കാലടി
കാലടി പ്ലാന്റേഷൻ പ്രദേശത്ത് ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തോടുള്ള യുട്യൂബർമാരുടെ പരാക്രമത്തിൽ പൊറുതിമുട്ടി നാട്ടുകാരും തൊഴിലാളികളും. ചാലക്കുടിപ്പുഴ കടന്ന് എണ്ണപ്പനത്തോട്ടത്തിൽ തീറ്റ തേടി എത്തുന്ന കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ച് വീഡിയോ പകർത്തുന്നത് പതിവായതോടെ തോട്ടംതൊഴിലാളികളും നാട്ടുകാരും ഭീതിയിലാണ്. വിവിധ ജില്ലകളിൽനിന്നെത്തുന്ന യുട്യൂബർമാരാണ് അപകടകരമായ സാഹചര്യത്തിൽ വീഡിയോ പകർത്തുന്നത്.
അതിരപ്പിള്ളി, വാഴച്ചാൽ വനമേഖലയിൽനിന്ന് ചാലക്കുടിപ്പുഴ കടന്ന് ആനക്കൂട്ടം പ്ലാന്റേഷനിലെത്തുന്നത് പതിവായതോടെയാണ് യുട്യൂബർമാരുടെ തിരക്കും വർധിച്ചത്. എണ്ണപ്പനയും പുല്ലും തിന്നാനാണ് ആനക്കൂട്ടം ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിന് സമീപമെത്തുന്നത്. എട്ടും പത്തും ആനകളുണ്ടാകും. ഏഴാറ്റുമുഖം റോഡിനരികെവരെ ഇവ തീറ്റതേടിയെത്തും. റോഡിൽ മൊബൈൽഫോൺ കാമറയുമായി കാത്തുനിൽക്കുന്ന യുട്യൂബർമാർ അപകടസാധ്യത അവഗണിച്ച് ആനക്കൂട്ടത്തിന് മുന്നിലേക്ക് എത്തി റീൽസ് എടുക്കും. തോട്ടംതൊഴിലാളികളുടെ വിലക്ക് അവഗണിക്കുകയാണ് പതിവ്. ശബ്ദമുണ്ടാക്കി ആനകളെ പ്രകോപിപ്പിച്ച് ‘ആക്‌ഷൻ’ വീഡിയോ പകർത്താനാണ് ചിലരുടെ ശ്രമം. പ്രകോപിതരായി ഓടിയടുക്കുന്ന ആനകളിൽനിന്ന് പല യൂട്യൂബർമാരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ഇതിന്റെ ഭാഗമായി ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുന്നതും പതിവ്. ആനക്കൂട്ടം പലതവണയായി നിരവധി വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്.
പ്ലാന്റേഷനുള്ളിലെ ലയങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികൾ താമസിക്കുന്നുണ്ട്. യൂട്യൂബർമാരുടെ പരാക്രമംമൂലം ആനകളുടെ ആക്രമണം ഭയന്ന് തൊഴിലെടുക്കാനാകാതെ ലയങ്ങളിലേക്ക് മടങ്ങുകയാണ് തൊഴിലാളികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..