23 December Monday

ഞങ്ങൾക്കും സ്വന്തം ഭൂമി ; സർക്കാരിന്റെ ഓണസമ്മാനമായി പട്ടയം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024


കളമശേരി
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ തിരുവോണത്തിനുമുന്നോടിയായി ഭൂമിക്ക്‌ അവകാശികളായതിന്റെ സന്തോഷത്തിലാണ്‌ അവർ. കടവൂർ മാവിൻതൊടി വടക്കുന്നേൽ ബി വി ജോൺ, നെടുംതടത്തിൽ ത്രേസ്യാമ്മ മാത്തുക്കുട്ടി, മുടിലിൽ സാലി ജോർജ്‌, പുത്തൻവേലിക്കര ഒറക്കോടത്ത്‌ ഒ കെ ഹരിഹരൻ തുടങ്ങിയവർ വർഷങ്ങളായുള്ള ഓട്ടത്തിനൊടുവിൽ പട്ടയം സ്വന്തമാക്കിയതിന്റെ സന്തോഷം മറച്ചുവച്ചില്ല.

കളമശേരി നഗരസഭാ ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാന പട്ടയവിതരണമേളയിൽനിന്ന്‌ അവർ ഉൾപ്പെടെ ജില്ലയിലെ 539 പേർ സ്വന്തം ഭൂമിക്ക്‌ അവകാശികളായി. റവന്യുമന്ത്രി കെ രാജൻ പട്ടയരേഖ കൈമാറി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായാണ്‌ സംസ്ഥാന സർക്കാർ പട്ടയമേള സംഘടിപ്പിച്ചത്‌. വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനായി. എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി, ടി ജെ വിനോദ്‌, പി വി ശ്രീനിജിൻ, ആന്റണി ജോൺ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ, ലാൻഡ് റവന്യു കമീഷണർ എ കൗശിഗൻ, കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ എന്നിവർ സംസാരിച്ചു.

കോതമംഗലം താലൂക്കിൽനിന്ന്‌ -24, മൂവാറ്റുപുഴ–- -26, കുന്നത്തുനാട്– 27, ആലുവ–- -11, പറവൂർ– 10, കൊച്ചി– 9, കണയന്നൂർ– 7 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്‌തത്. 250 ലാൻഡ്‌ ട്രിബ്യൂണൽ പട്ടയങ്ങളും 70 ദേവസ്വം പട്ടയങ്ങളും കോതമംഗലം സ്പെഷ്യൽ ഓഫീസിനുകീഴിൽ 105 പട്ടയങ്ങളും വിതരണം ചെയ്‌തു. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി ഒക്ടോബർ 15നകം 597 പട്ടയങ്ങൾകൂടി ചേർത്ത് ആകെ 1136 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top