21 November Thursday

ഇ പി ജയരാജൻ വധശ്രമക്കേസ്‌ ; കെ സുധാകരനെ കുറ്റവിമുക്തനാക്കിയത്‌
 ചോദ്യംചെയ്‌ത്‌ കേരളം സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


ന്യൂഡൽഹി
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ  ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. സുധാകരനെ ക്രിമിനൽ ഗൂഢാലോചന കുറ്റത്തിൽനിന്ന്‌ ഒഴിവാക്കിയാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. ആന്ധ്രാപ്രദേശിലെ ചിരാല റെയിൽവേ പൊലീസ്‌ കേസെടുത്ത സംഭവത്തിൽ തിരുവനന്തപുരത്ത്‌ രണ്ടാമതൊരു കേസെടുത്തത്‌ നിയമപരമായി നിലനിൽക്കില്ലെന്ന്‌ ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. എന്നാൽ, കേസുമായി ബന്ധപ്പെട്ട്‌ കെ സുധാകരന്‌ എതിരെ ശക്തമായ തെളിവുണ്ടെന്ന്‌  സ്‌റ്റാൻഡിങ് കോൺസൽ അഡ്വ. ഹർഷദ്‌ വി ഹമീദ്‌ മുഖേന സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടി.

കേസിലെ നാലും അഞ്ചും പ്രതികൾമാത്രമാണ്‌ ആന്ധ്രയിൽ ഗൂഢാലോചനക്കുറ്റത്തിന്‌ വിചാരണ നേരിട്ടത്‌. അതേസമയം, കേരളാപൊലീസിന്റെ വിശദമായ അന്വേഷണത്തിൽ കെ സുധാകരൻ ഉൾപ്പടെ മറ്റ്‌ മൂന്ന്‌ പേർക്കുകൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്ന്‌ വ്യക്തമായി. ഇവർക്കെതിരെ ആന്ധ്രാപൊലീസിന്റെ ഭാഗത്ത്‌ നിന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ, ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന്റെ ഉത്തരവ്‌ പ്രകാരം കേസെടുക്കുന്നതിനും അന്വേഷണം നടത്തുന്നതിനും നിയമപരമായ തടസ്സമില്ല. ഈ വസ്‌തുത സുപ്രീംകോടതി തന്നെ നിരവധി വിധിന്യായങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അപ്പീലിൽ പറഞ്ഞു.

ചണ്ഡിഗഢിൽനിന്നും പാർടി കോൺഗ്രസ്‌ കഴിഞ്ഞ്‌ മടങ്ങവെ 1995 ഏപ്രിൽ 12നാണ്‌ രാജധാനി എക്‌സ്‌പ്രസിൽ ഇ പി ജയരാജന്‌ നേരെ വധശ്രമമുണ്ടായത്‌.
കുറ്റവാളികൾ തിരുവനന്തപുരത്ത്‌ തൈക്കാട്‌ ഗസ്‌റ്റ്‌ഹൗസിൽ സുധാകരൻ ഉൾപ്പടെയുള്ളവരുമായി ഗൂഢാലോചന നടത്തിയെന്ന്‌ അന്വേഷണത്തിൽ വ്യക്തമായതോടെയാണ്‌ തമ്പാനൂർ പൊലീസ്‌ 120 ബി വകുപ്പ്‌ ചുമത്തി അന്തിമറിപ്പോർട്ട്‌ സമർപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top