22 December Sunday

കുസാറ്റ്‌ മികവ് ; കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അക്കാദമിക മികവിലും വ്യവസായ സഹകരണത്തിലും മുന്നിൽ

കെ പി വേണുUpdated: Tuesday Oct 15, 2024

കുസാറ്റിൽ പ്രവേശനം നേടിയ വിദേശ വിദ്യാർഥികളിൽ ചിലർ ഫോട്ടോ: പി ദിലീപ് കുമാർ


കളമശേരി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അക്കാദമിക മികവിലും വ്യവസായ സഹകരണത്തിലും ബഹുദൂരം മുന്നിലാണ്‌. അക്കാദമിക്, റിസർച്ച് രംഗത്ത് മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന് ഒന്നും രണ്ടും പിണറായി സർക്കാരുകൾ വലിയ കരുതലും മുതൽമുടക്കുമാണ് നടത്തിയത്. കിഫ്ബി വഴി 240 കോടിയുടെ പദ്ധതി ഇതിനോടകം പൂർത്തിയാക്കി.

ഉയർന്ന എൻഐആർഎഫ് റാങ്ക്, ഉയർന്ന QS റാങ്ക്, എ പ്ലസ് നാക് റാങ്ക് എന്നിവ നേടിയ കുസാറ്റിനെ ശ്രദ്ധേയമാക്കുന്നു. മെയിൻ ക്യാമ്പസിലെ സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ എല്ലാ ബിടെക് കോഴ്സുകളും എൻബിഎ അക്രഡിറ്റേഷൻ നേടി. മൂന്നു വർഷം ചാൻസലേഴ്സ് അവാർഡ് നേടി. സ്കൂൾ ഓഫ് മാനേജ്മെന്റ്‌ സ്റ്റഡീസ് മികച്ച 100 മാനേജ്മെന്റ്‌ ഇസ്റ്റിറ്റ്യൂട്ടുകളിൽ ഇടംനേടി പ്രധാന ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലായി കഴിഞ്ഞ രണ്ടു വർഷം 1648 പ്രബന്ധങ്ങളും 13,070 സൈറ്റേഷനുകളും നിലവിലുണ്ട്. കേന്ദ്ര സംസ്ഥാന ഏജൻസികളുടേതായി 79.23 കോടി രൂപ വരുന്ന 179 ഗവേഷണ പ്രോജക്ടുകൾ നിലവിലുണ്ട്.

വ്യവസായ സഹകരണം
യോജിച്ച ഗവേഷണ കേന്ദ്രത്തിനായി 20 കോടി രൂപയാണ് സിന്തെെറ്റ് ലിമിറ്റഡ് മുതൽമുടക്കിയത്. ജിയോജിത്ത് ഫിനാൻഷ്യൽ സർവീസുമായി ചേർന്ന് അഞ്ച് കോടി രൂപ ചെലവിൽ ഇഎസ്ജി സ്റ്റഡീസ് സെന്ററും ആരംഭിച്ചു. അപ്പോളോ ടയേഴ്സുമായി ചേർന്ന് പുതിയ കോഴ്സ്, എഫ്എസിടിയുടെ ഫാക്ട് ചെയർ പ്രൊഫസർഷിപ്പ് എന്നിവയും വ്യവസായ സഹകരണത്തിന്റെ മാതൃകകളാണ്. മുൻ നിരയിലുള്ള 31 വിദേശസ്ഥാപനങ്ങളുൾപ്പെടെ 76 വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളുമായി ധാരണപത്രമുണ്ട്. ഈ വർഷം പ്രവേശനത്തിന് അപേക്ഷിച്ചത് 1410 വിദേശ വിദ്യാർഥികളാണ്.

പ്ലെയ്‌സ്‌മെന്റ്
കഴിഞ്ഞ വർഷം 715 പേർക്ക് വൻകിട സ്ഥാപനങ്ങളിൽ പ്ലെയ്‌സ്‌മെന്റ് ലഭിച്ചു. ഇത് രാജ്യത്തെ ഉയർന്ന നിരക്കാണ്. പ്രതിവർഷം 40 ലക്ഷം രൂപയാണ് കൂടിയ വേതനം. പ്രൊഫഷണൽ കോഴ്സുകളിൽ 100 ശതമാനമാണ് പ്ലെയ്‌സ്‌മെന്റ്. നിലവിൽ 161 സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.  നാലു വർഷ ബിരുദം, ഇന്റഗ്രേറ്റഡ് പിജി, എംഎസ്‌സി ഫോറൻസിക് സയൻസ്, എംഎസ്‌സി എഐ, എക്സിക്യൂട്ടീവ് എംബിഎ എംടെക് പ്രോഗ്രാമുകൾ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എൽഎൽബി തുടങ്ങിയ പുതുതലമുറ കോഴ്സുകൾ ആരംഭിച്ചു.10 ഓൺലൈൻ കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്. വിദേശസ്ഥാപനങ്ങളിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാർഥികൾക്ക് ധനസഹായം, യുവ അധ്യാപകർക്ക് ഗവേഷണത്തിനായി സീഡ് മണി എന്നിവയും സർവകലാശാല നൽകുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top