തിരുവനന്തപുരം
ഓണത്തിന് നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടും ട്രെയിനുകളിൽ സീറ്റുകിട്ടാതെ മലയാളികളുടെ ദുരിതയാത്ര. ജനറൽ കോച്ചുകളിലെല്ലാം റിസർവേഷൻ ടിക്കറ്റ് ഇല്ലാത്തവരുടെ തിരക്ക്. രണ്ടുമാസംമുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്കുപോലും സീറ്റ് കിട്ടിയില്ല. ഭൂരിഭാഗംപേർക്കും സീറ്റ് പങ്കിടേണ്ട ആർഎസി സ്‌റ്റാറ്റസാണ് ലഭിച്ചത്.
ബംഗളൂരു, ചെന്നൈ ട്രെയിനുകളിലായിരുന്നു കൂടുതൽ തിരക്ക്. ഓണം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതിൽ റെയിൽവേ കാട്ടിയ അലംഭാവമാണ് ദുരിതയാത്ര സമ്മാനിച്ചത്.
അന്തർ സംസ്ഥാന യാത്രയ്‌ക്കുപുറമേ കേരളത്തിനകത്തെ ട്രെയിൻ യാത്രയെയും ടിക്കറ്റില്ലാത്തത് വലച്ചു. ഉദ്യോഗാർഥികളും വിദ്യാർഥികളും നാട്ടിൽപോകാൻ വെള്ളിയാഴ്ച തയ്യാറെടുപ്പ് നടത്തിയെങ്കിലും ദീർഘദൂര ട്രെയിനുകളിൽ കാലുകുത്താൻ ഇടംകിട്ടിയില്ല. ശനിയും ട്രെയിനുകളിൽ വൻ തിരക്കായിരുന്നു. ആകെ വിരലില്‍ എണ്ണാവുന്ന ട്രെയിനുകളാണ് മലയാളിക്കായി റെയിൽവേ അനുവദിച്ചത്.
സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചപ്പോൾ ഏറ്റവും തിരക്കുണ്ടായിരുന്ന യശ്വന്ത്പുര– കൊച്ചുവേളി ഗരീബ്‌രഥ് എക്സ്‌പ്രസിനെ വെട്ടാനും റെയിൽവേ മറന്നില്ല. ഓണം കഴിഞ്ഞുള്ള മടക്കയാത്രയും ബുദ്ധിമുട്ടിലാണ്. 15, 16, 17 തിയതികളിൽ ബംഗളൂരു, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിലേക്കും ടിക്കറ്റ് കിട്ടാനില്ല.
ആശ്വാസമായി കെഎസ്ആർടിസി
ഓണാവധിയുടെ തിരക്കൊഴിവാക്കാൻ പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി. 23വരെ പ്രത്യേക അധിക സർവീസുകളാണ് വിവിധ കേന്ദ്രത്തിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് അനുവദിച്ചത്. നിലവിലുള്ള 90 ബസുകൾക്ക് പുറമെയാണ് ദിവസവും 58 അധിക ബസുകളുടെ സർവീസ്. ബത്തേരി, മൈസൂരു, ബംഗളൂരു, സേലം, പാലക്കാട് എന്നിവിടങ്ങളിൽ അധിക സപ്പോർട്ട് സർവീസും ക്രമീകരിക്കും. കർണാടക ആർടിസിയും 56 സ്പെഷ്യൽ ബസുകൾ സർവീസ് നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..