24 December Tuesday
ഇന്ന്‌ ഗ്രന്ഥശാലാദിനം

ഇവർ ഒരുക്കും ഗ്രാമങ്ങളിൽ വായനശാലകൾ

സി എ പ്രേമചന്ദ്രൻUpdated: Saturday Sep 14, 2024

തൃശൂർ > ഇന്ത്യൻ ഗ്രാമങ്ങളിലൂടെ പുസ്തകങ്ങളുമായി ഈ ചെറുപ്പക്കാർ യാത്രയിലാണ്. വായനശാലകൾ ഒരുക്കലാണ്‌ ലക്ഷ്യം. പത്തു വർഷത്തിനിടെ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി 53 ഗ്രാമങ്ങളിൽ വായനശാല ഒരുക്കി. വായനയിലൂടെ കുട്ടികളുടെ ക്രിയാത്മകത വളരട്ടെ എന്ന ആശയവുമായി നോയൽ ബെന്നൊയുടെ നേതൃത്വത്തിൽ സ്‌റ്റോറി ടൈം യുവസംഘമാണ്‌ പുസ്‌തകയാത്ര തുടരുന്നത്‌. രാജ്യത്തിനകത്ത്‌ നിന്നും  പുറത്തുനിന്നുമായി 50,000ൽപരം പുസ്തകങ്ങൾ സമാഹരിച്ചാണ്‌ വായനശാലകൾ ഒരുക്കുന്നത്‌.

ബംഗളൂരുവിൽ  ഇലക്‌ട്രോണിക്‌സ്‌ എൻജിനിയറായ  നോയൽ  തൃശൂർ കുട്ടനെല്ലൂരിലാണ്‌ ഇപ്പോൾ താമസം. കോട്ടയം തെക്കേൽ കുടുംബാംഗമാണ്‌. 2013ൽ  കളമശേരി രാജഗിരി എൻജിനിയറിങ് കോളേജിൽ പഠിക്കവേ നോയൽ ഒരു അനാഥാലയം സന്ദർശിച്ചു. അവിടെയുള്ള കുട്ടികൾക്കായി പുസ്‌തകം സമ്മാനിച്ചു.  ഇവിടെ വായനശാല  ഒരുക്കിയാണ്‌ തുടക്കം. തുടർന്ന്‌ സ്‌റ്റോറി ടൈം കൂട്ടായ്‌മ രൂപീകരിച്ചു. സുഹൃത്തുക്കളായ അരുന്ധതി മേനോൻ, സിന്റി മാത്യു എന്നിവർ പിന്തുണ നൽകി. പിന്നീട്‌ അത്‌ രാജ്യാന്തരമായി വളർന്നു. ഇപ്പോൾ സ്‌കൂൾ, കോളേജ്‌ വിദ്യാർഥികൾ, അധ്യാപകർ തുടങ്ങി 120 സന്നദ്ധ സേവകരുണ്ട്‌.  

രാജസ്ഥാൻ കിഷൻഗർഹിൽ വായനശാല ഒരുക്കുന്നതിനായി എത്തിയ നോയൽ ബെന്നൊ കുട്ടികളുമായി സംസാരിക്കുന്നു

രാജസ്ഥാൻ കിഷൻഗർഹിൽ വായനശാല ഒരുക്കുന്നതിനായി എത്തിയ നോയൽ ബെന്നൊ കുട്ടികളുമായി സംസാരിക്കുന്നു

വെബ്‌സൈറ്റ്‌ രൂപീകരിച്ച്‌  പ്രചാരണം നടത്തിയാണ്‌ പുസ്‌തകങ്ങൾ സമാഹരിക്കുന്നത്‌. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ നേരിട്ടും വെബ്സൈറ്റ് വഴിയും ആവശ്യപ്പെടുകയാണ്. സ്വന്തം ജോലികൾക്കിടയിലും  ഇവർ ഗ്രാമങ്ങളിൽ സഞ്ചരിച്ച്‌  വായനശാലകൾ ഒരുക്കി. ശാസ്‌ത്രീയമായി വായനശാല ഒരുക്കുന്നതിന്‌ പരിശീലനം നൽകാറുണ്ട്‌. നാല് മുതൽ 18 വരെ വയസ്സുള്ളവരെ കേന്ദ്രീകരിച്ചാണ്‌ വായനശാല ഒരുക്കുന്നത്‌.

കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനം ശക്തമാണ്‌. അതിനാൽ മറ്റു സംസ്ഥാനങ്ങളിലാണ്‌ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. മണിപ്പുരിലെ ഗ്രാമത്തിൽ  കുക്കി കുട്ടികൾക്കായി വായനശാല നിർമിച്ചു നൽകി. പുസ്‌തകങ്ങളും ഒരുക്കി നൽകി. പക്ഷെ മണിപ്പൂർ കലാപത്തിൽ വായനശാല തകർത്തതായി അറിഞ്ഞത്‌ വേദനയുണ്ടാക്കിയെന്ന്‌ നോയൽ പറയുന്നു.  തെരുവ്‌ വായനശാല എന്ന തന്റെ ആശയം തൃശൂർ  കോർപറേഷൻ ഏറ്റെടുത്തതിൽ അഭിമാനമുണ്ട്‌. കോർപറേഷൻ  തെരുവ്‌ വായനശാലയിലേക്ക്‌ പുസ്‌ത്കങ്ങളും നൽകി. തൃശൂർ ജില്ലയിലെ പല സ്‌കൂളുകളിലും വായനശാല ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top