പുത്തൻവേലിക്കര
ഇളന്തിക്കര -കോഴിത്തുരുത്ത് മണൽബണ്ട് നിർമാണത്തിനായി ഡ്രഡ്ജിങ് തുടങ്ങി. മേജർ ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽനിന്നാണ് ഡ്രഡ്ജർ എത്തിച്ചത്. ഈവർഷം ബണ്ടുനിർമാണത്തിനായി 24.37 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 20 ദിവസത്തിനകം പൂർത്തിയാക്കുമെന്ന ഉറപ്പാണ് വകുപ്പ് പഞ്ചായത്തിന് നൽകിയിരിക്കുന്നത്. പെരിയാറിൽനിന്ന് ചാലക്കുടി പുഴയിലേക്ക് ഓരുജലം കയറുന്നത് തടയാൻ കണക്കൻകടവിൽ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ ചോരുന്നതിനാലാണ് ഇളന്തിക്കര -കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ച് എല്ലാവർഷവും മണൽബണ്ട് കെട്ടുന്നത്. ചാലക്കുടി പുഴയിലെ വെള്ളം ശുദ്ധീകരിച്ചാണ് പുത്തൻവേലിക്കര പഞ്ചായത്തിലെ എല്ലാ വാർഡിലും എത്തിക്കുന്നത്. ഈവർഷം അൽപ്പം വൈകിയാണ് ബണ്ടുനിർമാണം തുടങ്ങിയത്. ചാലക്കുടി പുഴയിലേക്ക് ഓരുജലം കയറിയാൽ എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, കുന്നുകര, പാറക്കടവ്, തൃശൂർ ജില്ലയിലെ കുഴൂർ, അന്നമനട, മാള തുടങ്ങിയ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമവും കൃഷിനാശവും ഉണ്ടാകും. എത്രയുംവേഗം ബണ്ടുനിർമാണം പൂർത്തിയാക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..