തിരുവനന്തപുരം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് കെൽട്രോണിന്റെ നൈപുണ്യവികസന കോഴ്സുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ അവസരം. കെൽട്രോൺ കോഴ്സുകൾ ആഡ് ഓൺ കോഴ്സായി ഇനിമുതൽ തെരഞ്ഞെടുക്കാം. സർവകലാശാലയും കെൽട്രോണുമായി ചേർന്ന് നൈപുണ്യ വികസന ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ തുടങ്ങാനുള്ള ധാരണപത്രം ഒപ്പുവച്ചു. സെക്രട്ടറിയറ്റ് സൗത്ത് കോൺഫെറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കെൽട്രോൺ മാനേജിങ് ഡയറക്ടർ റിട്ടയേർഡ് വൈസ് അഡ്മിറൽ ശ്രീകുമാർ നായരും സർവകലാശാല രജിസ്ട്രാർ ഡോ. ഡിംപി വി ദിവാകരനുമാണ് ധാരണ പത്രം ഒപ്പുവെച്ചത്. മന്ത്രിമാരായ ആർ ബിന്ദു, പി രാജീവ്, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ. വി പി ജഗതി രാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്. സർവകലാശാലയിലെ പഠിതാക്കൾക്ക് ഇന്റേൺഷിപ്പിനും ടെക്നിക്കൽ അപ്രന്റീസ്ഷിപ്പുകൾക്കും കെൽട്രോണിൽ അവസരമുണ്ടാകും. ഇതുവഴി പഠിതാക്കൾക്ക് വേഗത്തിൽ തൊഴിൽ ലഭിക്കുന്നതിനും ഉന്നത പഠനത്തിനും അവസരമേറും.
വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മികച്ച സംഭാവനയാണ് നൽകുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കടക്കം നൈപുണ്യ വികസനം നൽകാൻ സർവകലാശാലക്ക് കഴിയുന്നതായും മന്ത്രി ആർ ബിന്ദു പറഞ്ഞു. ഉന്നത വിഭാഭ്യാസ രംഗവും വ്യവസായ മേഖലകളും തമ്മിലുള്ള ബന്ധം ദൃഢമാക്കണമെന്നും തൊഴിൽ സംരഭക മേഖലകൾ വിപുലമാക്കിയും കാലാനുസൃതമായ സിലബസുകൾ രൂപീകരിച്ചുമാകണം നൈപുണ്യ കോഴ്സുകൾ നടത്തേണ്ടതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ചടങ്ങിൽ സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോ. എസ് വി സുധീർ, കെൽട്രോൺ ചെയർമാൻ എൻ നാരായണ മൂർത്തി എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..