22 December Sunday

നാലുവർഷ ബിരുദം ; വിദ്യാർഥികൾ ഹാപ്പിയാണ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024


കൊച്ചി
സംസ്ഥാനത്തെ കോളേജുകളിൽ തുടക്കംകുറിച്ച നാലുവർഷ ബിരുദ പഠനത്തെ സ്വാഗതംചെയ്‌ത്‌ വിദ്യാർഥികൾ. അഭിരുചിക്കനുസരിച്ച്‌ വിഷയങ്ങൾ തെരഞ്ഞെടുത്ത്‌ പഠിക്കാനാകുന്നതിൽ വിദ്യാർഥികൾ സന്തുഷ്ടരാണ്‌. ഈ അധ്യയനവർഷംമുതലാണ്‌ ഉന്നതവിദ്യാഭ്യാസവകുപ്പ്‌ സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും നാലുവർഷ ബിരുദപഠനം ആരംഭിച്ചത്‌. സ്വയംഭരണ കോളേജുകളിൽ അതതു കോളേജിന്റെ അഡ്‌മിഷൻ പോർട്ടൽ വഴിയും വിവിധ സർവകലാശാലകളുടെ അഫിലിയേറ്റഡ്‌ കോളേജുകളിൽ സർവകലാശാലയുടെ ഏകജാലക സംവിധാനം വഴിയുമായിരുന്നു പ്രവേശനം. ചില കോളേജുകളിൽ സ്‌പോട്ട്‌ അഡ്‌മിഷൻ ഉൾപ്പെടെ ആഗസ്‌ത്‌ അവസാനംവരെ തുടരും.

പ്രവേശനം ലഭിക്കുന്ന കോളേജുകളിലെ കോഴ്‌സുകളിൽനിന്ന്‌ മൈനർ വിഷയം വിദ്യാർഥികൾക്ക്‌ തെരഞ്ഞെടുക്കാം. മൂന്നുവർഷത്തിൽ കോഴ്‌സ്‌ പൂർത്തിയാക്കുന്നവർക്ക്‌ ബിരുദവും മൈനർ അടക്കം നാലുവർഷത്തെ പഠനം പൂർത്തിയാക്കുന്നവർക്ക്‌ ഓണേഴ്‌സ്‌ ബിരുദവും ലഭിക്കുമെന്നതാണ്‌ പുതിയ പഠനസംവിധാനത്തിന്റ പ്രത്യേകതയെന്ന്‌ എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോ. അൽഫോൺസ വിജയ ജോസഫ്‌ പറഞ്ഞു.
മഹാരാജാസിൽ ആകെയുള്ള 20 വകുപ്പുകളിൽ എഴുന്നൂറോളം വിദ്യാർഥികൾ നാലുവർഷ ബിരുദപഠനം ആരംഭിച്ചു. ജൂലൈ ആദ്യവാരം പൊതുബോധവൽക്കരണവും രണ്ടാംവാരം വകുപ്പുതല ബോധവൽക്കരണവും കുട്ടികൾക്ക്‌ നൽകി, അവസാനവാരം ക്ലാസ്‌ തുടങ്ങി. മൈനർപഠനത്തിന്‌ ഒരേ വിഷയം കുട്ടികൾ കൂട്ടമായി തെരഞ്ഞെടുക്കുന്നത്‌ ചില കലാലയങ്ങളിൽ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്‌. ഒരേ വിഷയത്തിൽ വിദ്യാർഥികളുടെ എണ്ണം കൂടുന്നതാണ്‌ പ്രതിസന്ധിയാകുന്നത്‌. ഇത്‌ പരിഹരിക്കാനും നടപടി സ്വീകരിക്കുന്നുണ്ടെന്ന്‌ മഹാരാജാസ്‌ ഗവ. കോളേജിലെ നാലുവർഷ ബിരുദ പ്രവേശന (എഫ്‌വൈയുജിപി) നോഡൽ ഓഫീസറായിരുന്ന ഡോ. സി എസ്‌ ജൂലി ചന്ദ്ര പറഞ്ഞു.


കൂടുതൽ ഉപകാരപ്രദം
തുടക്കത്തിൽ ചില ആശങ്കകൾ ഉണ്ടായിരുന്നു. പഠനം ആരംഭിച്ചതോടെ, എല്ലാ ആശങ്കകളും ഒഴിഞ്ഞു. പരമ്പരാഗതരീതിയിലുള്ള ബിരുദപഠനത്തിൽനിന്ന്‌ മാറിയുള്ള ഈ സംവിധാനം  കൂടുതൽ ഉപകാരപ്രദമാണ്‌. പഠനം പൂർത്തിയാക്കിയാൽ നിരവധി പ്ലേസ്‌മെന്റിനുള്ള അവസരവും ലഭിക്കും.  
(ആർ ആദിത്യ രാജേഷ്‌, ഒന്നാംവർഷ ബിരുദ വിദ്യാർഥി, 
മഹാരാജാസ്‌ കോളേജ്‌)   

സിലബസ്‌ സൗകര്യപ്രദം
ഓണേഴ്‌സ്‌ ബിരുദം ലഭിക്കുന്നു എന്നതുതന്നെയാണ്‌ പ്രധാനം. നാലുവർഷ ബിരുദത്തിനായി ഡൽഹി സർവകലാശാലയിൽ ചേർന്ന്‌ പഠനം ആരംഭിച്ചെങ്കിലും ഉപേക്ഷിക്കേണ്ടിവന്നു. അവിടെ പഠനം കേവലം ഭാരം കയറ്റിവയ്‌ക്കൽമാത്രമാണ്‌. ഡൽഹിയിൽ ഏഴു സെമസ്‌റ്റർ മൈനറായി പഠിച്ചാലേ ബിരുദം ലഭിക്കൂ എന്നിരിക്കേ, കേരളത്തിൽ മൂന്ന്‌ സെമസ്‌റ്റർ ഒരു വിഷയം മൈനർ എടുത്ത്‌ പഠിച്ചാലും ബിരുദം ലഭിക്കും. കേരളത്തിലെ സിലബസാണ്‌ കൂടുതൽ സൗകര്യപ്രദം.
(പ്രവീണ, ബിഎ ഇംഗ്ലീഷ്‌ വിദ്യാർഥിനി, മഹാരാജാസ്‌ കോളേജ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top