18 September Wednesday

അജൻഡകൾ പൊളിഞ്ഞു ; നിരാശയിൽ പുതഞ്ഞ്‌ മാധ്യമങ്ങൾ

പ്രത്യേക ലേഖകൻUpdated: Friday Sep 13, 2024


തിരുവനന്തപുരം
യുഡിഎഫിനെ സഹായിക്കാൻ അജൻഡയുമായി കാത്തിരുന്ന ഒരുവിഭാഗം മാധ്യമങ്ങൾക്ക്‌ എൽഡിഎഫ്‌ യോഗം കഴിഞ്ഞപ്പോൾ നിരാശ. കൺവീനർ ടി പി രാമകൃഷ്ണൻ സംശയത്തിനിടനൽകാതെ കാര്യം വ്യക്തമാക്കിയപ്പോൾ എഡിജിപി വിഷയത്തിൽ പുകമറയ്‌ക്ക്‌ സാധ്യത തേടിയവർ നിരാശരായി.

എഡിജിപിയെ ഉടൻ പുറത്താക്കണമെന്ന്‌ ആവശ്യപ്പെടുന്നവർക്ക്‌ വസ്‌തുത പുറത്തുവരലല്ല, സർക്കാരിനെതിരെ ദുഷിപ്പ്‌ പ്രചരിപ്പിക്കലാണ്‌ ലക്ഷ്യം. ഇ പി ജയരാജൻ ജാവ്ദേക്കറെയെയും ഷിബു ബേബിജോൺ മോദിയെയും കണ്ടത്‌ എഡിജിപി വിഷയവുമായി തുലനംചെയ്യുന്നത്‌ ആടിനെ പട്ടിയാക്കലാണ്‌. മന്ത്രിയായിരുന്ന ഷിബു ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കണ്ടത്‌ വിവാദമാകാൻ കാരണം, ഗുജറാത്ത്‌ മികച്ച വികസന മാതൃകയാണെന്നും കേരളം അവ നടപ്പാക്കുമെന്നുമുള്ള പ്രസ്‌താവനയാണ്‌. അന്ന് വിമർശിച്ചവരിൽ വയലാർ രവിയും കെ സി വേണുഗോപാലുമുണ്ട്‌.

എന്നാൽ എഡിജിപിക്ക്‌ സർക്കാരിന്റെ നയപരിപാടി തീരുമാനിക്കുന്നതിൽ പങ്കില്ല.  ക്രമസമാധാനപാലന ചുമതലയുള്ളയാൾ ആർഎസ്‌എസ്‌ നേതാക്കളെ എന്തിനുകണ്ടുവെന്നത്‌ പക്ഷേ ഗൗരവമുള്ളതുമാണ്‌. ഗൗരവത്തോടെയാണ്‌ സർക്കാർ അത്‌ അന്വേഷിക്കുന്നത്‌.എഡിജിപിയെ സംരക്ഷിക്കാനല്ല, അന്വേഷണ റിപ്പോർട്ടിന്മേൽ നടപടിയെടുക്കുക എന്ന ഏറ്റവും ജനാധിപത്യപരമായ നിലപടാണ്‌ എൽഡിഎഫ്‌ എടുത്തത്‌. ഓരോ പാർടിയും അഭിപ്രായങ്ങൾ പറഞ്ഞു, കൂട്ടായ തീരുമാനമെടുത്തു. ഇതോടെ തങ്ങളുടെ അജൻഡ  മുന്നണി തീരുമാനിക്കണമെന്ന മാധ്യമങ്ങളുടെ വാശി വെറും ആഗ്രഹം മാത്രമായി മാറി.

അസംബന്ധപ്രചാരണം അവസാനിപ്പിക്കണം : എം വി ഗോവിന്ദൻ
മാധ്യമങ്ങൾ എൽഡിഎഫ്‌ സർക്കാരിനും സിപിഐ എമ്മിനും എതിരായി അസംബന്ധങ്ങൾ പടച്ചുവിടുകയാണെന്ന്‌ പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. മാധ്യമങ്ങൾ ഓരോ വാർത്ത  സൃഷ്ടിക്കും. അതനുസരിച്ച്‌ സർക്കാർ നീങ്ങിയില്ലെങ്കിൽ എന്തോ പ്രശ്‌നമുണ്ടെന്ന്‌ ചർച്ച സംഘടിപ്പിക്കും. ഇത്തരം ചർച്ചകൾക്ക്‌ പാർടി നിന്നുകൊടുക്കില്ല. പാർടിക്കും സർക്കാരിനും പ്രതിസന്ധിയൊന്നുമില്ല. മാധ്യമങ്ങൾക്കാണ്‌ പ്രതിസന്ധി.

മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ആർഎസ്‌എസ്‌ നേതാക്കളെ കണ്ടുവെന്ന പ്രചാരണം ശുദ്ധ അസംബന്ധവും കള്ളത്തരവുമാണ്‌. ഇത്തരം അസംബന്ധപ്രചാരണം അവസാനിപ്പിക്കുന്നതാണ്‌ നല്ലത്‌. എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ കാലാവധി ഒരു മാസമാണ്‌. റിപ്പോർട്ട്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ അത്‌ പരിശോധിച്ച്‌ സർക്കാർ നടപടി എടുക്കും. തെറ്റ്‌ ചെയ്യുന്ന ആരെയും സംരക്ഷിക്കില്ലെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പി വി അൻവർ എംഎൽഎ പരാതിയൊന്നും എഴുതി നൽകിയിട്ടില്ല. എല്ലാ ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്‌. എൽഡിഎഫ്‌ ഒറ്റക്കെട്ടായാണ്‌ തീരുമാനങ്ങൾ എടുക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top