18 September Wednesday

ചന്ദ്രുവും രാജമ്മയുമുണ്ട്‌ അത്താണിയിൽ ; ഈ കരവിരുതിൽ മെനയും ഓണത്തപ്പൻ

പി സി സോമശേഖരൻUpdated: Saturday Sep 14, 2024

നെടുമ്പാശേരി അത്താണി കവലയിൽ ഓണത്തപ്പനെ വിൽക്കുന്ന ചന്ദ്രുവും രാജമ്മയും


നെടുമ്പാശേരി
ഓണക്കച്ചവടത്തിന്‌ മുടക്കമില്ലാതെ എഴുപത്തിനാലുകാരി ചന്ദ്രുവും എഴുപതുകാരി രാജമ്മയും ഓണത്തപ്പനുമായി നെടുമ്പാശേരി അത്താണിയിലുണ്ട്‌. കളിമണ്ണിൽ കൈകൊണ്ട്‌ പിടിച്ചുണ്ടാക്കിയ ഓണത്തപ്പനെ വിൽപ്പനയ്‌ക്ക്‌ നിരത്തി ഇരുവരും. എത്ര വർഷംമുമ്പാണ്‌ ആദ്യമായി ഇവിടെ കച്ചവടത്തിനെത്തിയതെന്ന്‌ ഇരുവർക്കും കണക്കില്ല. ഒരിക്കലും പതിവ്‌ മുടക്കിയിട്ടില്ലെന്നുറപ്പ്‌.

പുതുവാശേരി സ്വദേശികളായ ഇവർ പരമ്പരാഗത മൺപാത്രനിർമാണ തൊഴിലാളികളാണ്‌. മൺപാത്രനിർമാണമല്ലാതെ മറ്റൊരു തൊഴിലും അറിയില്ല. കുട്ടിക്കാലംമുതൽ കണ്ടതും പിന്നീട്‌ ചെയ്‌ത്‌ തുടങ്ങിയതും ഇപ്പോഴും തുടരുന്നു. തൃശൂർ ആമ്പല്ലൂരിൽനിന്ന് കളിമണ്ണ് വാങ്ങിയാണ്‌ ഈ വർഷം മാവേലിയെ നിർമിച്ചത്‌. കൂടുതൽ എണ്ണമൊന്നും ഉണ്ടാക്കാറില്ല. വ്യത്യസ്‌ത വലിപ്പത്തിലുള്ള ഓണത്തപ്പനെ വെയിലത്ത്‌ ഉണക്കി ചുവന്ന ചായം പൂശിയാണ്‌ വിൽപ്പന. ചെറുത്‌ ഒന്നിന്‌ 50 രൂപയും വലുതിന്‌ 150 രൂപയുമാണ്‌ വില. എല്ലാ വർഷവും പതിവായി ഇവരിൽനിന്ന്‌ വാങ്ങുന്നവരുണ്ട്‌.

അലുമിനിയം, സ്റ്റീൽ പാത്രങ്ങൾ അടുക്കള കീഴടക്കിയെങ്കിലും മൺപാത്രങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെന്ന് ഇരുവരും പറഞ്ഞു. കളിമണ്ണ്‌ കിട്ടാനില്ലാത്തതിനാൽ മൺപാത്രങ്ങൾ ആവശ്യമുള്ളവർക്കെല്ലാം നിർമിച്ച്‌ കൊടുക്കാനാകുന്നില്ല. പുതിയ തലമുറ ഈ തൊഴിലെടുക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. ഷൊർണൂർ, പാലക്കാട് ഭാഗത്തുനിന്ന്‌ കലവും ചട്ടിയും കുടവും വാങ്ങി കൊണ്ടുവന്ന്‌ വിൽക്കാറുണ്ടെന്നും ഇവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top