22 December Sunday

കൊച്ചിൻ ഷിപ്യാർഡ് ; അറ്റകുറ്റപ്പണിശാലയിൽ ആദ്യകപ്പൽ എത്തി

വാണിജ്യകാര്യ ലേഖകൻUpdated: Wednesday Aug 14, 2024


കൊച്ചി
കൊച്ചി കപ്പൽശാലയുടെ വില്ലിങ്ടൺ ഐലൻഡിലെ പുതിയ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണിശാലയിൽ  (ഐഎസ്ആർഎഫ്) ആദ്യകപ്പൽ എത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള എച്ച്എസ്-സി പരലി  എന്ന കപ്പലാണ് അറ്റകുറ്റപ്പണിക്കായി എത്തിയത്‌. ഇതോടെ ഐഎസ്ആർഎഫ്‌ വാണിജ്യാടിസ്ഥാനത്തിൽ പ്രവര്‍ത്തനമാരംഭിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് കൊച്ചി കപ്പൽശാല സമര്‍പ്പിച്ച  റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കൊച്ചിയെ കപ്പല്‍പ്പണിയുടെ ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി തുറമുഖ അതോറിറ്റിയിൽനിന്ന്‌ 30 വർഷത്തേക്ക്‌ പാട്ടത്തിനെടുത്ത 42 ഏക്കറിലാണ് ഐഎസ്ആർഎഫ് സജ്ജമാക്കിയിരിക്കുന്നത്. കപ്പലുകൾ ഉയർത്തിവച്ച് അറ്റകുറ്റപ്പണി ചെയ്യാവുന്ന   ഈ ഷിപ് ലിഫ്റ്റ് യാർഡില്‍  130 മീറ്റർവരെ നീളവും 25 മീറ്റർ വീതിയും 6000 ടൺ ഭാരവുമുള്ള കപ്പലുകള്‍ കൈകാര്യം ചെയ്യാം. ഒരേസമയം ആറു കപ്പലുകൾ  അറ്റകുറ്റപ്പണി നടത്താവുന്ന 1.5 കിലോമീറ്റർ  ബർത്താണുള്ളത്. ഈ വർഷം ജനുവരിയിൽ 970 കോടിയുടെ പദ്ധതി പ്രധാനമന്ത്രി  രാജ്യത്തിന് സമർപ്പിച്ചു.

അത്യാധുനിക സൗകര്യങ്ങളുള്ള ഐഎസ്ആർഎഫ് സജ്ജമായതോടെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്ന്  കപ്പലുകള്‍ അറ്റകുറ്റപ്പണിക്ക്  എത്തുമെന്നാണ് പ്രതീക്ഷ.  ഇന്ത്യന്‍ നാവികസേന, തീരസംരക്ഷണസേന തുടങ്ങിയവയുടെ കപ്പലുകളും ഇവിടെ കൈകാര്യം ചെയ്യാനാകും. നിലവിൽ കപ്പൽശാലയിൽ വർഷത്തിൽ 100 കപ്പലുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്നുണ്ട്‌.  പുതിയ കേന്ദ്രത്തില്‍ 82 കപ്പലുകൾകൂടി ചെയ്യാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top