ഒരു നിശ്ചിത ദിവസത്തേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് കണ്ടു പിടിച്ചു തരുന്ന നിരവധി മൊബൈല്‍ ആപ്പുകളും വെബ് സൈറ്റുകളുമുണ്ട്. ഇതില്‍ തെരഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് നിരക്ക് കണ്ടെത്താനും ബുക്ക് ചെയ്യാനും കഴിയും. ട്രാവല്‍ ഏജന്റ് വഴിയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ സ്വയം തെരഞ്ഞ് കണ്ടെത്തിയ ഏറ്റവും ചുരുങ്ങിയ നിരക്കിനെ കുറിച്ച് അവരെ അറിയിക്കുകയും ആ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാം.
ഗൂഗിള്‍ വിമാന ടിക്കറ്റുകളുടെ തിരച്ചിലിലും മുന്നിലാണ്
ഒട്ടുമിക്ക വിമാനക്കമ്പനികളുടെയും ഒരേ റൂട്ടിലെ ടിക്കറ്റ് നിരക്കുകള്‍ ഒരുമിച്ച് തെരഞ്ഞ് കണ്ടുപിടിക്കുന്നതിനും ടിക്കറ്റ് നിരക്ക് താരമത്യം ചെയ്യുന്നതിനുമുള്ള (പ്രൈസ് കംപാരിസണ്‍) വെബ് സൈറ്റുകളും മൊബൈല്‍ ആപ്പുകളും ധാരാളമുണ്ട്. ഇതിന് ഏറ്റവും പറ്റിയ വെബ്‌സൈറ്റുകളിലൊന്നാണ് ഗൂഗിള്‍ കമ്പനിയുടെ ഗൂഗിള്‍ ഫ്‌ളൈറ്റ് എന്ന വെബ് പേജ്. ലഭ്യമായ ഏറ്റവും സൗകര്യമുള്ളതും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ കാണിച്ചു തരുന്നതുമായ വെബ് പേജാണിത്.
വിവിധ വിമാനക്കമ്പനികളുടെ പ്രസിദ്ധപ്പെടുത്തിയ ടിക്കറ്റ് നിരക്കുകളെല്ലാം ഇതില്‍ ലഭ്യമാണ്. മാത്രമല്ല ഒരു റൂട്ടില്‍ ഒരു ദിവസം ഏറ്റവും കുറഞ്ഞ ചാര്‍ജ് എത്രയാണെന്നും ഈ വെബ് പേജ് കാണിച്ചു തരും. അവര്‍ കാണിച്ചു തരുന്നതിനേക്കാള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് മറ്റെവിടെയും ഉണ്ടാകില്ലെന്നും അവര്‍ ഗ്യാരന്റി നല്‍കുന്നുണ്ട്. വിവിധ മാസങ്ങളിലെ ഓരോ ദിവസത്തെയും വിവിധ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് ഇതില്‍ കാണാനാകും. ഏത് ദിവസം ഏത് വിമാനത്തില്‍ യാത്ര ചെയ്താലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടുകയെന്ന് ഇതിലൂടെ മനസ്സിലാക്കാം.
ഈ വെബ് പേജിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. ഒരു വര്‍ഷത്തേക്ക് വരെ ദിനം പ്രതിയുള്ള ടിക്കറ്റ് നിരക്കുകള്‍ വളരെ എളുപ്പത്തില്‍ ഇതില്‍ കാണാന്‍ കഴിയും. ഇതിന് പുറമെ Skyscanner, wego തുടങ്ങിയ മറ്റ് വൈബ് സെറ്റുകളും അവയുടെ ആപ്പുകളും ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
കുക്കീസിൽ വീണു പോകരുത്
വിമാന ടിക്കറ്റ് കണ്ടെത്തുന്നതിനായി ഏതെങ്കിലും വെബ്‌സൈറ്റ് ഗൂഗിള്‍ ക്രോം വഴിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ബ്രൗസര്‍ വഴിയോ തമ്മള്‍ പല തവണ തുറന്ന് നോക്കിയിട്ടുണ്ടാകും. അങ്ങനെ വരുമ്പോള്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് നമ്മുടെ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ഒക്കെ ചില ഡാറ്റകള്‍ സ്‌റ്റോര്‍ ചെയ്യപ്പെടും ' കുക്കീസ് ' എന്നാണ് ഇതിന് സാങ്കേതികമായി പറയുക. അങ്ങനെ വന്നാല്‍ ചിലപ്പോള്‍ ഫ്‌ളൈറ്റ് ടിക്കറ്റിന്റെ നിരക്ക് വിമാന കമ്പനികള്‍ മാറ്റിയാല്‍ പോലും ' കുക്കീസ് ' രൂപപ്പെടുന്നത് കാരണം നമ്മുടെ മൊബൈള്‍ ഫോണിലും കമ്പ്യൂട്ടറിലുമെല്ലാം പഴയ നിരക്ക് തന്നെയാകും കിടക്കുക. ഇത് മാറ്റാനായി ഹിസ്റ്ററി ഓപ്ഷനില്‍ പോയി ' കുക്കീസ് ' ഇടയ്ക്കിടെ റിമൂവ് ചെയ്യുകയോ അല്ലെങ്കില്‍ Incogntio മോഡിലുള്ള ബ്രൗസറില്‍ വെബ്‌സൈറ്റുകള്‍ തുറക്കുകയോ വേണ്ടി വരും.
