കൊച്ചി> സ്ത്രീകൾ സുപ്രധാന പങ്കാളിത്തം വഹിക്കുന്ന സിനിമകൾക്ക് നികുതിയുൾപ്പെടെ ഇളവുകളും ഗ്രാന്റുകളും പരിഗണിക്കണമെന്ന് വനിതാ കമ്മീഷൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി മുൻപാകെയാണ് കമ്മീഷൻ നിർദ്ദേശം മുന്നോട്ട് വെച്ചത്.
ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിക്ക് മുന്നിൽ ഒരു അധിക രേഖയായാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. സിനിമയിൽ സ്ത്രീകളുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയിലുമായിരിക്കണം സിനിമയിൽ സ്ത്രീകളെ ചിത്രീകരിക്കുന്നത് എന്നതാണ് പ്രധാന നിർദേശം. അഭിനേതാക്കൾ ചെയ്യുന്ന റോളുകൾ ഒരു സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്നതോ അവരുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുന്നതോ ആകരുതെന്നും പറയുന്നു.
സിനിമ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, സിനിമയിൽ സ്ത്രീകളെ പോസിറ്റീവായി ചിത്രീകരിക്കണമെന്ന നിർദേശം വെച്ചിരുന്നു. ഇതിനു തുടർച്ചയായി വനിതാ കമ്മീഷനും ആവശ്യം ഉന്നയിച്ചു.
സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ലിംഗ അവബോധ പരിശീലനം നിർബന്ധമാക്കണമെന്നും ആവശ്യപ്പെട്ടു.
സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ലിംഗ അവബോധ പരിശീലന ക്ലാസുകൾ നിർബന്ധിതമാക്കി, പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ഫിലിം സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ഇത്തരം പരിശീലനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു
ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ചലച്ചിത്രമേഖലയിലെ സ്‌ത്രീകൾക്ക് സാങ്കേതിക മേഖലയിൽ പരിശീലനം നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..