ഡി ദിലീപ‌്
ഊബർ ഈറ്റ‌്സ‌് എന്നെഴുതിയ ബാഗും തോളിൽ തൂക്കി ഇരുചക്ര വാഹനത്തിൽ കൊച്ചിയിലൂടെ പറക്കുന്ന ചെറുപ്പക്കാരൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന സത്യം പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ‘‘എട്ടുമാസമായി ശമ്പളം കിട്ടിയിട്ട‌്. കിട്ടാവുന്ന കടം മുഴുവൻ വാങ്ങി. വിശന്നുവലയുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ എത്രനേരം കണ്ടുനിൽക്കും. തസ‌്തിക തിന്നാൻ തരില്ലല്ലോ. നീല യൂണിഫോം തൽക്കാലം ഊരി. ഊബർ ഈറ്റ‌്സ‌് എങ്കിൽ ഊബർ ഈറ്റ‌്സ‌്. ജീവിക്കാനായി പറക്കുകയാണ‌്.’’ ഒരു കാലത്ത‌് പ്രൗഢിയിൽ വിലസിയിരുന്ന വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ‌് പ്രിന്റ‌് ഫാക്ടറിയിലെ സ്ഥിരം ജീവനക്കാരനായ മധു(ശരിയായ പേരല്ല) പറയുന്നു. ഇത‌് ഒറ്റപ്പെട്ട സംഭവമല്ല. ആദ്യത്തേതുമല്ല. കേന്ദ്രം വിൽക്കാൻ വച്ച എച്ച‌്എൻഎല്ലിലെ 364 സ്ഥിരം ജീവനക്കാരിൽ നൂറിലേറെ പേരും ഇന്ന‌് പുറംപണിക്കുപോകുകയാണ‌്. പുറമെ 400ലേറെ കരാർ തൊഴിലാളികൾ, നാലായിരത്തിലേറെ അനുബന്ധ തൊഴിലാളികൾ, വെള്ളൂർ, പെരുവ, തലയോലപ്പറമ്പ‌് എന്നിവിടങ്ങളിലെ കച്ചവടസ്ഥാപന ഉടമകളും ജീവനക്കാരും തുടങ്ങി 7000 കുടുംബങ്ങളാണ‌് തെരുവിലേക്ക‌് എറിയപ്പെട്ടത‌്.
ജീവിക്കാനായി "രഹസ്യപ്പണി’
കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുമ്പോഴാണ‌് കൊല്ലം സ്വദേശിയായ മധുവിന‌് അഞ്ചുവർഷംമുമ്പ‌് വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ‌് പ്രിന്റ‌് ഫാക്ടറിയിൽ നിയമന ഉത്തരവ‌് കിട്ടുന്നത‌്. വിവാഹം കഴിഞ്ഞതേയുള്ളൂ. രാജ്യത്തെതന്നെ പ്രമുഖമായ കേന്ദ്രപൊതുമേഖലാ സ്ഥാപനത്തിൽ സ്ഥിരം ജോലി. മാന്യമായ ശമ്പളം, താമസിക്കാൻ കമ്പനി വക വീട‌്. ജീവിതം രക്ഷപ്പെട്ടെന്ന‌് വിചാരിച്ചു. മൂന്നു വർഷം കുഴപ്പവുമില്ലാതെ കടന്നുപോയി. ഇതിനിടെ മധുവിന്റെ ജീവിതത്തിലേക്ക‌് രണ്ടു കുഞ്ഞുങ്ങൾകൂടി വന്നു. മൂത്തയാൾ എൽകെജിയിൽ. രണ്ടാമത്തേത‌് കൈക്കുഞ്ഞാണ‌്. എട്ടുമാസം മുമ്പാണ് ആദ്യം ശമ്പളം മുടങ്ങിയത്. പിന്നെ അതു തുടര്‍ന്നു. വീട്ടാവശ്യത്തിന‌് എടുത്ത അഞ്ചുലക്ഷം രൂപ വായ‌്പ ഭീമമായി വളര്‍ന്നു തുടങ്ങി.കുഞ്ഞുങ്ങൾക്ക‌് പാലിനുപോലും പൈസയില്ലാതെവന്നതോടെ എറണാകുളത്ത‌് ഊബർ ഈറ്റ‌്സിൽ പണിക്കുപോയിത്തുടങ്ങി. എച്ച‌്എൻഎല്ലിലെ സ്ഥിരം ജീവനക്കാരായ നൂറിലേറെ പേർ തന്നെപ്പോലെ ഊബർ ഈറ്റ‌്സിലും സൊമാറ്റയിലും മറ്റുമായി പണിയെടുക്കുന്നുണ്ടെന്ന‌് മധു പറഞ്ഞു. മസ‌്റ്റർ റോളിൽ പേരുവന്നാൽ ജോലിയിൽനിന്ന‌് പിരിച്ചുവിടുമോയെന്ന ഭയത്താൽ പകുതി രഹസ്യമായാണ‌് ഈ പണി.
