24 December Tuesday

ജോലിസ്ഥലത്തെ പീഡനം ; ആഭ്യന്തര പരിഹാര കമ്മിറ്റിയുടെ 
റിപ്പോർട്ട്‌ അന്തിമ വാക്കല്ല ; ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


കൊച്ചി
ജോലിസ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ അന്തിമ വാക്കല്ലെന്ന്‌ ഹൈക്കോടതി. ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും ഹൈക്കോടതി വിലയിരുത്തി.

ഇരയെ കേൾക്കാതെയും റിപ്പോർട്ടുകൾ തയ്യാറാക്കുന്നുണ്ട്‌. ഐസിസി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നതിനുമുമ്പ്‌   സൂക്ഷ്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് എ ബദറുദീൻ നിർദേശിച്ചു. ലെെംഗിക അധിക്ഷേപക്കേസിൽ ഐസിസി കണ്ടെത്തലുകൾ അനുകൂലമായതിനാൽ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന പ്രതിയുടെ  ഹർജി തള്ളിയാണ് കോടതി ഉത്തരവ്‌.

കോളേജ് പ്രിൻസിപ്പലായ പ്രതി സഹ അധ്യാപികയോട് ലെെംഗിക പരാമർശങ്ങൾ നടത്തുകയും സസ്പെൻഷൻ, സ്ഥലമാറ്റ ഭീഷണികളുന്നയിച്ച്  വഴങ്ങാൻ ആവശ്യപ്പെട്ടെന്നുമാണ് കേസ്. സ്റ്റാഫ് മീറ്റിങ്ങിൽ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. ഐസിസി റിപ്പോർട്ട് പരാതിക്കാരിയുടെ ആരോപണങ്ങൾ തള്ളിയതിനാൽ നടപടികൾ റദ്ദാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാൽ, ഐസിസി പരാതിക്കാരിയുടെ മൊഴി എടുത്തില്ലെന്നും പ്രതിയുടെയും മറ്റു ചില അധ്യാപകരുടെയും മൊഴി മാത്രമാണ് എടുത്തതെന്നും കോടതി കണ്ടെത്തി. പ്രതിക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയതെന്നും നിരീക്ഷിച്ചു. ലൈംഗിക പീഡനം, സ്ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുള്ള കേസിൽ അന്വേഷണം തുടരാനും ഉത്തരവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top