14 December Saturday
സിൻഡിക്കറ്റുകളെയും വിദ്യാർഥി യൂണിയനുകളെയും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല

കാവി
കൊടിയുമായി 
ഗവർണർ ; സർവകലാശാലകൾ സ്‌തംഭനത്തിലേക്ക്‌ , വിസിമാരായി തിരുകിക്കയറ്റിയത്‌ ആർഎസ്‌എസുകാരെ

പ്രത്യേക ലേഖകൻUpdated: Saturday Dec 14, 2024


തിരുവനന്തപുരം
ദേശീയ പുരസ്‌കാരങ്ങളടക്കം നേടി ഉന്നതിയിലേക്ക്‌ കുതിക്കുന്ന സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പിന്നാക്കം വലിക്കാൻ ഗവർണർ സർവകലാശാലകളുടെ പ്രവർത്തനം സ്‌തംഭിപ്പിക്കാൻ ശ്രമിക്കുന്നു.  ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കറ്റുകളെയും വിദ്യാർഥി യൂണിയനുകളെയും പ്രവർത്തിക്കാൻ അനുവദിക്കാതെയാണ്‌ നീക്കം. 

ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതിന്റെ ഭാഗമായി ചാൻസലർ കൂടിയായ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ  തിരുകിക്കയറ്റിയ ആർഎസ്‌എസുകാരായ വൈസ്‌ ചാൻസലർമാർ മേലാളരുടെ നിർദേശമനുസരിച്ച്‌ മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌.

ഭരണനിർവഹണവും നയപരമായ തീരുമാനങ്ങളും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യലും അടക്കം സുപ്രധാന ചുമതലയുള്ള സിൻഡിക്കേറ്റുകൾ ജനാധിപത്യപരമായി ചേരാൻ പോലും സമ്മതിക്കുന്നില്ല. അഥവാ ചേർന്നാൽതന്നെ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാനും  സമ്മതിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ അംഗീകരിക്കാത്ത നിലപാടുമൂലം ഭരണപരമായ മരവിപ്പ്‌ നേരിടുകയാണ്‌ വാഴ്‌സിറ്റികൾ. അക്കാദമിക്‌ മേഖലയെയും ഇത്‌ ബാധിച്ചിരിക്കുന്നു.  സർക്കാരിനെ നോക്കുകുത്തിയാക്കി ഗവർണർ നിയമിച്ച വൈസ്‌ ചാൻസലർമാരെയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. സർവകലാശാലയെയും വിദ്യാർഥികളെയും  ഇണക്കുന്ന കണ്ണിയാണ്‌ വിദ്യാർഥി യൂണിയൻ. ഈ സംവിധാനങ്ങളെയാകെ മാറ്റിനിർത്താനുള്ള ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കാണ്‌ സർവകലാശാലകളെ എത്തിക്കുക. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തന്നെ പിന്തള്ളി മികച്ച അംഗീകാരങ്ങൾ നേടി ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ വലിയ കുതിപ്പിലാണ്‌ കേരളത്തിലെ സർവകലാശാലകൾ. എൻഐആർഎഫിൽ അടുത്തടുത്ത മൂന്നു റാങ്കിങ്‌ നേടിയ മൂന്നു സർവകലാശാലകളാണ്‌ കേരളത്തിലുള്ളത്‌. കേരളയ്‌ക്ക്‌ ഒമ്പതാം റാങ്കാണെങ്കിൽ കുസാറ്റിന്‌ പത്തും എംജിക്ക്‌ 11 ഉം സ്ഥാനമാണ്‌ എൻഐആർഎഫിൽ. ക്യു എസ്‌ ലോക റാങ്കിങ്ങിൽ സൗത്ത്‌ ഏഷ്യയിലെ സർവകലാശാലകളിൽ 88–-ാം സ്ഥാനത്താണ്‌ കേരള. കാലിക്കറ്റും കണ്ണൂരും അടക്കമുള്ള സർവകലാശാലകൾ നാക്‌ റാങ്കിങ്ങിൽ വലിയ നേട്ടമുണ്ടാക്കി.

നാലുവർഷ കോഴ്‌സ്‌ അടക്കം കാലത്തിനൊത്ത പരിഷ്‌കാരങ്ങളും അക്കാദമിക്‌ പ്രവർത്തനങ്ങളും നടത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയാണ്‌ കേരള സർക്കാർ ഈ മേഖലയെ മുന്നിലെത്തിച്ചത്‌. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തവിധമുള്ള നേട്ടമുണ്ടാക്കുന്ന സമയത്ത്‌ അതിനെ തച്ചുതകർക്കുന്ന സമീപനമാണ്‌ ഗവർണറുടെയും കൂട്ടാളികളായ വിസിമാരുടെയും.