നേരത്തെ നിശ്ചയിച്ചാലും മെച്ചം
അന്‍പത് ദിവസം മുന്‍പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ കുറഞ്ഞ നിരക്കുള്ള ക്വാട്ടയില്‍ നിന്ന് ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്. യാത്രക്കുള്ള ദിവസം അടുക്കും തോറും നിരക്ക് കൂടിക്കൊണ്ടിരിക്കും.
നമ്മള്‍ യാത്ര ചെയ്യാന്‍ ഒരു തിയ്യതി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒന്നോ രണ്ടോ ദിവസം നേരത്തയോ അല്ലെങ്കില്‍ കഴിഞ്ഞോ യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടില്ലെങ്കില്‍ ആ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് കൂടി പരിശോധിക്കുക.
എത്തേണ്ട സ്ഥലത്തെ തൊട്ടടുത്ത വിമാനത്താളത്തിലേക്കുള്ള ടിക്കറ്റ് നിരക്കും പരിഗണിക്കാവുന്നതാണ്. കേരളത്തിൽ ഇപ്പോൾ ഇതിന് കൂടുതൽ സാധ്യകൾ ഉണ്ട്.
നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുക
ഓണ്‍ലൈനില്‍ ഏതെങ്കിലും വെബ്‌സൈറ്റിലോ അല്ലെങ്കില്‍ മൊബൈല്‍ ആപ്പിലോ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് കണ്ടെത്തിയാല്‍ ആ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റില്‍ നേരിട്ട് പോയി ടിക്കറ്റ് ബുക്ക് ചെയ്താല്‍ കുറച്ചു കൂടി നിരക്ക് കുറയാന്‍ സാധ്യതയുണ്ട്. കാരണം വൈബ് സൈറ്റുകള്‍ പലപ്പോഴും ഉപഭോക്താക്കളില്‍ നിന്ന് ഒരു തുക സര്‍വ്വീസ് ചാര്‍ജ് എന്ന നിലയില്‍ അധികമായി ഈടാക്കാറുണ്ട്. നേരിട്ട് ബുക്ക് ചെയ്യുമ്പോള്‍ ഈ തുക കുറഞ്ഞ കിട്ടും.
റിട്ടേണ്‍ ടിക്കറ്റ് കൂടി ഒരുമിച്ച് എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. രണ്ട് ടിക്കറ്റും ഒരുമിച്ചെടുക്കുന്നതിന് മുന്‍പ് രണ്ടും വെവ്വേറെ എടുത്താന്‍ കുറഞ്ഞ നിരക്കില്‍ കിട്ടുമോയെന്ന കാര്യം വൈബ് സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും മറ്റും പരതി കണ്ടുപിടിക്കുക. കുറഞ്ഞ നിരക്കില്‍ കിട്ടുമെങ്കില്‍ രണ്ട് ടിക്കറ്റും വെവ്വേറെ ബുക്ക് ചെയ്യുക.
ഓഫറുകള്‍ പരമാവധി മുതലാക്കുക
ഓണ്‍ലൈന്‍ വഴി വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി വെബ്‌സൈറ്റുകള്‍ നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്. ഈ ഓഫറുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാല്‍ ടിക്കറ്റ് നിരക്ക് കുറയും. ഇന്റര്‍നാഷണല്‍ ടിക്കറ്റില്‍ വലിയ തുകയ്ക്കുള്ള ഓഫറുകള്‍ ഉണ്ടാകാറുണ്ട്. ചില ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ മണി വാലറ്റുകളില്‍ നിന്നോ ഓണ്‍ലൈന്‍ വഴി പേമെയ്ന്റ് നടത്തുമ്പോഴോ ഒക്കെ ഇങ്ങനെ വലിയ തുകയുടെ ഓഫറുകള്‍ ലഭിക്കാറുണ്ട്. സ്വന്തമായി ഇവ ഇല്ലെങ്കില്‍ ഇവ ഉള്ളവര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത് അവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചെലവായ സംഖ്യ പണമായി നല്‍കിയാല്‍ മതി. ചിലപ്പോള്‍ പ്രമോഷന്റെ ഭാഗമായി എല്ലാവര്‍ക്കും ഡിസ്‌കൗണ്ട് നല്‍കുന്നതിനായി കൂപ്പണുകള്‍ ഇറക്കാറുണ്ട്. ഒരു തവണ ടിക്കറ്റ് ബുക്ക് ചെയ്തിന്റെ പേരില്‍ അടുത്ത തവണ ഡിസ്‌കൗണ്ട് കിട്ടുന്ന ഓഫറുകളുമുണ്ട്. ഒരു വെബ് സൈറ്റിലോ അല്ലെങ്കില്‍ മൊബൈല്‍ ആപ്പിലോ ആദ്യമായി രജസ്റ്റര്‍ ചെയ്ത് ടിക്കറ്റെടുക്കുന്നവര്‍ക്കും ചില്ലപ്പോള്‍ ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് കിട്ടാറുണ്ട്. ഈ ഡിസ്‌കൗണ്ട് നേരത്തെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ബന്ധുക്കളുടെയോ അല്ലെങ്കില്‍ പരിചയത്തിലുള്ളവരുടെയോ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പുതുതായി രജിസ്റ്റര്‍ ചെയ്ത അത് വഴി വീണ്ടും ഡിസ്‌കൗണ്ട് നേടാം.
