പെരുമ്പാവൂർ
യുഡിഎഫ് ഭരിക്കുന്ന മുടക്കുഴ പഞ്ചായത്തിലും കോൺഗ്രസ് അംഗങ്ങൾക്കിടയിൽ തർക്കം രൂക്ഷം. പഞ്ചായത്ത് പ്രസിഡന്റ് പി പി അവറാച്ചനെ നീക്കാൻ കുറുപ്പംപടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായി രംഗത്തിറങ്ങി. ഐ ഗ്രൂപ്പുകാരനായ അവറാച്ചനെ നീക്കാൻ എ ഗ്രൂപ്പുകാർക്കൊപ്പം സ്വന്തം ഗ്രൂപ്പുകാരും രംഗത്തുണ്ട്. 13 അംഗ ഭരണസമിതിയിൽ ഒമ്പത് കോൺഗ്രസ് അംഗങ്ങളിൽ ആറുപേരും പി പി അവറാച്ചനെതിരെ രംഗത്തുണ്ട്. മൂന്നുപേർമാത്രമാണ് അനുകൂലിക്കുന്നത്.
ഏകപക്ഷീയമായിട്ടാണ് പ്രസിഡന്റ് തീരുമാനങ്ങളെടുക്കുന്നതെന്നും അഹങ്കാരത്തിന്റെ കൊമ്പൊടിക്കുമെന്നുമാണ് കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റിയിലെ നേതാക്കളിൽ ചിലർ പറയുന്നത്.
ഭരണസമിതിയിലെ ചേരിപ്പോരുമൂലം വികസനം മുടങ്ങിയ അവസ്ഥയാണ്. കുടിവെള്ളപ്രശ്നം, റോഡുകളുടെ തകർച്ച എന്നിവ പരിഹരിക്കാൻ കഴിയുന്നില്ല. യുഡിഎഫ് ഭരിക്കുന്ന ഒക്കൽ, കൂവപ്പടി പഞ്ചായത്തുകളിലും പെരുമ്പാവൂർ നഗരസഭയിലും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിൽ മൂന്നുപേർവീതം മാറിക്കഴിഞ്ഞു. വെങ്ങോലയിൽ മൂന്നാമത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള തർക്കത്തിലാണ്. മുടക്കുഴയിൽ മാത്രമാണ് പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാതിരുന്നത്. പുതിയ തന്ത്രങ്ങളിലൂടെ പി പി അവറാച്ചനെ അട്ടിമറിക്കാനുള്ള നീക്കം സജീവമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..