ശക്തമായ പ്രതിഷേധം ഉയരണം : എം വി ഗോവിന്ദൻ
കേരളത്തിലെ സർവകലാശാലകളെ തകർക്കാൻ ശ്രമിക്കുന്ന, ഗവർണറുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യൂണിയൻ തെരഞ്ഞെടുപ്പുകളിൽ കാവിസംഘടനകളെ തള്ളി, എസ്‌എഫ്‌ഐയെയാണ്‌ വിദ്യാർഥികൾ വിജയിപ്പിച്ചത്‌. എന്നാൽ, യൂണിയൻ പ്രവർത്തനം നടത്താൻ ഗവർണർ നിയോഗിച്ച വിസിമാർ സമ്മതിക്കുന്നില്ല.  ഇന്ത്യയിലെ 100 മികച്ച കോളേജുകളിൽ 16 എണ്ണം കേരളത്തിലാണ്‌. വിവിധ റാങ്കിങ്ങുകളിൽ സർവകലാശാലകൾ മുൻനിരയിലെത്തി. എന്നാൽ, സ്വയംഭരണം ഇല്ലാതാക്കി സർവകലാശാലകളെ തകർക്കുന്ന സമീപനമാണ്‌ ഗവർണറുടേത്‌. കോടതികളെ മറികടന്നാണ്‌ വിസിമാരെ നിശ്ചയിക്കുന്നത്‌.

ആർഎസ്‌എസ്‌ പ്രവർത്തകരെ നിയമിച്ച്‌ സർവകലാശാലകളിൽ കാവിവൽകരണം നടത്താനാണ്‌ ശ്രമിക്കുന്നത്‌. സിൻഡിക്കറ്റ്‌ തീരുമാനങ്ങൾ നടപ്പാക്കാൻ ഇവർ തയ്യാറാകുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സർവകലാശാലകളെ 
ഗവർണർ കാവിവൽക്കരിക്കരുത്‌ : ടി പി രാമകൃഷ്‌ണൻ
സ്വയംഭരണവും ജനാധിപത്യവും തകർത്ത്‌ സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നടപടികൾ ഗവർണർ അടിയന്തരമായി അവസാനിപ്പിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെയും സ്വയംഭരണത്തിന്റെയും ഭാഗമായാണ്‌ സർവകലാശാലകളിൽ  സിൻഡിക്കറ്റുകൾ രൂപീകരിച്ചിട്ടുള്ളത്‌. സിൻഡിക്കറ്റ്‌ തീരുമാനങ്ങൾ നടപ്പാക്കാൻ വൈസ്‌ ചാൻസലർക്ക്‌ ഉത്തരവാദിത്വമുണ്ട്‌. 

സംഘപരിവാർ അജൻഡകൾ മാത്രമേ നടപ്പിലാക്കൂവെന്ന സമീപനമാണ്‌, ഗവർണറുടെ കാവിവൽക്കരണ അജൻഡയുടെ ഭാഗമായി പിൻവാതിൽ നിയമനം നേടിയ വൈസ്‌ ചാൻസലർമാർ സ്വീകരിക്കുന്നത്‌. നവകേരള സൃഷ്ടിക്കായി വൈജ്ഞാനിക സമൂഹം രൂപീകരിക്കാൻ സർവകലാശാലകളെ സജ്ജമാക്കാനാണ്‌ സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നത്‌. ലോക റാങ്കിങ്ങിലുൾപ്പെട്ട സർവകലാശാലകളും കോളേജുകളും കേരളത്തിലുണ്ട്‌. ഈ ഘട്ടത്തിലാണ്‌ സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്‌. വികസനവും പുതുതലമുറയുടെ ഭാവിയും തകർക്കാനുള്ള ഇടപെടലാണിത്‌.

സംസ്ഥാന വികസനത്തിന്‌ ഒരു സംഭാവനയും ചെയ്യാത്ത സംഘപരിവാർ കേരളത്തിന്റെ നേട്ടങ്ങളെ തകർക്കുകയാണ്‌. കേന്ദ്ര താൽപ്പര്യപ്രകാരം ഗവർണർ നടത്തുന്ന സംഘപരിവാർ നിലപാടുകളെക്കുറിച്ച്‌ യുഡിഎഫ്‌ അഭിപ്രായം വ്യക്തമാക്കണമെന്നും ടി പി രാമകൃഷ്‌ണൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top