തിരുവനന്തപുരം
തദ്ദേശവകുപ്പ് കൊണ്ടുവന്ന പരിഷ്‌കരണ നടപടികൾ സംസ്ഥാനത്തെ വ്യവസായ മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കും. ലൈസൻസ് നേടൽ, പാർക്കിങ് വ്യവസ്ഥ, മാലിന്യസംഭരണം എന്നിവയുമായി ബന്ധപ്പെട്ട് സംരംഭകർക്കനുകൂലമായ മാറ്റങ്ങളാണ് വരുത്തിയത്. വ്യാപാര, -വാണിജ്യ,- വ്യവസായ,- സേവന ലൈസൻസ് ഫീസ് കണക്കാക്കാൻ കൂടുതൽ സ്ലാബുകൾ കൊണ്ടുവരുമെന്ന തീരുമാനം ഏറെ ഈ മേലഖലയിലുള്ളവരുടെ പ്രധാന ആവശ്യമാണ്.
വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയിലും കുറവു വരുത്തി. നിയമലംഘനമില്ലാത്ത കേസുകളിൽ പരമാവധി ഇത്ര ശതമാനം എന്ന് നിശ്ചയിച്ച് പിഴ ലഘൂകരിക്കും. വീടുകളോടു ചേർന്ന് പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നത് എംഎസ്എംഇ മേഖലയ്‌ക്ക് മുതൽക്കൂട്ടാകും.
വലിയ മാളുകളിലും കെട്ടിടങ്ങളിലും ഉൾപ്പെടെ 100 ശതമാനം പാർക്കിങ്ങും കെട്ടിടനിർമാണം നടക്കുന്ന പ്ലോട്ടിൽതന്നെ ഒരുക്കണമെന്ന തീരുമാനം കേരളംപോലെ ഭൂമി ലഭ്യത കുറവായ നാട്ടിൽ നടപ്പാക്കുന്നത് സംരംഭകർക്ക് പ്രയാസമുണ്ടാക്കിയിരുന്നു. ഇതിൽ ഇളവു വരുത്തുന്നതും ആശ്വാസമാകും. ഒരേ ഉടമസ്ഥന്റെ പേരിലുള്ള 200 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്ത് പാർക്കിങ് ഒരുക്കിയാൽ മതി.
വ്യാപാര സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം യൂസർഫീസ് നിശ്ചയിച്ച് നൽകുമെന്നതും ശ്രദ്ധേയമാണ്. ചില നഗരസഭകളിൽ എല്ലാ കച്ചവട സ്ഥാപനങ്ങളിൽനിന്നും ഒരേ ഫീസ് വാങ്ങുന്നുവെന്ന പരാതിയുണ്ടായിരുന്നു.
ദീര്‍ഘകാല ആവശ്യം:
ഇ എസ് ബിജു
വ്യാപാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് തദ്ദേശവകുപ്പ് നടപ്പാക്കുന്നതെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു. വ്യാപാര വ്യവസായി സമിതിയടക്കം പങ്കെടുത്ത യോഗത്തിൽ ഉന്നയിച്ച നിർദേശങ്ങൾ പരിഗണിച്ചു. ലൈസൻസ് ഫീസിലെ പിഴപ്പലിശ ഒഴിവാക്കിയത്, കെട്ടിട നിർമാണ പെർമിറ്റ് 15 വരെയാക്കിയത്, ലൈസൻസ് കാലാവധിയിലെ പരിഷ്കരണം തുടങ്ങിയവ വ്യാപാരികളുടെ നിരന്തര ആവശ്യമായിരുന്നു. ഹരിത കർമസേന എടുക്കുന്ന മാലിന്യത്തിന്റെ അളവിന് ആനുപാതികമായി വ്യാപാരികളിൽനിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണ്– ഇ എസ് ബിജു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..