22 November Friday
വേൾഡ് വെതർ ആട്രിബ്യൂഷൻ പഠനം

വയനാട്ടിൽ പെയ്തിറങ്ങിയത് കേരളത്തിൽ സംഭവിച്ച ശക്തമായ മൂന്നാമത്തെ മഴ; പിന്നിൽ കാലാവസ്ഥാ വ്യതിയാനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം. വേൾഡ് വെതൽ ആട്രിബ്യൂഷന്റെ പഠനത്തിലാണ് വിലയിരുത്തൽ. ലണ്ടൻ നഗരത്തിൽ നാല് മാസം പെയ്തിറങ്ങുന്ന മഴയാണ് വയനാട്ടിൽ ഒറ്റ ദിവസം ഉണ്ടായത്. ആഗോള തലത്തിൽ മനുഷ്യന്റെ ഇടപെടലുകളാണ് കലാവസ്ഥയിലെ അനിശ്ചതത്വങ്ങളിലേക്ക് നയിച്ചിരിക്കുന്നത്.

ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ഒറ്റ ദിവസം പെയ്തിറങ്ങിയത് 146 മില്ലിമീറ്റർ മഴയാണ്. ജൂലൈ 29നും 30നും ഇടയിൽ 24 മണിക്കൂറിൽ 10 ശതമാനം അധികമഴ പെയ്തിറങ്ങി.

1901-ൽ ഇന്ത്യയുടെ കാലാവസ്ഥാ ഏജൻസി റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയതിനുശേഷം ഒരു പ്രദേശത്ത് രേഖപ്പെടുത്തുന്ന കേരളത്തിലെ മൂന്നാമത്തെ ഉയർന്ന മഴയായിരുന്നു ഇത്. 1924, 2018 എന്നീ വർഷങ്ങളിലാണ് കേരളത്തിൽ ഏറ്റവും നാശംവിതച്ച പേമാരി പെയ്തിറങ്ങിയത്.

ആഗോള തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ കാലാവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നു എന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 'ലോകം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് അകന്നില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കും. ഇത്തരം സാഹചര്യത്തില്‍ കേരളത്തില്‍ ഒരു ദിവസത്തെ മഴയുടെ അളവ് 4 ശതമാനം വരെ വര്‍ധിക്കും, ഇത് കൂടുതല്‍ വിനാശകരമായ മണ്ണിടിച്ചിലുകള്‍ക്കും വഴിവയ്ക്കും' എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വയനാട്ടിലെ ഭൂവിനിയോഗ മാറ്റങ്ങളും മണ്ണിടിച്ചില്‍ സാധ്യതയും ഏറെ ബന്ധമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ മണ്ണ് കേരളത്തിലെ ഏറ്റവും അയഞ്ഞതും മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നതുമായ മണ്ണാണ്. ഇത് കൂടുതൽ കരുതൽ ആവശ്യപ്പെടുന്നു.

ലോകമെങ്ങും വർധിക്കുന്ന കാർബൺ പുറന്തള്ളലിന്റെ ഫലമായി സമുദ്രോപരിതലം അസാധാരണമായി ചൂടായി മേഘങ്ങൾ അമിതജലം കുടിച്ചു വീർത്ത് ജലബോംബുകളായി മാറുന്ന സ്ഥിതിയാണ്. കാലാവസ്ഥാ മാറ്റം വരുന്നതിനു മുമ്പ് ഇത്തരം ഉരുൾമഴകൾ 50–100 വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു. ആഗോള താപനം ശരാശരി 1.3 ഡിഗ്രി സെൽഷ്യസ് മാത്രമാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇത് രണ്ട് ഡിഗ്രി ആകുന്നതോടെ വിനാശ മഴയുടെ സാധ്യത പത്തിൽ നിന്ന് 14 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ലോകത്തിലെ കാലാവസ്ഥാ വിദഗ്ദ്ധരുടെ കൂട്ടായ്മയിൽ 2014 മുതൽ ഈ രംഗത്ത് ഗവേഷണം നടത്തുന്ന സംഘമാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ.

ഏപ്രിലിൽ ദുബായ്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഉണ്ടായ മഴയും വെള്ളപ്പൊക്കവും സംബന്ധിച്ചും ഈ സംഘം പഠനങ്ങൾ നടത്തിയിരുന്നു. പത്ത് മുതൽ പതിനാല് ശതമാനം വരെ ശക്തമായ പേമാരിയാണ് ഇവിടെ സംഭവിച്ചത്. ഏപ്രിൽ 14, 15 ദിവസങ്ങളിലായി ദുബായിൽ ഒന്നര വർഷം പെയ്യേണ്ട മഴ പെയ്തിറങ്ങി എന്നായിരുന്നു കണക്കുകൾ. 75 വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് ഗൾഫ് രാജ്യങ്ങളിൽ 2024 ഏപ്രിലിൽ ലഭിച്ചത്. കേരളത്തിലും ഇതേ പ്രതിഭാസം സംഭവിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top