ആത്മഹത്യ എന്ന അഭയം
മകളുടെ ഫീസിന‌് പണമയക്കാൻ കഴിയാതിരുന്ന ഒരു സീനിയർ മാനേജർ ആത്മഹത്യക്ക‌് ശ്രമിച്ചതിനെ കുറിച്ച് ജീവനക്കാര്‍ നിസംഗതയോടെയാണ് വിവരിക്കുന്നത്.വടക്കുകിഴക്കൻ സംസ്ഥാനക്കാരനായ മാനേജർ ഒരുവർഷം മുമ്പാണ‌് ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന്റെ ആസ്ഥാനത്തുനിന്ന‌് ഇവിടെയെത്തിയത‌്. എട്ടുമാസമായി ശമ്പളം മുടങ്ങിയതോടെ ജീവിതം വഴിമുട്ടി. മകൾ നാട്ടിൽ ഉന്നതവിദ്യാഭ്യാസം നടത്തുകയാണ‌്. ഫീസ‌് മുടങ്ങി. മകള്‍ക്ക് ആഹാരത്തിനുപോലും പണം അയച്ചുനൽകാൻ കഴിയാതെ വന്നപ്പോഴാണ് അയാള്‍ കയറില്‍ കഴുത്തുകുരുക്കിയത്. അയൽവാസി കണ്ടതുകൊണ്ടുമാത്രം ജീവൻ രക്ഷപ്പെട്ടു. കഴിഞ്ഞ മാസങ്ങളില്‍ രണ്ടു ജീവനക്കാർ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും തൊഴിലാളികൾ പറഞ്ഞു.
ഇറക്കാനും തുപ്പാനും വയ്യ
18 വർഷമായി എച്ച‌്എൻഎല്ലിൽ കരാര്‍തൊഴിലാളിയായ പ്രകാശൻ ഇപ്പോൾ പെയിന്റിങ‌് പണിക്കാരനാണ‌്. ദിവസം 24 രൂപ ദിവസ വേതനത്തിനാണ‌് ജോലിക്ക‌് കയറിയത‌്. ഇന്നും വലിയ കൂലിയൊന്നുമില്ല. എന്നാൽ, 30 ദിവസവും ജോലിയുണ്ടാകുമായിരുന്നു. ചിലപ്പോൾ അധിക ജോലി കിട്ടും. കൂലിയില്ലെങ്കിലും കടം കിട്ടും. ബാങ്ക് വായ‌്പ കിട്ടും. എട്ടുമാസമായി എല്ലാം തകിടംമറിഞ്ഞു. രണ്ടു കുട്ടികളിൽ ഒരാൾ പ്ലസ‌്ടുവിനും ഇളയയാൾ എട്ടിലും. ഒരു ലക്ഷം രൂപയുടെ വായ‌്പ തിരിച്ചടവ‌് മുടങ്ങി. അങ്ങനെ ബ്രഷ‌് കൈയിലെടുത്തു. ഇടവിട്ട ദിവസങ്ങളില്‍ കമ്പനിയിൽ എത്തും. എന്നെങ്കിലും ഒരിക്കൽ കമ്പനി വീണ്ടും പ്രവർത്തനം തുടങ്ങിയാലോ? അന്ന‌് ജോലി പോകില്ലേ? ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിലാണ‌് കരാർ തൊഴിലാളികൾ.
എച്ച‌്എൻഎല്ലിന്റെ തകർച്ച തൊഴിലാളികളെ മാത്രമല്ല ബാധിച്ചത‌്. തകർന്നത‌് ആ നാടുംകൂടിയാണ‌്. എച്ച‌്എൻഎൽ പൂട്ടുന്നതിനുമുമ്പേ കമ്പനിപ്പടിയിലെ സെൻട്രൽ ബാങ്ക‌് ഓഫ‌് ഇന്ത്യയുടെ ശാഖയും പൂട്ടാൻ ഉത്തരവായിക്കഴിഞ്ഞു.
(അതേക്കുറിച്ച‌് നാളെ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..