കൊച്ചി
റെയിൽവേയുടെ പരിധിയിലുള്ള പ്രദേശത്തെ മാലിന്യം നീക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്ന് ഹെെക്കോടതി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനടിയിലൂടെ പോകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കേണ്ടത് റെയിൽവേയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തോട്ടിലെ മുഴുവൻ മാലിന്യവും നീക്കണം. ഇതെങ്ങനെ സാധ്യമാക്കുമെന്ന് സർക്കാരും റെയിൽവേയും നഗരസഭയും അറിയിക്കണം. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ അഭിഭാഷകരായ ടി വി വിനു, എസ് വിഷ്‌ണു, പൂജ മേനോൻ എന്നിവരെ അമിക്കസ് ക്യൂറിമാരായി നിയോഗിച്ചു. 26ന് കേസ് പരിഗണിക്കുംമുമ്പ് റിപ്പോർട്ട് നൽകണം. ശുചീകരണത്തൊഴിലാളി ജോയി ഒഴുക്കിൽപ്പെട്ട് മരിച്ചതിനെതുടർന്നാണ് ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയത്. ദാരുണ സംഭവമാണെന്നും ആരെയും പഴിചാരുന്നില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്‌റ്റിസ് പി ഗോപിനാഥ് എന്നിവർ പറഞ്ഞു.
മഴക്കാല ശുചീകരണത്തിന് മൂന്നുതവണ കോർപറേഷൻ കത്ത് നൽകിയിട്ടും റെയിൽവേ നടപടി സ്വീകരിച്ചില്ലെന്ന് സർക്കാരും കോർപറേഷനും അറിയിച്ചു. മേയ് ഏഴിനും 17നും കോർപറേഷൻ സെക്രട്ടറി റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്തുനൽകി. നടപടി ഉണ്ടായില്ല. ജൂൺ 19ന് വീണ്ടും കത്തുനൽകി. എന്നിട്ടും ശുചീകരണം നടത്താത്ത റെയിൽവേ, മഴ ശക്തമായതോടെ 13ന് മാലിന്യം നീക്കാൻ തൊഴിലാളിയെ ടണലിൽ ഇറക്കുകയായിരുന്നുവെന്ന് കോർപറേഷൻ അറിയിച്ചു.
തോട്ടിലൂടെ റെയിൽവേ ഭാഗത്തേക്ക് പ്ലാസ്റ്റിക് മാലിന്യം വരുന്നത് തടയാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അതുഭേദിച്ചാണ് മാലിന്യം എത്തുന്നതെന്നും റെയിൽവേ അറിയിച്ചു. സർക്കാരിനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ സി ഇ ഉണ്ണിക്കൃഷ്ണൻ ഹാജരായി.
അമിക്കസ് ക്യൂറിമാർക്ക്
പ്രതിഫലം ഒന്നരലക്ഷം രൂപ
സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനെത്തുന്ന അമിക്കസ് ക്യൂറിമാരുടെ യാത്രാച്ചെലവ് റെയിൽവേ നൽകണം. താമസത്തിനും സ്ഥലസന്ദർശനത്തിനുമുള്ള ചെലവ് സർക്കാരും കോർപറേഷനും നൽകണം. പ്രതിഫലമായി 1.50 ലക്ഷം രൂപ റേയിൽവേയും സർക്കാരും കോർപ്പറേഷനുംചേർന്ന് തുല്യമായി നൽകണം. തലസ്ഥാനത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ അനന്ത’ സംബന്ധിച്ചും അമിക്കസ് ക്യൂറിക്ക് അന്വേഷിക്കാം.
കോടതി റെയിൽവേയോട്
റെയിൽവേ സ്റ്റേഷനടിയിലൂടെ പോകുന്ന തോട്ടിൽ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ചിരിക്കുകയാണ്. സ്കൂബാ ടീമംഗങ്ങൾ ജീവൻ പണയംവച്ചാണ് ടണലിൽ ഇറങ്ങിയത്. ചെളിയും മാലിന്യവും നിറഞ്ഞതിനാൽ അവർക്ക് ചലിക്കാൻപോലും സാധിക്കുന്നില്ലായിരുന്നു. അതിനർഥം കാലങ്ങളായി അവിടെ മാലിന്യം നീക്കിയിട്ടില്ല എന്നല്ലേ?സ്റ്റേഷൻ പരിസരത്തും ട്രാക്കുകളിലും പ്ലാസ്റ്റിക് മാലിന്യം കുമിയുന്നതിൽ നേരത്തെയും കോടതി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉണ്ടായതുപോലുള്ള ദുരന്തം മറ്റിടങ്ങളിലും ആവർത്തിക്കാമെന്നത് മറക്കരുത്.
കോർപ്പറേഷനോട്
നീക്കുന്ന മാലിന്യം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് തിരക്കണം. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ തോടുകൾ വൃത്തിയാക്കിക്കൂടേ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..