സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് കേന്ദ്ര സർക്കാർ വ്യക്തമായ പദ്ധതിയൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വരുമാനം തീരെ ഇല്ലാത്തതും ചെലവ് ഇരട്ടിച്ചതുമായ ഈ ഘട്ടത്തിൽ ഇത് അത്യാവശ്യമാണ്. ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജിൽ കേന്ദ്രസർക്കാരിന്റെ ബജറ്റിൽനിന്ന് ചെലവാകുന്നത് നാമമാത്രമായ തുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരണം. നമ്മുടെ നഷ്ടം ചെറുതല്ല. കഴിഞ്ഞ മാർച്ച് 19-ഉം ഏപ്രിൽ 19 ഉം ആയി താരതമ്യംചെയ്താൽ സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിൽ 6451 കോടി രൂപയുടെ നഷ്ടമുണ്ടായി.
ചെറുകിട വ്യവസായ സംരംഭകരുടെ വായ്പയ്ക്ക് ഒരു വർഷത്തെ മൊറട്ടോറിയം നൽകുക, പലിശ ഈ കാലയളവിൽ ഒഴിവാക്കുക, പുതിയ വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചിട്ടും കേന്ദ്ര പാക്കേജിൽ രണ്ടാമത്തെ കാര്യംമാത്രമേ പരിഗണിച്ചിട്ടുള്ളൂ. അതുതന്നെ ബാങ്കുകൾ കനിഞ്ഞാൽമാത്രമേ നടക്കൂ. എന്നാൽ, മൊറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാൻ തയ്യാറായിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ കേന്ദ്രസർക്കാരിന്റെ കൈയിൽനിന്ന് പണം നൽകേണ്ടിവരുമായിരുന്നു.
ബാങ്കുകൾ വായ്പ കൊടുക്കാൻ വിസമ്മതിക്കുന്ന പ്രശ്നം ഈ ദുരിതകാലത്തുപോലും വന്നിട്ടുണ്ട്. ബാങ്കുകൾ ആർബിഐയിൽ പണമടച്ച് പലിശ നേടാനാണ് ശ്രമിക്കുന്നത്. എട്ടര ലക്ഷം കോടി രൂപ ഇപ്രകാരം നിക്ഷേപിച്ചിട്ടുണ്ട്. ബാങ്കുകളെയും വ്യവസായങ്ങളെയും മറ്റും ഒരുമിച്ചിരുത്തി ഇക്കാര്യത്തിൽ സാമ്പത്തികമേഖലയ്ക്കാകെ പ്രയോജനപ്പെടുന്ന ഇടപെടലുകൾ നടത്താൻ ശ്രമിക്കും.
വൈദ്യുതിയുടെ ഫിക്സഡ് ചാർജ് ഇപ്പോൾ മാറ്റിവച്ചിട്ടുണ്ട്. എഴുതിത്തള്ളുന്നതിന് കേന്ദ്രസഹായം വേണം. ഇതോടൊപ്പം ചെറുകിട മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ധനസഹായം നൽകേണ്ടതുണ്ട്. പിഎഫ് അടയ്ക്കുന്നതിനുള്ള കേന്ദ്രസഹായം ലഭിക്കണമെങ്കിൽ 15,000 രൂപയിൽ താഴെയായിരിക്കണം ശമ്പളമെന്ന നിബന്ധന നീക്കണം.
വൈദ്യുതി കമ്പനികൾക്ക് അനുവദിച്ച 90,000 കോടിയുടെ സഹായത്തിന്റെ ഗ്യാരന്റി സംസ്ഥാനങ്ങളാണ് വഹിക്കേണ്ടിവരിക. എന്നാൽ, സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ ഒരു ധനസഹായവും പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല. ഈ സമീപനം ഇനിയുള്ള ദിവസങ്ങളിൽ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന്റെ പ്രവർത്തനക്രമം മാറ്റും
കോവിഡ് രോഗബാധ പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ പൊലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തും. ഇതുമായി ബന്ധപ്പെട്ട് പൊലീസിലെ ഉന്നതതല സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മാനന്തവാടി സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത് അസ്വസ്ഥജനകമായ അനുഭവമാണ്. വയനാട് ജില്ലയിൽ തൃപ്തികരമായ രോഗപ്രതിരോധ പ്രവർത്തനം നടക്കുന്നുണ്ട്. അതിർത്തി ജില്ലയായതിനാലും മറ്റു സവിശേഷതകളാലും കൂടുതൽ പ്രശ്നങ്ങളുള്ള ജില്ലയാണ് വയനാട്. അത് മനസ്സിലാക്കിയ ഇടപെടലാണുള്ളത്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരിൽ 300ലേറെ പേർക്ക് അവിടെ പരിശോധന നടത്തി. സിവിൽ പൊലീസ് ഓഫീസർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..