19 December Thursday

സിദ്ദിഖിന്റെ ജാമ്യഹർജി 
വിധിപറയാൻ മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കൊച്ചി
യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധിപറയാൻ മാറ്റി. തിരുവനന്തപുരം മാസ്‌കോട്ട്‌ ഹോട്ടലിൽവച്ച്‌ പീഡിപ്പിച്ചെന്ന നടിയുടെ ആരോപണത്തിൽ സിദ്ദിഖ് പ്രതികരിച്ചിട്ടില്ലെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്പെഷ്യൽ ഗവ. പ്ലീഡർ പി നാരായണൻ പറഞ്ഞു.
പീഡനത്തെക്കുറിച്ച് 2019 മുതൽ സമൂഹമാധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യുംമുമ്പുതന്നെ സംഭവം നടന്ന മുറിയെക്കുറിച്ച് യുവതി പറഞ്ഞിരുന്നു. മുറി അതുതന്നെയെന്ന്‌ പൊലീസ് സ്ഥിരീകരിച്ചെന്ന്‌ കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് സി എസ് ഡയസ് ജാമ്യാപേക്ഷ വിധിപറയാൻ മാറ്റിയത്.

പ്രതികൾ ശക്തരായതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന യുവതിയുടെ വിശദീകരണവും കോടതി പരിഗണിച്ചു. പീഡന ആരോപണം മുമ്പ് ഉന്നയിച്ചിട്ടില്ലെന്നായിരുന്നു സിദ്ദിഖിന്റെ വാദം.ലെെംഗികാതിക്രമക്കേസിൽ പ്രതിയായ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ഹെെക്കോടതി വിശദീകരണം തേടി.

അതേസമയം, ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്‌ജിത്തിനെ എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്‌തു. അന്വേഷകസംഘം വിളിച്ചിട്ടാണ് വന്നതെന്ന്‌ പറഞ്ഞ രഞ്‌ജിത്, മറ്റ് ചോദ്യങ്ങൾക്ക്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചില്ല. ബംഗാളി നടിയാണ്‌ രഞ്‌ജിത്തിനെതിരെ പരാതി നൽകിയത്‌.

ബി ഉണ്ണിക്കൃഷ്‌ണനെതിരെ ഹർജി
ബി ഉണ്ണിക്കൃഷ്ണനെ സിനിമ നയരൂപീകരണ സമിതി അംഗമാക്കിയതിനെതിരെ സംവിധായകൻ വിനയൻ ഹൈക്കോടതിയെ സമീപിച്ചു. തൊഴിൽനിഷേധിച്ചതിന്‌ താൻ നൽകിയ പരാതിയിൽ പിഴയൊടുക്കിയ വ്യക്തിയാണ് ഉണ്ണിക്കൃഷ്ണനെന്ന്‌ വിനയൻ പരാതിയിൽ പറഞ്ഞു. അങ്ങനെയുള്ള വ്യക്തിയെ സർക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയിൽനിന്ന്‌ ഒഴിവാക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ടെന്നും വിനയൻ ഹർജിയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top