ഒരേ കമ്പനിയുടെ വിമാനത്തില്‍ ഇടയ്ക്കിടെ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ചില വിമാനക്കമ്പനികള്‍ ' ഫ്രീക്കന്റ് ഫ്‌ളയര്‍ ' എന്ന ലേബലില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കാറുണ്ട്. ഇതും പ്രയോജനപ്പെടുത്തണം. ഓഫറുകള്‍ പലപ്പോഴും മാറിക്കൊണ്ടിരിക്കും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് മുന്‍പ് എന്തെല്ലാം ഓഫറുകള്‍ ഉണ്ടെന്ന് ആദ്യം തന്നെ നോക്കി വെയ്ക്കണം.
ടിക്കറ്റ് ബുക്ക് ചെയ്യാം, പണം പിന്നീട് നല്‍കിയാല്‍ മതി
ചില ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനികള്‍ ടിക്കറ്റ് തുക മൊത്തമായി വാങ്ങാതെ ഇന്‍സ്റ്റാള്‍മെന്റായി വാങ്ങുന്ന സംവിധാനം കൊണ്ടു വന്നിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മുഴുവന്‍ പണവും കൈയ്യിലില്ലാത്തവര്‍ക്ക് Book Ticket Now, Pay later എന്ന ഈ സംവിധാനം വളരെ ഉപകാരപ്രദമാണ്. ഒരു ചെറിയ തുക നല്‍കി ടിക്കറ്റെടുക്കാം ബാക്കി തുക രണ്ടോ മൂന്നോ ഗഡുക്കളായി നല്‍കിയാല്‍ മതി. തിരിച്ചടയ്ക്കാന്‍ കൂടുതല്‍ ഗഡുക്കള്‍ വേണ്ടവര്‍ക്ക് നിശ്ചിത ശതമാനം പലിശ നല്‍കിയാല്‍ അതും ലഭിക്കും. എന്നാല്‍ ഈ സംവിധാനത്തിന് ഉപഭോക്താവിന്റെ പൂര്‍ണ്ണ വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും ബാങ്ക് വിവരങ്ങളുമെല്ലാം നല്‍കേണ്ടി വരും.
അവധി ദിവസങ്ങള്‍ ഒഴിവാക്കി ടിക്കറ്റ് ബുക്ക് ചെയ്യുക
വെള്ളി മുതല്‍ ഞായര്‍ വരെ അവധി ദിനങ്ങളില്‍ ടിക്കറ്റ് നിരക്ക് പലപ്പോഴും വളരെ കൂടുതലായിരിക്കും. യാത്രക്കാരുടെ എണ്ണം കൂടുതലാകുന്നതു കൊണ്ടാണിത്. അതേ പോലെ നാട്ടില്‍ ഓണം ഓണം പെരുന്നാള്‍ ക്രിസ്തുമസ് വിഷു തുടങ്ങിയ ആഘോഷ സമയത്തും സ്‌കൂളുകളിലെ വേനലവധി സമയത്തും മറ്റും കഴിയുമെങ്കില്‍ യാത്ര ഒഴിവാക്കുക.
രാത്രി യാത്രയും കണക്ഷൻ ഫ്ലൈറ്റും
രാത്രി 12 മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയുന്നതായി കാണാറുണ്ട്. യാത്രക്കാരുടെ എണ്ണം ഈ സമയത്ത് കുറവായിരിക്കുന്നതിനാല്‍ നിരക്കും കുറയും. നേരട്ടുള്ള വിമാന സര്‍വ്വീസിനേക്കാള്‍ ഒന്നോ രണ്ടോ സ്‌റ്റോപ്പ് ഓവര്‍ ഉള്ള വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയാറുണ്ട്. യാത്രയുടെ സമയം കൂടുമെങ്കിലും ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടെങ്കില്‍ ഇതും പരീക്ഷിക്കാവുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..