22 December Sunday

കരട് തീരദേശ പരിപാലന പ്ലാൻ 
അംഗീകാരത്തിന് സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിന്‌ സമർപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2019ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്‌ കരട്‌. കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്‌.

സിആർസെഡ്‌ മൂന്നിൽനിന്ന്‌ രണ്ടിലേക്ക്‌ തരംമാറ്റാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത 175 നഗരസ്വഭാവ പഞ്ചായത്തുകളിൽ 66 എണ്ണത്തിന്‌ കേന്ദ്രഅംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി 109 പഞ്ചായത്തുകളെക്കൂടി രണ്ടാം കാറ്റഗറിയിലേയ്ക്ക് മാറ്റാൻ വീണ്ടും കേന്ദ്രത്തോട് അഭ്യർഥിക്കും.

കരട് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം കിട്ടുന്നതോടെ സംസ്ഥാനത്തിന് വിവിധ ഇളവുകൾ ലഭിക്കും. സിആർസെഡ്‌ രണ്ടിലേക്ക്‌ മാറിയ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ മൂന്നിലുള്ളതിനേക്കാൾ കുറവാണ്‌. അമ്പലപ്പുഴ വടക്ക്, തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ പഞ്ചായത്തുകളിൽ അറ്റോമിക് ധാതുശേഖരം ഉളളതിനാൽ സിആർസെഡ്‌ മൂന്നിലെ വ്യവസ്ഥകൾ ബാധകമാകും.

ജനസാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2,161 പേരോ അതിൽകൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ വികസന മാനദണ്ഡങ്ങൾ പരിഗണിച്ച് സിആർസെഡ്‌ മൂന്ന്‌ എ വിഭാഗത്തിലും അതിൽ കുറവുള്ളവ മൂന്ന്‌ ബി വിഭാഗത്തിലുമാണുള്ളത്‌. സിആർസെഡ്‌ മൂന്ന്‌ എ പ്രകാരം വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർവരെ വികസനരഹിത മേഖലയായി കുറച്ചിട്ടുണ്ട്. മുൻപ്  200 മീറ്ററായിരുന്നു. സിആർസെഡ്‌ മൂന്ന്‌ ബിയിൽ വേലിയേറ്റ രേഖയിൽനിന്ന്‌ 200 മീറ്റർവരെ വികസനരഹിത മേഖലയായി തുടരും.

ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽനിന്നുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 50 മീറ്ററാക്കും. ചെറിയ ജലാശയങ്ങളിൽ 50 മീറ്റർവരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കും. തുറമുഖഭാഗമായി പ്രഖ്യാപിച്ചിടത്ത്‌ വികസനരഹിതമേഖല ബാധകമല്ല.വനം, പരിസ്ഥിതി മന്ത്രാലയം പത്ത്‌ ഹെക്ടറിലധികം വിസ്തൃതിയുള്ള ദ്വീപുകൾക്ക് മാത്രമേ ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ്‌ പ്ലാൻ (ഐഐഎംപി) തയ്യാറാക്കേണ്ടതുള്ളൂ. ഇതനുസരിച്ച്‌ കേന്ദ്രാനുമതി വാങ്ങിയശേഷം ദ്വീപുകളുടെ വികസനരഹിതമേഖല 50ൽനിന്ന് 20 മീറ്ററാക്കും.

1000 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്കുചുറ്റും മാത്രമാണ് 50 മീറ്റർ ബഫർഏരിയ വേർതിരിക്കുന്നത്‌. വ്യക്തികളുടെ ഉടമസ്ഥതയിലുളള കണ്ടൽക്കാടുകൾക്ക് ചുറ്റുമുള്ള ബഫർ ഏരിയ നീക്കുന്നതിനുളള നിർദേശങ്ങളും പ്ലാനിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top